നിഷേധിക്കാതെ രാജീവ് ചന്ദ്രശേഖർ, ഹോമം രാജീവ്‌ചന്ദ്രശേഖറുടെ നേതൃത്വത്തിൽ , നേതാക്കളുടെ ആത്മഹത്യ ശത്രുദോഷംകൊണ്ടെന്ന്
print edition ‘പ്രേതബാധയും ആത്മഹത്യയും’ ; മാരാർജി ഭവനിൽ ശത്രുസംഹാര ഹോമം

ബിമൽ പേരയം
Published on Nov 27, 2025, 03:02 AM | 1 min read
തിരുവനന്തപുരം
പ്രേതബാധയകറ്റാനും ശത്രുദോഷം തീർക്കാനും ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസായ തിരുവനന്തപുരം മാരാർജി ഭവനിൽ പൂജയും ഹോമവും. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലായിരുന്നു ഇത്. സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റെടുത്തശേഷം തുടർച്ചയായ വിവാദങ്ങളാണ് ബിജെപിക്ക് നേരിടേണ്ടിവന്നത്.
രണ്ടുമാസത്തിനിടെ ജില്ലാ ജനറൽ സെക്രട്ടറിയും കൗൺസിലറുമായ തിരുമല അനിൽ, ആർഎസ്‌എസ് നേതാവ് ആനന്ദ് കെ തന്പി, ആർഎസ്‌എസ് ശാഖയിൽ ലൈംഗിക പീഡനത്തിന് ഇരയായ കോട്ടയം സ്വദേശി അനന്തു അജി എന്നിവരാർ ആത്മഹത്യ ചെയ്തു. തെരഞ്ഞെടുപ്പ് സ്ഥാനാർഥിയായ മഹിളാമോർച്ച നേതാവ് നെടുമങ്ങാട് സ്വദേശി ശാലിനിയും ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
രാജീവ് ചന്ദ്രശേഖറിന്റെ പേരിൽ കർണാടകത്തിലെ 500 കോടി രൂപയുടെ ഭൂമി കൂഭകോണം ആരോപണങ്ങളും സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷിന്റെ പേരിൽ 43 ലക്ഷം രൂപയുടെ വായ്‌പ തട്ടിപ്പും എം എസ് കുമാറിന്റെ വെളിപ്പെടുത്തലും പുറത്തുവന്നു. വിവാദങ്ങൾക്കൊന്നും മറുപടി പറയാൻ നേതാക്കൾക്ക് കഴിഞ്ഞില്ല. തുടർച്ചയായ വിവാദങ്ങളും ദുർമരണങ്ങളും ഒഴിവാക്കാൻ തെരഞ്ഞെടുപ്പിനുമുന്പ് ശത്രുപൂജ നടത്തണമെന്ന സുരേഷിന്റെ നിർദേശപ്രകാരമായിരുന്നു ഹോമം. പൂജാരിയെ എത്തിച്ചതും സുരേഷാണ്.
കെ സുരേന്ദ്രനും വി മുരളീധരനും പങ്കെടുത്തില്ല. സംസ്ഥാന ഓഫീസിന്റെ പ്രവർത്തനം മാരാർജി ഭവനിൽ ആരംഭിച്ചെങ്കിലും ഉദ്‌ഘാടനം ചെയ്തിട്ടില്ല. തറവാടിന് ശത്രുദോഷമുള്ളതിനാലാണ് ഇവിടെ ചേരുന്ന പല യോഗങ്ങളിൽനിന്നും മുരളീധരനും സുരേന്ദ്രനും മാറിനിൽക്കുന്നതെന്നാണ് ചില പ്രവർത്തകർ പറയുന്നത്. ആദ്യമായാണ് കേരളത്തിൽ ഒരു പാർടിയുടെ സംസ്ഥാന കാര്യാലയത്തിൽ ഹോമം നടത്തുന്നത്.
നിഷേധിക്കാതെ രാജീവ് ചന്ദ്രശേഖർ
തദ്ദേശ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റിൽ വിജയിക്കാനും ശത്രുദോഷത്തിനും ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ ഹോമം നടത്തിയെന്ന വിവരം നിഷേധിക്കാതെ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. കോഴിക്കോട് പ്രസ് ക്ലബ്ബിലെ ‘മീറ്റ് ദ ലീഡർ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു. സമുദായം പിന്തുണക്കാത്തതുകൊണ്ടാണ് കേന്ദ്ര മന്ത്രിസഭയിൽ മുസ്ലിം പ്രാതിനിധ്യം ഇല്ലാത്തതെന്നും പറഞ്ഞു.









0 comments