ഫോം കൃത്യമായി 
പൂരിപ്പിക്കണം , ബന്ധുക്കളെ ലിങ്ക്‌ ചെയ്യാനുള്ള എല്ലാ 
സാധ്യതകളും 
പരിശോധിക്കണം

print edition എന്യൂമറേഷൻ ഫോം പൂരിപ്പിക്കൽ ; ‘ഒപ്പിട്ടുനൽകിയാൽ മതി' 
എന്നതിൽ അപകടക്കുരുക്ക്‌

sir
വെബ് ഡെസ്ക്

Published on Dec 04, 2025, 03:02 AM | 2 min read


തിരുവനന്തപുരം

എസ്‌ഐആറിൽ എന്യൂമറേഷൻ ഫോം ഒപ്പിട്ടു നൽകിയാൽ മതിയെന്നും അതോടെ കരട്‌ വോട്ടർപട്ടികയിൽ ഉൾപ്പെടുമെന്നുമുള്ള തെരഞ്ഞെടുപ്പ്‌ കമീഷന്റെ വാദത്തിൽ ആശയക്കുഴപ്പം. ഈ വാദത്തിൽ ഗുരുതര അപകടങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന്‌ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കമീഷന്റെ നിർദേശപ്രകാരം ഫോം പൂരിപ്പിക്കാതെ ഒപ്പിട്ടുനൽകുന്നവർ കരട്‌ പട്ടികയിൽ ഉൾപ്പെട്ടാലും പിന്നീടുള്ള ഹിയറിങ് നേരിടേണ്ടിവരും. അതിനാൽ കൃത്യമായി പൂരിപ്പിക്കുകയും ബന്ധുക്കളെ ലിങ്ക്‌ ചെയ്യാൻ കഴിയുന്ന സാധ്യതകൾ ഉണ്ടോ എന്ന്‌ പരിശോധിക്കുകയും ചെയ്യണം.


ചുരുങ്ങിയ ദിവസത്തിനകം അന്തിമ പട്ടിക പൂർത്തിയാക്കേണ്ടതിനാൽ, രേഖകളുമായി അതിവേഗം ഹാജരാകാനാകും വോട്ടർമാരോട് ആവശ്യപ്പെടുക. ലക്ഷക്കണക്കിന്‌ ആളുകളെ കുറഞ്ഞ സമയം കൊണ്ട് ഹിയറിങ് നടത്താൻ സാധിക്കുമോ എന്നതിൽ കമീഷന്‌ വ്യക്തതയുമില്ല. വിദേശത്തുള്ള വോട്ടർമാർ നേരിട്ട്‌ ഹാജരാകണമെന്ന്‌ നിർബന്ധം പിടിച്ചാൽ അത്‌ പ്രവാസികൾക്ക് വലിയ പ്രയാസമുണ്ടാക്കും. ജനങ്ങളെ ഒരു കേന്ദ്രത്തിൽ എത്തിച്ച്‌ മണിക്കൂറുകളോളം വരിനിർത്താനാണ്‌ ഉദേശമെങ്കിൽ ദുരന്തത്തിലേക്കും പോകാൻ സാധ്യതയുണ്ട്‌. ഇത്തരം പ്രതിസന്ധികളെ കമീഷൻ എങ്ങനെയാണ്‌ മറികടക്കുകയെന്നത്‌ വലിയ ചോദ്യമാണ്. രാഷ്ട്രീയ പാർടികളെയും ജനങ്ങളെയും വിശ്വാസത്തിലെടുത്ത്, സുതാര്യവും ലളിതവുമായ നടപടിക്രമങ്ങളിലൂടെ മാത്രമേ ഈ പുനഃപരിശോധന മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കൂ എന്നാണ്‌ കേരളത്തിന്റെ പൊതുനിലപാട്‌.


എസ്‌ഐആറിൽ പരിഭ്രാന്തി; കിളിപാറി ബിഎൽഒമാർ

വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനയുമായി ബന്ധപ്പെട്ട്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ നടപ്പാക്കുന്ന നടപടികളിലെ അവ്യക്തത ജനങ്ങളിൽ പരിഭ്രാന്തിയുണ്ടാക്കുന്നതായി ആക്ഷേപം. ഭയത്തോടെയും വൈകാരികമായും സംസാരിക്കുന്ന നിരവധി മെസേജാണ്‌ ഓരോ പ്രദേശത്തെയും വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ പ്രചരിക്കുന്നത്‌. ഇത്‌ കേൾക്കുന്ന മറ്റു വോട്ടർമാർക്കും ബിഎൽഒമാർക്കും കൃത്യമായ മറുപടി നൽകാനും കഴിയുന്നില്ല. ജനങ്ങളെ ബോധവൽക്കരിക്കാതെയും പാർടികളുമായി കൂടിയാലോചന നടത്താതെയുമുള്ള ഏകപക്ഷീയ ഇടപെടലാണ്‌ ഇ‍ൗ പ്രശ്നത്തിലേക്ക്‌ നയിച്ചത്‌.


