പുല്ലുവഴിക്ക് വേണം പുതുലൈഫ്

ഇ കെ ഇക്‌ബാൽ
Published on Nov 27, 2025, 03:58 AM | 1 min read
പെരുമ്പാവൂർ
യുഡിഎഫ് ഭരണത്തിൽ മനംമടുത്ത ജില്ലാപഞ്ചായത്ത് പുല്ലുവഴി ഡിവിഷൻ ഇക്കുറി എൽഡിഎഫിലേക്ക് ചായാൻ തയ്യാറെടുക്കുകയാണ്. ഡിവിഷൻ ദീർഘകാലം ഭരിച്ച യുഡിഎഫിന് കുടിവെള്ള പദ്ധതികളോ പുതിയ ടൂറിസം പദ്ധതികളോ നടപ്പാക്കാൻ കഴിഞ്ഞില്ല. പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാത്തതിൽ ജനം അമർഷത്തിലാണ്.
അശമന്നൂർ പഞ്ചായത്തിലെ 15 വാർഡുകളും വേങ്ങൂരിലെ 16, രായമംഗലത്തെ അഞ്ചുമുതൽ 20 വരെയുള്ള 16 വാർഡുകളുമടക്കം 47 വാർഡുകൾ ചേർന്നതാണ് പുല്ലുവഴി ഡിവിഷൻ. രായമംഗലം പഞ്ചാത്ത് പ്രസിഡന്റെന്നനിലയിൽ ശ്രദ്ധേയനായ എൻ പി അജയകുമാറാണ് പുല്ലുവഴി ഡിവിഷനിൽ എൽഡിഎഫ് സാരഥി. വളയൻചിറങ്ങര എച്ച്‌എസ്‌എസ് അധ്യാപകൻ, വളയൻചിറങ്ങര വായനശാല സെക്രട്ടറി, പുരോഗമന കലാസാഹിത്യ സംഘം മേഖലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ജില്ലാ സ്പോർട്‌സ് കൗൺസിൽ അംഗം, സിപിഐ എം കീഴില്ലം ലോക്കൽ കമ്മിറ്റി അംഗം, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ഭാര്യ: ജി അനു. മക്കൾ: അനഘ, നിരഞ്ജൻ. കെഎസ്‌യു സംസ്ഥാന സെക്രട്ടറി മുബാസ് ഓടക്കാലിയാണ് യുഡിഎഫ് സ്ഥാനാർഥി. ഇന്ദിരാഗാന്ധി ലോ കോളേജ് നിയമവിദ്യാർഥിയാണ്. ന്യൂനപക്ഷ മോർച്ച നോർത്ത് ജില്ലാ പ്രസിഡന്റായ എം പി ജയ്സനാണ് എൻഡിഎ സ്ഥാനാർഥി.








0 comments