രാജ്യതലസ്ഥാനത്ത് വിവിധ തൊഴിൽകേന്ദ്രങ്ങളിൽ നിന്നായി നൂറുകണക്കിന് തൊഴിലാളികൾ പങ്കെടുത്തു
print edition തൊഴിലാളിവിരുദ്ധ ലേബര്‍ കോഡ് ; ഡല്‍ഹിയില്‍ അലയടിച്ച് പ്രതിഷേധം

ലേബര്‍ കോഡിനെതിരെ ഡൽഹി ജന്തർ മന്തറില്‍ പ്രതിഷേധിക്കുന്ന തൊഴിലാളികളും കർഷകരും
ന്യൂഡൽഹി
രാജ്യതലസ്ഥാനമായ ഡൽഹിയിൽ പാർലമെന്റ് സ്‌ട്രീറ്റിലെ ജന്തർ മന്തറിലാണ് മോദി സർക്കാരിനെതിരായി പ്രതിഷേധിക്കാൻ തൊഴിലാളികളും കർഷകരും അണിനിരന്നത്. രാജ്യതലസ്ഥാന മേഖലയിലെ വിവിധ തൊഴിൽകേന്ദ്രങ്ങളിൽ നിന്നായി നൂറുക്കണക്കിന് തൊഴിലാളികൾ ലേബർ കോഡുകൾക്കെതിരായി മുദ്രാവാക്യങ്ങൾ മുഴക്കിയും പ്ലക്കാർഡുകൾ ഉയർത്തിയും പ്രതിഷേധിച്ചു. കർഷകസംഘടനാ പ്രതിനിധികളും കർഷകത്തൊഴിലാളി സംഘടനാ പ്രതിനിധികളും അണിചേർന്നു.
സുദീപ് ദത്ത (സിഐടിയു), അമർജീത് കൗർ (എഐടിയുസി), രാജീവ് ദിമ്രി (എഐസിസിടിയു), ഋഷിപാൽ (ഐഎൻടിയുസി), ആർ എസ് ദാഗർ (യുടിയുസി), ഉഷ (സേവ), നാരായൺ സിങ് (എച്ച്‌എംഎസ്), ആർ കെ ശർമ (എഐയുടിയുസി) തുടങ്ങിയ ട്രേഡ്‌യൂണിയൻ നേതാക്കൾ അഭിവാദ്യം ചെയ്‌തു.
കർഷകസംഘടനകളെ പ്രതിനിധീകരിച്ച് അശോക് ധാവ്‌ളെ, ഹന്നൻ മൊള്ള (കിസാൻസഭ), പുരുഷോത്തം ശർമ, സുരേഷ് ചില്ലർ തുടങ്ങിയവരും സംസാരിച്ചു. കൊൽക്കത്തയിൽ ധരംത്തല റാണി റാഷ്‌മണി റോഡിൽ ഇടതുപക്ഷ തൊഴിൽ കർഷക സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഷേധ റാലിയിൽ ആയിരങ്ങൾ അണിനിരന്നു.
സിഐടിയു നേതാക്കൾ പഞ്ചാബിൽ
സിഐടിയു പ്രസിഡന്റ് കെ ഹേമലതയും ജനറൽ സെക്രട്ടറി തപൻ സെന്നും പഞ്ചാബിലെ സംഗ്രൂരിൽ പ്രക്ഷോഭത്തിൽ പങ്കാളികളായി. പഞ്ചാബ് സിഐടിയുവിന്റെ 17–ാമത് സംസ്ഥാന സമ്മേളനം സംഗ്രൂരിൽ നടന്നുവരികയാണ്. പ്രക്ഷോഭത്തിൽ സമ്മേളനപ്രതിനിധികളടക്കം പങ്കുചേർന്നു. പഞ്ചാബിലെ മറ്റ് ജില്ലാ ആസ്ഥാനങ്ങളിലും തൊഴിലിടങ്ങളിലും ചണ്ഡിഗഡിലും കർഷകരും തൊഴിലാളികളും സംയുക്തമായി പ്രക്ഷോഭം സംഘടിപ്പിച്ചു. ലേബർ കോഡുകളുടെ പകർപ്പുകൾ കത്തിച്ച് പ്രതിഷേധിച്ചു.
