നേട്ടം കൈവരിച്ച ദക്ഷിണേന്ത്യയിലെ ആദ്യ നഗരം
ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു ; കൊച്ചി വയോജനസൗഹൃദം

‘‘വയോജനങ്ങളെയും ചേർത്തുപിടിച്ച ഭരണമായിരുന്നു കൊച്ചി കോർപറേഷൻ എൽഡിഎഫ് ഭരണസമിതിയുടേത്. മുതിർന്നവരുടെ ജീവിതാന്തസ്സ് ഉയർത്തിപ്പിടിക്കാനും അവർക്ക് മികച്ച ജീവിതം ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള നടപടികളും പദ്ധതികളും ഭരണസമിതി സ്വീകരിച്ചു. മാനസിക, ആരോഗ്യ പരിരക്ഷ ഉറപ്പാക്കി. ഇതിനുള്ള അംഗീകാരമായിരുന്നു കൊച്ചി വയോജന സൗഹൃദ നഗരമെന്ന ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനം
നേട്ടം കൈവരിച്ച ദക്ഷിണേന്ത്യയിലെ ആദ്യ നഗരം
വയോജന സൗഹൃദ നഗരമായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച ദക്ഷിണേന്ത്യയിലെ ആദ്യ നഗരമെന്ന അംഗീകാരം കൊച്ചി സ്വന്തമാക്കിയത് എൽഡിഎഫ് ഭരണസമിതി കാലയളവിൽ. 2024ൽ ആയിരുന്നു പ്രഖ്യാപനം. മുതിർന്ന പൗരന്മാർക്ക് അടിസ്ഥാനസൗകര്യവും മാനസിക ശാരീരികാരോഗ്യത്തിന് അനുകൂലമായ സാഹചര്യവുമുള്ള നഗരമെന്ന നിലയിലാണ് അംഗീകാരം തേടിയെത്തിയത്. 2023ൽ ലോകാരോഗ്യ സംഘടന സംഘടിപ്പിച്ച ലീഡർഷിപ് സമ്മിറ്റിൽ നഗരത്തെ പ്രതിനിധീകരിച്ച് മേയർ എം അനിൽകുമാർ പങ്കെടുത്തതും വയോജന സൗഹൃദ നഗരം പദവി ലഭിക്കുന്നതിൽ പ്രധാന ഘടകമായി.
സുഖം, സുഖകരം
നിരവധി പൊതുയിടങ്ങളും കെട്ടിടങ്ങളും ഇക്കാലയളവിൽ വയോജന സൗഹൃദമാക്കി. സാമൂഹികമായ ജീവിതസൗകര്യങ്ങൾ ഒരുക്കുക, ആരോഗ്യസേവനങ്ങൾ ലഭ്യമാക്കുക എന്നിവയ്‌ക്കൊപ്പം കോളേജുകളുമായി ചേർന്ന് സാങ്കേതികവിദ്യാ പരിശീലനത്തിനുള്ള വയോവിജ്ഞാനം, ദന്തസംരക്ഷണത്തിനുള്ള വയോസ്മിതം, വിനോദസഞ്ചാര പരിപാടിയായ ജെറിയാട്രിക് ടൂറിസം, കായികമേള, വയോപ്രഭ, സീനിയർ ടാക്സി സർവീസ്, മാതൃകാ സായംപ്രഭ പകൽവീട് എന്നിവയും നടപ്പാക്കി.
തേവരയിലെ വൃദ്ധസദനം, മൂന്ന് ഓൾഡ് ഏജ് ഹോം ക്ലിനിക്കുകൾ എന്നിവയും നാൽപ്പത്തഞ്ചോളം ക്ലിനിക്കുകളും പ്രവർത്തിക്കുന്നു. ഇൻസുലിനുൾപ്പെടെ അവശ്യമരുന്നുകളും നൽകുന്നു. വയോമിത്രം പദ്ധതിയുടെ ഗുണഭോക്താക്കളായി 4000 പേരുണ്ട്. വയോജന ക്ലബ്ബുകൾ വിനോദയാത്ര, കലാപ്രദർശനങ്ങൾ, ചർച്ചകൾ, യോഗ ക്ലാസ്, ബോധവൽക്കരണ ക്ലാസ് എന്നിവ സംഘടിപ്പിക്കുന്നു. നിയമസഹായപദ്ധതിയും നടപ്പാക്കി. എൽഡർ ഹെൽപ് ലൈൻ, എമർജൻസി മാനേജ്മെന്റ് ആൻഡ് എമർജൻസി അലേർട്ട്, ജനറേഷൻ ഗെയിമിങ്, പോഷകാഹാരശീലം വർധിപ്പിക്കുന്നതിന് മൈക്രോഗ്രീൻസ്, സൈക്കോളജിക്കൽ കൗൺസലിങ്, ഹോം കൗൺസലിങ്, വൈദ്യസഹായം തുടങ്ങിയവ ലഭ്യമാക്കുന്ന സല്ലാപം പദ്ധതിയും ആരംഭിച്ചു.








0 comments