എസ്‌ഐആർ: തെരഞ്ഞെടുപ്പ് കമീഷൻ മറുപടി നൽകണം
print edition എസ്‌ഐആർ ഫോം വിതരണത്തിൽ വൻവീഴ്‌ച ; ഡിജിറ്റൈസേഷനും ഇഴയുന്നു

തിരുവനന്തപുരം:
ലക്ഷക്കണക്കിന് വോട്ടർമാർക്ക് എന്യൂമറേഷൻ ഫോം നൽകാതെ തിടുക്കപ്പെട്ട് നടപ്പാക്കുന്ന വോട്ടർപട്ടിക തീവ്ര പുനഃപരിശോധന കേരളത്തിൽ അവതാളത്തിൽ. മറ്റു സംസ്ഥാനങ്ങളിൽ 99 ശതമാനം ഫോം വിതരണം ചെയ്തപ്പോൾ കേരളത്തിൽ 97.53 ശതമാനം മാത്രമാണ് നൽകിയത്. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ധൃതിപിടിച്ച് നടപ്പാക്കിയതാണ് പ്രതിസന്ധിക്ക് കാരണം. ഫോം വിതരണത്തിലെ പിഴവിന് പുറമെ, ഡിജിറ്റൈസ് ചെയ്യുന്നതിലും വൻ വീഴ്‌ചയാണ്.
ചൊവ്വ വൈകിട്ടുവരെയുള്ള കണക്ക് പ്രകാരം, 35.90 ശതമാനം മാത്രമാണ് ഡിജിറ്റൈസ് ചെയ്തത്.
ഈ വീഴ്ച മറയ്ക്കാൻ സ്കൂൾ കുട്ടികളെ ഇറക്കി ബിഎൽഒമാരുടെ ജോലി ചെയ്യിക്കാനാണ് കമീഷൻ ശ്രമിക്കുന്നത്. കുട്ടികളുടെ പഠനസമയം കവരുന്നതിനെതിരെ രക്ഷിതാക്കളും വിദ്യാർഥി സംഘടനകളും അധ്യാപകരും പ്രതിഷേധത്തിലാണ്. എല്ലാ തിരഞ്ഞെടുപ്പുകളിലും കൃത്യമായി വോട്ട് കൂട്ടിച്ചേർക്കുകയും മരിച്ചവരെ ഒഴിവാക്കുകയും ചെയ്യുന്നതിൽ മാതൃകയായിരുന്ന സംസ്ഥാനമാണ് കേരളം. എന്നാൽ, കമീഷന്റെ ആസൂത്രണപ്പിഴവ് കാരണം വോട്ടർപ്പട്ടികയിൽ പിഴവ് വരുമോ എന്ന ആശങ്കയുണ്ട്.
എസ്‌ഐആർ: തെരഞ്ഞെടുപ്പ് കമീഷൻ മറുപടി നൽകണം
കേരളത്തിൽ വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന (എസ്‌ഐആർ) ധൃതിപിടിച്ച് നടത്തുന്നത് ചോദ്യംചെയ്‌ത് സംസ്ഥാന സർക്കാർ ഉൾപ്പെടെ നൽകിയ ഹർജികളിൽ തെരഞ്ഞെടുപ്പ് കമീഷനോട് സത്യവാങ്‌മൂലം സമർപ്പിക്കാൻ സുപ്രീംകോടതി. തൽസ്ഥിതി റിപ്പോർട്ട് നൽകാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനോടും നിർദേശിച്ചു. ഡിസംബർ രണ്ടിന് കേസ് പരിഗണിക്കും. ഒന്നിനകം സത്യവാങ്‌മൂലവും റിപ്പോർട്ടും നൽകാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ്‌മാല്യ ബാഗ്‌ചിയും നിർദേശിച്ചു.
