print edition കോട്ട പിടിക്കാൻ

മലപ്പുറം ചെമ്മങ്കടവിലെ പ്രചാരണം / ഫോട്ടോ : കെ ഷെമീർ
സി പ്രജോഷ് കുമാർ
Published on Nov 27, 2025, 04:31 AM | 1 min read
മലപ്പുറം
മലപ്പുറം നഗരസഭയിൽ 33–ാം വാർഡിൽ സ്ഥാനാർഥി പ്രഖ്യാപനം കഴിഞ്ഞ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്‌ഘാടനവും കഴിഞ്ഞു. ലീഗ് സ്ഥാനാർഥി പ്രചാരണവും തുടങ്ങി. ഇതിനിടെ പാണക്കാടുനിന്ന് കൽപ്പനവന്നു. വാർഡ് ജമാഅത്തെ ഇസ്ലാമിയുടെ വെൽഫെയർ സ്ഥാനാർഥിക്ക്. ചുവരെഴുത്ത് മായ്‌ക്കാനും റീൽസുകൾ ഡിലീറ്റാക്കാനുമുള്ള പെടാപ്പാടിലാണിപ്പോൾ. സ്വന്തമെന്ന് കരുതിയ മലപ്പുറം കോട്ടയിലെ വിള്ളൽകണ്ട് ജമാഅത്തെ ഇസ്ലാമി ഉൾപ്പെടെ മതതീവ്രവാദ കക്ഷികളുമായി സഖ്യമുണ്ടാക്കി രക്ഷപ്പെടാനാണ് യുഡിഎഫ് ശ്രമം.
അതിനിടയിൽ ലീഗ്– കോൺഗ്രസ് തർക്കവും വിമത ശല്യവും നേതാക്കളുടെ രാജിയും ഉറക്കംകെടുത്തുന്നു. എൽഡിഎഫാകട്ടെ ചിട്ടയായ പ്രവർത്തനത്തിലൂടെ പ്രചാരണ രംഗത്ത് ബഹുദൂരം മുന്നേറി.

സ്ഥാനാർഥി നിർണയത്തോടെ മുമ്പെങ്ങുമില്ലാത്ത പ്രതിഷേധമാണ് ലീഗിലും കോൺഗ്രസിലും ഉയർന്നത്. മുന്നണി സംവിധാനം പലയിടത്തും താറുമാറായി. ജമാഅത്തെ ഇസ്ലാമിയെ ഒപ്പംകൂട്ടിയതിനെച്ചൊല്ലി ഇരു പാർടികളിലും പ്രതിഷേധം കനത്തു.
നിരവധി നേതാക്കൾ രാജിവച്ചു. ലീഗിലെ അടി പലയിടത്തും തെരുവിലെത്തി. തിരൂരങ്ങാടിയിൽ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി എം എ സലാമിന്റെ വാർഡിൽപോലും വനിതാ ലീഗ് നേതാവ് വിമതയാണ്. ലീഗ് ഭരിക്കുന്ന ജില്ലാ പഞ്ചായത്തിലെ അഴിമതി ചർച്ചയാണ്. കോടികളുടെ അഴിമതിയിൽ ലീഗ് അംഗം ജയിലിലായി. മറ്റൊരംഗം സ്വർണക്കടത്ത് കേസിൽ പിടിയിലായി.
യുഡിഎഫിന്റെ വികസന വിരുദ്ധതതയും അഴിമതിയും ചൂണ്ടിക്കാട്ടിയാണ് എൽഡിഎഫ് പ്രചാരണം. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ വോട്ടാകുമെന്ന് എൽഡിഎഫ് കരുതുന്നു. സ്ഥാനാർഥികൾ ഒന്നാംഘട്ട പര്യടനം പൂർത്തിയാക്കി.
പഞ്ചായത്ത്, മുനിസിപ്പൽ കൺവൻഷനുകൾ പൂർത്തിയായി. പ്രമുഖ നേതാക്കൾകൂടി പ്രചാരണത്തിനെത്തുന്നതോടെ ക്യാമ്പുകൾ കൂടുതൽ സജീവമാകും. യുവജനങ്ങൾക്കും പരിചയസമ്പന്നർക്കും ഒരുപോലെ പരിഗണന നൽകിയാണ് എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.









0 comments