യുഎന്‍ നഗരവല്‍ക്കരണ റിപ്പോര്‍ട്ട്
print edition വീര്‍പ്പുമുട്ടി നഗരങ്ങള്‍ ; ലോകജനസംഖ്യയുടെ 45 ശതമാനവും നഗരങ്ങളില്‍

ന്യൂയോർക്ക്
ലോകജനസംഖ്യയുടെ 45 ശതമാനവും അധിവസിക്കുന്നത് നഗരങ്ങളിലെന്ന് യുഎന്‍ റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നഗരമായി ഇന്‍ഡോനേഷ്യൻ തലസ്ഥാനമായ ജക്കാർത്ത മാറി. യുഎന്നിന്റെ പുതിയ നഗരവത്കരണ റിപ്പോർട്ട് പ്രകാരം 4.19 കോടി ആളുകളാണ് ജക്കാര്‍ത്തയില്‍ തിങ്ങിനിറഞ്ഞ് ജീവിക്കുന്നത്. 3.66 കോടി പേര്‍ അധിവസിക്കുന്ന ധാക്കയാണ് രണ്ടാമത്. 2000ലെ യുഎന്നിന്റെ റിപ്പോര്‍ട്ട് പ്രകാരം ടോക്യോ ആയിരുന്നു ഏറ്റവും കൂടുതല്‍ ജനങ്ങളുള്ള നഗരം. പുതിയ റിപ്പോര്‍ട്ടില്‍ ടോക്യോ മൂന്നാമതാണ്. 3.2 കോടി പേര്‍ തിങ്ങിനിറഞ്ഞ ന്യൂഡല്‍ഹിയാണ് നാലാമത്. രണ്ടേകാല്‍ കോടി ജനങ്ങളുള്ള കൊല്‍ക്കത്ത എട്ടാമതും. ഇന്ത്യയിൽ 58 കോടിപേര്‍ നഗരവാസികളാണ്.
യുഎന്നിന്റെ വേൾഡ് അർബനൈസേഷൻ പ്രോസ്‌പെക്റ്റ്സ് 2025 റിപ്പോർട്ട് പ്രകാരം ഒരു കോടിയിലധികം നഗരവാസികളുള്ള വൻനഗരങ്ങളുടെ എണ്ണം -33 ആയി. ഇതിൽ 19ഉം ഏഷ്യയിൽ. ഒരു കോടിക്ക് മേല്‍ ജനസംഖ്യയുള്ള അഞ്ച് നഗരങ്ങള്‍ ഇന്ത്യയിലുണ്ട്. ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള ആദ്യ 10 നഗരങ്ങളിൽ നാലെണ്ണം ഇന്ത്യയിൽ; മുംബൈ, സൂറത്ത്, അഹമ്മദാബാദ്, ബംഗളൂരു എന്നിവ.
വൻനഗരങ്ങളെക്കാള്‍ കൂടുതല്‍ ആളുകള്‍ ചെറുനഗരങ്ങളിലാണ്. നഗരവാസികളുടെ എണ്ണം ദിനംപ്രതി കുതിച്ചുയരുന്നു. 2025-നും 2050-നും ഇടയിൽ ലോകത്ത് നഗരവാസികളുടെ എണ്ണത്തിലുണ്ടാകുന്ന വർധനവിന്റെ പകുതിയിലധികം ഏഴ് രാജ്യങ്ങളിൽ നിന്നാകും. അതില്‍ മുന്നിൽ ഇന്ത്യ.
ജക്കാർത്തയുടെ നാലിലൊന്ന് ഭാഗവും 2050 ആകുമ്പോഴേക്കും വെള്ളത്തിനടിയിലാകുമെന്ന ആശങ്കാജനകമായ വിവരവും റിപ്പോർട്ടിലുണ്ട്. കഴിഞ്ഞതവണ ഒമ്പതാം സ്ഥാനത്തുനിന്ന് ഇത്തവണ രണ്ടാം സ്ഥാനത്തെത്തിയ ധാക്ക 2050 ആകുമ്പോഴേക്കും ജനസംഖ്യയില്‍ ലോകത്തിലെ ഏറ്റവും വലിയ നഗരമാകുമെന്നും പുതിയ റിപ്പോര്‍ട്ടിലുണ്ട്. വെള്ളപ്പൊക്കവും സമുദ്രനിരപ്പ് ഉയരുന്നതും കാരണം ഗ്രാമപ്രങ്ങളിൽനിന്ന് പതിനായിരങ്ങള്‍ നഗരത്തിലേക്ക് കുടിയേറിയതിനാണ് പൊടുന്നനെ ധാക്ക രണ്ടാം സ്ഥാനത്തെത്താന്‍ കാരണം.








0 comments