മറുപടി നൽകാൻ ഇത്രയും സമയം ആവശ്യമില്ലെന്നും ഉടൻ വാദം വേണമെന്നും സംസ്ഥാന സർക്കാരിനായി കപിൽ സിബൽ ആവശ്യപ്പെട്ടു. അതേസമയം, വലിയ സംഘം ഉദ്യോഗസ്ഥരെ ആവശ്യമില്ലെന്നും സംസ്ഥാനത്ത് പ്രശ്‌നങ്ങളില്ലെന്നും കമീഷൻ അഭിഭാഷകൻ രാകേഷ് ദ്വിവേദി വാദിച്ചു. കേരളത്തിൽ 99 ശതമാനം എന്യൂമറേഷൻ ഫോമുകളും വിതരണംചെയ്‌തു. 50 ശതമാനം അപ്‌ലോഡ് ചെയ്‌തു. കമീഷനുമുന്നിൽ തടസ്സങ്ങളൊന്നുമില്ല –ദ്വിവേദി പറഞ്ഞു. കമീഷൻ പറയുന്നതല്ല താഴെത്തട്ടിലെ യാഥാർഥ്യമെന്നും വൻതോതിൽ ഉദ്യോഗസ്ഥരെ ആവശ്യമായ എസ്‌ഐആർ പ്രക്രിയ നീട്ടിവയ്‌ക്കുന്നതിൽ അടിയന്തരവാദം വേണമെന്നും സിബൽ പറഞ്ഞു.
ഡിസംബർ ഒൻപതിന് കേസ് പരിഗണിക്കാമെന്ന് കോടതി നിർദേശിച്ചപ്പോൾ തദ്ദേശ തെരഞ്ഞെടുപ്പിൽ ആദ്യഘട്ട വോട്ടെടുപ്പ് അതേ ദിവസമാണെന്ന് സിബലും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുവേണ്ടി ഹാജരായ അഭിഭാഷകൻ രഞ്ജിത് കുമാറും അറിയിച്ചു. തുടർന്നാണ് രണ്ടിലേക്ക് തീരുമാനിച്ചത്. സംസ്ഥാന സർക്കാരും സിപിഐ എം, സിപിഐ, കോൺഗ്രസ്, മുസ്ലിം ലീഗ് എന്നീ പാർടികളുമാണ് ഹർജിക്കാർ.
ഫോം ബിഎൽഒ അപ്‌ലോഡ് ചെയ്തോയെന്ന് പരിശോധിക്കാം
എന്യൂമറേഷൻ ഫോം വിതരണവും പൂരിപ്പിച്ച ഫോമുകളുടെ ഡിജിറ്റൈസേഷനും സംസ്ഥാനത്ത് പുരോഗമിക്കുന്പോൾ, പൂരിപ്പിച്ച ഫോം ബിഎൽഒ കൃത്യമായാണോ അപ്‌ലോഡ് ചെയ്തത് എന്ന് പരിശോധിക്കാൻ വോട്ടർമാർക്ക് അവസരം. voters.eci.gov.in വെബ്സൈറ്റിൽ എസ്ഐആർ 2026 എന്നതിൽ ‘ഫിൽ എന്യൂമറേഷൻ ഫോം’ എന്ന ഭാഗത്താണ് പരിശോധിക്കാവുന്നത്.
ഇതിനായി വോട്ടർ ഐഡിയും ഒടിപിയും ഉപയോഗിച്ച് ലോഗിൻ ചെയ്യാം. ഹോം പേജിൽനിന്ന് വീണ്ടും ‘ഫിൽ എന്യൂമറേഷൻ ഫോം’ ഓപ്ഷൻ എടുക്കുക. സംസ്ഥാനം തെരഞ്ഞെടുത്ത് ,വീണ്ടും വോട്ടർ ഐഡി നമ്പർ നൽകുന്നതോടെ ഫോം ബിഎൽഒ നൽകിയിട്ടുണ്ടോ എന്നു മനസിലാക്കാം. തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും മൊബൈൽ നമ്പറും ലിങ്ക് ചെയ്തിരിക്കണം എന്ന നിബന്ധനയുണ്ട്. ഓൺലൈനായി പൂരിപ്പിച്ചവർക്കും പരിശോധിക്കാനാകും. എന്നാൽ, കമീഷന്റെ വെബ്‌സൈറ്റ് പലപ്പോഴും പ്രവർത്തിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.









0 comments