വർഷങ്ങൾക്കുശേഷം നടപ്പാക്കുന്ന നിർണായക പ്രവർത്തനങ്ങളിൽ ഉദ്യോഗസ്ഥർക്കെങ്കിലും വ്യക്തതയുണ്ടാകുമെന്നാണ്‌ ജനങ്ങൾ പ്രതീക്ഷിക്കുന്നത്‌. എന്നാൽ, എസ്‌ഐആറിന്റെ കാര്യത്തിൽ അത്തരമൊരു പ്രതീക്ഷയ്ക്ക്‌ വകയില്ല. ബിഎൽഒമാർക്ക്‌ കൃത്യമായ പരിശീലനം നൽകിയിട്ടില്ല. കൂടാതെ എന്യൂമറേഷൻ ഫോമിൽ അടിമുടി ആശയക്കുഴപ്പമാണ്. ഒരു ചോദ്യങ്ങളും കൃത്യമായി എഴുതിയിട്ടില്ലാത്തതിനാൽ, എങ്ങനെ പൂരിപ്പിക്കണമെന്നതിനെക്കുറിച്ച് വോട്ടർമാർക്ക് വ്യക്തമായ ധാരണയില്ല. ചെറിയ മാറ്റം വരുത്തി ലളിതമാക്കിയാൽ ലക്ഷക്കണക്കിന്‌ വോട്ടർമാരുടെ ആശങ്ക ഒഴിവാക്കാനാകും. ഭാഷാന്യൂനപക്ഷങ്ങളുടെ പ്രശ്നത്തിനും പരിഹാരമായില്ല. 2002ലെ വോട്ടർപട്ടികയിലെ വിവരങ്ങൾ പരിശോധിക്കുമ്പോൾ ഇവരിൽ പലരുടേയും വോട്ട്‌ തമിഴ്നാട്ടിലും കർണാടകത്തിലുമാണ്‌. അതതിടത്തെ ഭാഷയിൽ എന്യൂമറേഷൻ ഫോം പൂരിപ്പിക്കാൻ കഴിയുമോ എന്ന സംശയവും ചിലർ ചോദിക്കുന്നുണ്ട്‌.


കണ്ടെത്താൻ കഴിയാത്തവർ 
17 ലക്ഷത്തിലേക്ക്‌

വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനയിൽ കണ്ടെത്താനാകാത്തവരുടെ എണ്ണം കുതിച്ചുയരുന്നു. ബുധൻ വൈകിട്ട്‌ ആറുവരെ 16,32,547 പേരെ കണ്ടെത്താനായില്ലെന്ന്‌ ബിഎൽഒമാർ റിപ്പോർട്ട്‌ നൽകി. "താമസം മാറിയവർ, ഇരട്ടിപ്പ് വന്നവർ, മറ്റുള്ളവർ’ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായാണ്‌ ഇവരെ ഉൾപ്പെടുത്തുന്നത്‌. എന്നാൽ ബിഎൽഒമാർ നേരിടുന്ന കടുത്ത സമ്മർദവും പരിശീലനക്കുറവും ലക്ഷക്കണക്കിനുപേരെ പട്ടികയിൽനിന്ന് ഒഴിവാക്കുന്നതിന് കാരണമാകുമെന്ന്‌ ആക്ഷേപമുയരുന്നുണ്ട്‌. ഫോം വിതരണത്തിൽ പരിശോധന നടത്താതെ വോട്ടർമാരെ ‘കണ്ടെത്താൻ കഴിയാത്തവർ' എന്ന വിഭാഗത്തിൽപ്പെടുത്തിയെന്ന പരാതിയുണ്ട്‌. ജോലിയുടെ ഭാഗമായി നഗരങ്ങളിൽ താമസിച്ച് ക്വാർട്ടേഴ്സുകളിലും മറ്റും കഴിയുന്നവർ, ബന്ധുവീടുകളിലേക്ക് മാറിയവർ എന്നിവർക്ക്‌ ഫോം ലഭിച്ചിട്ടില്ല.


പ്രത്യേക മതവിഭാഗത്തെ 
ഒഴിവാക്കില്ല: സിഇഒ

പ്രത്യേക മത – സാമുദായിക വിഭാഗങ്ങളെ വോട്ടർപ്പട്ടികയിൽനിന്ന് ഒഴിവാക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ ശ്രമിക്കുന്നുവെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന്‌ മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസർ രത്തൻ യു കേൽക്കർ. എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് ഒപ്പിട്ട് നൽകിയിട്ടുള്ള എല്ലാവരും കരട് പട്ടികയിൽ ഉണ്ടാകും. തൃശൂർ വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ ബിഎൽഒക്കും കൊടുങ്ങല്ലൂർ തഹസിൽദാർക്കുമെതിരെ വാട്‌സാപ്പിലൂടെ പ്രചരിക്കുന്ന ശബ്ദസന്ദേശം അടിസ്ഥാനരഹിതവും തെറ്റിദ്ധാരണ പരത്തുന്നതുമാണ്. ഈ സന്ദേശം സൈബർ സെല്ലിന് കൈമാറിയിട്ടുണ്ടെന്നും സിഇഒ രത്തൻ യു കേൽക്കർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home