രാഷ്ട്രപതിക്ക് നിവേദനം കൈമാറി
തൊഴിലാളിദ്രോഹ ലേബർ കോഡുകൾ പിൻവലിക്കുന്നത് ഉൾപ്പെടെ 16 ആവശ്യങ്ങളടങ്ങിയ സംയുക്ത നിവേദനം കേന്ദ്ര ട്രേഡ്‌യൂണിയനുകളും കർഷകസംഘടകളും രാഷ്ട്രപതി ദ്രൗപദി മുർമുവിന് സമർപ്പിച്ചു. വിവിധ സംസ്ഥാനങ്ങളിലെ സമരകേന്ദ്രങ്ങളിൽ ജില്ലാ കലക്ടർമാർ വഴിയാണ് സമഗ്രമായ നിവേദനം രാഷ്ട്രപതിക്ക് കൈമാറിയത്. മോദി സർക്കാരിന്റെ തൊഴിലാളി– കർഷകദ്രോഹ നിലപാടുകളും നടപടികളും നിവേദനത്തിൽ വിശദീകരിച്ചു. കഴിഞ്ഞ ദിവസം പ്രാബല്യത്തിലാക്കിയ നാല് ലേബർ കോഡുകൾ പിൻവലിക്കണം എന്നത് തന്നെയാണ് ആവശ്യങ്ങളിൽ മുഖ്യം. ഒപ്പം സ്വാമിനാഥൻ കമീഷൻ ശുപാർശപ്രകാരമുള്ള മിനിമം താങ്ങുവില നിയമാനുസൃതമായി ഉറപ്പുവരുത്തണമെന്നതും ഉന്നയിച്ചിട്ടുണ്ട്. മിനിമം കൂലി പ്രതിമാസം 26000 രൂപയായി ഉയർത്തുക, പതിനായിരം രൂപ കുറഞ്ഞ പെൻഷൻ ഉറപ്പുവരുത്തുക, എല്ലാ തൊഴിലാളികൾക്കും സാമൂഹ്യസുരക്ഷ ഉറപ്പാക്കുക, കർഷകർക്കായി സമഗ്രമായ വായ്‌പായിളവ് പദ്ധതി നടപ്പാക്കുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, തൊഴിലുറപ്പ് പദ്ധതിയിൽ 200 തൊഴിൽ ദിനങ്ങളും 700 രൂപ വേതനവും ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിലുണ്ട്.
ആവശ്യങ്ങളുടെ പ്രാധാന്യം മോദി സർക്കാരിനെ ധരിപ്പിക്കണമെന്നും ഇവ അംഗീകരിപ്പിക്കുന്നതിനായി സർക്കാരിൽ സമ്മർദം ചെലുത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. തൊഴിലാളികളുടെയും കർഷകരുടെയും ആവശ്യങ്ങൾക്കൊപ്പം യുവാക്കൾ അഭിമുഖീകരിക്കുന്ന കടുത്ത തൊഴിലില്ലായ്‌മ അടക്കമുള്ള വിഷയങ്ങളും നിവേദനത്തിൽ പ്രതിപാദിക്കുന്നു. ബ്രിട്ടീഷ് കാലം മുതൽ 150 വർഷം നീണ്ട സമരപോരാട്ടങ്ങളിലൂടെ ഇന്ത്യൻ തൊഴിലാളി വർഗം നേടിയെടുത്ത അവകാശങ്ങളാണ് നാല് ലേബർ കോഡുകളിലൂടെ ഒറ്റയടിക്ക് അട്ടിമറിച്ചതെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.








0 comments