ചെറായിയിൽ വികസനം തുടരണം

പി കെ രവീന്ദ്രൻ
Published on Nov 27, 2025, 03:57 AM | 1 min read
വൈപ്പിൻ
ജില്ലാപഞ്ചായത്തിന്റെ രൂപീകരണശേഷം എൽഡിഎഫ് ഒരിക്കൽമാത്രം കൈവിട്ട ചെറായി ഡിവിഷനിൽ ഇത്തവണ കെ എസ് നിബിനാണ് എൽഡിഎഫ് സ്ഥാനാർഥി. നിലവിൽ കുഴുപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റെന്നനിലയിൽ സമാനതകളില്ലാത്ത വികസനപ്രവർത്തനം നടത്തി നിബിൻ, പഞ്ചായത്തിനെ നിരവധി നേട്ടങ്ങളിലെത്തിച്ചു. ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന നിബിൻ, യൂണിയൻ പ്രവർത്തനത്തിലൂടെയാണ് പൊതുരംഗത്തേക്കെത്തിയത്.
മാലിന്യസംസ്‌കരണത്തിലൂടെയും ബീച്ച് ടൂറിസം വികസനത്തിലൂടെയും ശ്രദ്ധേയനേട്ടമുണ്ടാക്കി. മാലിന്യമുക്ത നവകേരളം പദ്ധതിയിൽ കുഴുപ്പിള്ളി പഞ്ചായത്തിന് ജില്ലയിൽ രണ്ടാംസമ്മാനം നേടിക്കൊടുത്തു. ഇതുൾപ്പെടെ വിവിധങ്ങളായ 23 അവാർഡുകളാണ് അഞ്ചുവർഷത്തിനുള്ളിൽ കുഴുപ്പിള്ളി പഞ്ചായത്തിന് സമ്മാനിച്ചത്. പള്ളിപ്പുറം, കുഴുപ്പിള്ളി പഞ്ചായത്ത് മുഴുവനായും എടവനക്കാട് പഞ്ചായത്തിലെ അഞ്ചുവാർഡുകളും ചേർന്നതാണ് ചെറായി ഡിവിഷൻ.
സിപിഐ എം കുഴുപ്പിള്ളി ലോക്കൽ കമ്മിറ്റി അംഗം, ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി, സ്‌പോർട്‌സ് കൗൺസിൽ ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്ന നിബിൻ, അവിവാഹിതനാണ്.
എൻഎൻഡിപി വൈപ്പിൻ യൂണിയൻ പ്രസിഡന്റായ ടി ജി വിജയനാണ് യുഡിഎഫ് സ്ഥാനാർഥി. ഇടക്കാലത്ത് ബിഡിജെഎസിൽ പ്രവർത്തിച്ചെങ്കിലും പിന്നീട് കോൺഗ്രസിലേക്ക് തിരിച്ചെത്തി. കുഴുപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റും അംഗവുമായി 15 വർഷം പ്രവർത്തിച്ചു.ഹിന്ദുഐക്യവേദിയുടെയും ബിജെപിയുടെയും പ്രവർത്തകനായ വി വി അനിലാണ് എൻഡിഎ സ്ഥാനാർഥി.








0 comments