കറുകുറ്റി മാറ്റത്തിന്‌ തയ്യാർ

Karukutty Panchayath Local Body Election
avatar
വർഗീസ്‌ പുതുശേരി

Published on Nov 27, 2025, 03:55 AM | 1 min read


അങ്കമാലി

സമഗ്ര വികസനത്തിന് പുതിയ ദിശാബോധം നൽകി ജില്ലാപഞ്ചായത്ത് കറുകുറ്റി ഡിവിഷനിൽ എൽഡിഎഫ്‌ സ്ഥാനാർഥി സി എം സാബുവിന്റെ മുന്നേറ്റം. യുഡിഎഫ്‌ ജില്ലാപഞ്ചായത്ത്‌ ഭരണം സമ്മാനിച്ച വികസനമുരടിപ്പാണ് ഡിവിഷനിൽ ചർച്ച. മാറ്റത്തിനായി വോട്ടർമാർ തയ്യാറായതിന്റെ സൂചനകളാണ് എവിടെയും. കറുകുറ്റി പഞ്ചായത്തിലെ 10 വാർഡുകളും മൂക്കന്നൂരിലെ എട്ടും, തുറവൂരിലെ ആറും നെടുമ്പാശേരിയിലെ നാലും കുന്നുകരയിലെ എട്ടും പാറക്കടവ് പഞ്ചായത്ത് പൂർണമായും (20 വാർഡുകൾ) അടങ്ങുന്നതാണ് ഡിവിഷൻ.


കാർഷിക മേഖലയായ ഇവിടെ കുടിവെള്ളക്ഷാമം പരിഹരിക്കാനോ കൃഷിക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനോ യുഡിഎഫിനായില്ല. ഐടി അനുബന്ധ വ്യവസായങ്ങളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും കേരളത്തിന്റെ ആരോഗ്യരംഗത്തിന്റെ വികസനക്കുതിപ്പിലും കറുകുറ്റിക്ക് സ്ഥാനമില്ല. വിനോദസഞ്ചാരത്തിന്‌ ഏറെ സാധ്യതയുള്ള അങ്കമാലി -മാഞ്ഞാലി തോടിന്റെ വികസനത്തിനായി ചെറുവിരൽപോലും അനക്കാൻ യുഡിഎഫ്‌ ഭരണസമിതിക്ക്‌ കഴിഞ്ഞില്ല.


പാറക്കടവ് കുറുമശേരി ചീരകത്തൽ വീട്ടിൽ സാബു വിദ്യാർഥി പ്രസ്ഥാനത്തിലൂടെ കടന്നുവന്നയാളാണ്‌. എറണാകുളം മഹാരാജാസ് കോളേജ്‌ ചെയർമാനായിരുന്ന സാബു അയർലൻഡിലെ ഇടതുപക്ഷ കൂട്ടായ്മമ ക്രാന്തിയുടെ സ്ഥാപക സെക്രട്ടറിയാണ്‌. പാറക്കടവ് സഹകരണ ബാങ്ക് ബോർഡ് അംഗം, പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ച അനുഭവസമ്പത്തുമായാണ് സാബു ജനവിധി തേടുന്നത്. അയർലൻഡിൽ നഴ്സായ ഷൈബിയാണ്‌ ഭാര്യ. മക്കൾ: അനഘ, എയ്ഡൻ (വിദ്യാർഥികൾ).


കറുകുറ്റി പഞ്ചായത്ത് വൈസ് പ്രസിഡന്റായ ഷൈജോ പറമ്പിയാണ് യുഡിഎഫ് സ്ഥാനാർഥി. 2005–-10ൽ കറുകുറ്റി പഞ്ചായത്ത് അംഗമായ ഷൈജോ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയാണ്. ലാലു ജോർജാണ് എൻഡിഎ സ്ഥാനാർഥി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home