print edition കുതിക്കുന്നു കുന്നംകുളം

കുന്നംകുളം സ്‌പോർട്‌സ് ഡിവിഷനിലെ കായിക താരങ്ങൾ പരിശീലനത്തിൽ
കെ എ നിധിൻ നാഥ്
Published on Nov 27, 2025, 04:14 AM | 1 min read
തൃശൂർ
‘‘ഓടാൻ ഇഷ്ടമായിരുന്നു. സ്‌കൂൾമത്സരങ്ങളിൽ പങ്കെടുത്തിരുന്നു. ഇവിടെ എത്തിയശേഷമാണ് ജീവിതം മാറിയത്. പ്രകടനം കൂടുതൽ മെച്ചപ്പെട്ടത്’’– കുന്നംകുളം സ്‌പോർട്‌സ് ഡിവിഷനിലെ പരിശീലനത്തിനിടെ ടി ആർ സനീഷ് പറഞ്ഞു. കേരളത്തിന്റെ വേഗപ്രതീക്ഷയായി വളർന്ന നാൾവഴികളെയാണ് ദേശീയ മീറ്റ് റിലേ ടീം അംഗമായ പ്ലസ് വൺ വിദ്യാർഥി അടയാളപ്പെടുത്തുന്നത്. കുന്നംകുളം സ്പോർട്സ് ഡിവിഷൻ ആരംഭിച്ചപ്പോൾ ആദ്യമെത്തിയവരിൽ ഒരാളാണ് സനീഷ്.
നിരവധി പ്രതിഭകളെയാണ് കായികകേരളത്തിനായി സ്‌പോർട്‌സ് ഡിവിഷൻ വാർത്തെടുത്തത്. കഴിഞ്ഞ ദേശീയമീറ്റിൽ കുന്നംകുളത്തിന്റെ 23 പേർ കേരളത്തെ പ്രതിനിധീകരിച്ചു. സംസ്ഥാന കായികമേളയിൽ ഒമ്പത് സ്വർണമടക്കം 16 മെഡലുകൾ. ദേശീയ സീനിയർ ഫുട്‌ബോൾ ജേതാക്കളായ കേരളടീമിലും ഒരാൾ അംഗമായി. 108 കുട്ടികളാണ് നിലവിൽ ഡിവിഷനിലുള്ളത്. കായികാധ്യാപകനായ പി ടി ശ്രീനിഷിനാണ് ചുമതല. ആറ് മുഴുവൻ സമയ പരിശീലകരുണ്ട്. പ്രത്യേകം ഫിറ്റ്‌നെസ് കോച്ചും. സംസ്ഥാന സർക്കാർ നിർദ്ദേശിച്ച മെനു പ്രകാരമാണ് ഭക്ഷണം.
ഇവിടെയുണ്ടായിരുന്ന സ്‌പോർട്സ് ഡിവിഷൻ പതിറ്റാണ്ടുകൾക്കുമുമ്പ് നിർത്തി. ഒന്നാം പിണറായി സർക്കാരിൽ എ സി മൊയ്തീൻ കായികമന്ത്രിയായിരിക്കെയാണ് പുനരാരംഭിക്കാൻ നടപടി സ്വീകരിച്ചത്. 35 കോടി രൂപ ചെലവിൽ അന്താരാഷ്‌ട്രനിലവാരത്തിൽ സിന്തറ്റിക്ക് ട്രാക്കും ഫുട്ബോൾ ടർഫുമടക്കമുള്ള സൗകര്യമൊരുക്കി. ഗാലറി നവീകരിച്ചു. ഇൻഡോർ സ്റ്റേഡിയവും നീന്തൽക്കുളവും സജ്ജമാക്കി. നാലു കോടി രൂപ ചെലവിൽ ഹോസ്റ്റൽ നിർമാണം പുരോഗമിക്കുന്നു.
മികച്ച നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ഇവിടെയുള്ളത്. ആൺകുട്ടികളുടെ ഹോസ്റ്റൽ നിർമാണം ഉടൻ പൂർത്തിയാകുന്നതോടെ കൂടുതൽ പേരെ ഭാഗമാക്കാൻ കഴിയും.
പി ടി ശ്രീനിഷ് , കായികാധ്യാപകൻ,
കുന്നംകുളം
സ്പോർട്സ് ഡിവിഷൻ









0 comments