print edition റഷ്യ– ഉക്രയ്‌ൻ സമാധാന നീക്കം ; യുഎസ് പ്രതിനിധി റഷ്യയിലേക്ക്

വാഷിങ്‌ടൺ
ഉക്രയ്‌ൻ– റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് അടുത്തയാഴ്‌ച റഷ്യൻ പ്രതിനിധികളുമയാി കൂടിക്കാഴ്‌ച നടത്തും. റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിന്റെ അടുത്ത വിദേശനയ സഹായി യൂറി ഉഷാക്കോവ് ഇക്കാര്യം സ്ഥിരീകരിച്ചു. സമാധാന കരാറിന്റെ രൂപരേഖയെക്കുറിച്ച് വൈറ്റ് ഹൗസുമായി പൊതു ധാരണയിലെത്തിയതായി ഉക്രയ്‌ൻ പറഞ്ഞതിന് പിന്നാലെയാണ് വിറ്റ്‌കോഫ് റഷ്യയിലെത്തുന്നത്. റഷ്യൻ പ്രസിഡന്റിനെ കാണാൻ വിറ്റ്കോഫിനെ ചുമതലപ്പെടുത്തിയതായി ട്രംപ് പറഞ്ഞു.
റഷ്യയും ഉക്രെയ്‌നും തമ്മിൽ ആഴത്തിൽ ഭിന്നതയുള്ള വിഷയങ്ങളിൽ ഇതുവരെ പരിഹാരമായിട്ടില്ലെന്നതാണ് സമാധാനചർച്ചകൾക്ക് പ്രധാന തടസ്സം. ട്രംപ് മുന്നോട്ടുവച്ച് സമാധാനനിര്‍ദേശം അംഗീകരിക്കാന്‍ തയാറാണെന്ന് ഉക്രയ്‌ൻ പ്രസിഡന്റ് വൊളോദിമിര്‍ സെലെൻസ്‌കി കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. അതേസമയം, ചർച്ചകളിൽ യൂറോപ്യൻ രാജ്യങ്ങളുടെ നിലപാട് വ്യക്തമായിട്ടില്ല. ഇത് സമാധാനനീക്കത്തിന് തിരിച്ചടിയാണെന്ന് വിലയിരുത്തലുണ്ട്. ഇതിനിടെ, ഇരുരാജ്യങ്ങളും തമ്മിലുള്ള ആക്രമണ, പ്രത്യാക്രമണങ്ങൾ തുടരുകയാണ്.








0 comments