print edition അങ്കത്തിനുമുന്പേ 14 ‐ 0

ആന്തൂർ നഗരസഭയിലെ പറശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിന് മുന്നിലുള്ള വളപട്ടണം പുഴയിലൂടെ കടന്നുപോകുന്ന എൽഡിഎഫ് തെരഞ്ഞെടുപ്പുപ്രചാരണ ബോട്ട് / ഫോട്ടോ: ദിലീപ് കുമാർ

വിനോദ് പായം
Published on Dec 02, 2025, 03:00 AM | 1 min read
കണ്ണൂർ
കണ്ണപുരം പഞ്ചായത്തിൽ 15 വാർഡ്. നിലവിൽ എൽഡിഎഫ് ആറ് സീറ്റിൽ എതിരില്ലാതെ ജയിച്ചു. രണ്ടുസീറ്റിനപ്പുറം പഞ്ചായത്തിന്റെ ഭരണസാരഥ്യം എൽഡിഎഫിലെത്തും. സമാന സ്ഥിതിയാണ് ആന്തൂർ നഗരസഭയിലും മലപ്പട്ടം പഞ്ചായത്തിലും. പടയ്‌ക്ക് മുന്പേ ജില്ലയിൽ 14 ഇടത്താണ് എൽഡിഎഫ് എതിരില്ലാതെ ജയിച്ചത്. ജില്ലയിൽ പത്ത് ഗ്രാമ പഞ്ചായത്ത്, രണ്ട് ബ്ലോക്ക്, ഒരു നഗരസഭ എന്നിവിടങ്ങളിൽ എൽഡിഎഫ് മാത്രമാണുള്ളത്. യുഡിഎഫിനും ബിജെപിക്കുമടക്കം പ്രാതിനിധ്യമില്ല. ഇവർ അഞ്ചിൽതാഴെ മാത്രമുള്ള രണ്ട് ഡസനോളം തദ്ദേശ സ്ഥാപനങ്ങളിലും എൽഡിഎഫ് ഭരണം. ഇൗ ചുവപ്പ് ഭൂമികയിലാണ് വികസനം ചർച്ചയാക്കി എൽഡിഎഫ് പ്രചാരണം മുറുക്കുന്നത്.
ജില്ലയിൽ 1683 തദ്ദേശ വാർഡിൽ 1129 എണ്ണവും നിലവിൽ എൽഡിഎഫിനൊപ്പം. കണ്ണൂർ കോർപറേഷനിലും മലയോരത്തെയും തീരദേശത്തെയും ചില പഞ്ചായത്തുകളിലും മാത്രമാണ് യുഡിഎഫ് സാന്നിധ്യം പ്രകടമായുള്ളത്. ജില്ലാപഞ്ചായത്ത് കൊട്ടിയൂർ ഡിവിഷനിലും ഒരു നഗരസഭാ സീറ്റിലും കോർപറേഷനിൽ 17 ഇടത്തും പഞ്ചായത്തിൽ 25 ഇടത്തും യുഡിഎഫ് വിമതരുണ്ട്. കോർപറേഷനിൽ മേയർ സ്ഥാനാർഥി പി ഇന്ദിരക്കും യൂത്ത്കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിക്കുംവരെ വിമതരുണ്ട്. മൂന്നു പഞ്ചായത്തിൽ ജമാ അത്തെ ഇസ്ലാമിയുമായി പരസ്യകൂട്ടുകെട്ടിലുമാണ് യുഡിഎഫ്.

മലപ്പുറം കഴിഞ്ഞാൽ കുറവ് ബിജെപി സ്ഥാനാർഥികളുള്ളത് കണ്ണൂരാണ്. 350 തദ്ദേശ വാർഡിൽ ബിജെപിയില്ല. ഇതിൽ 83 നഗരസഭാ ഡിവിഷനും ഉൾപ്പെടും. ബിജെപി സ്ഥാനാർഥികളെ നിർത്താത്തത് എന്തുകൊണ്ടെന്നതിന് പാപ്പിനിശേരി പഞ്ചായത്തിലെ പൊടിക്കളം വാർഡ് ഉദാഹരണം. ഇവിടെ സ്വതന്ത്ര വേഷംകെട്ടിച്ച് ഇറക്കിയ ജമാ അത്തെ ഇസ്ലാമി സ്ഥാനാർഥിക്കായി യുഡിഎഫ്, ബിജെപി സംയുക്തപ്രചാരണം നടത്തുന്നു.
മട്ടന്നൂർ വിമാനത്താവളം മുതൽ പരിയാരം മെഡിക്കൽ കോളേജ് എറ്റെടുത്തതുവരെയുള്ള വൻകിട വികസനവും ഏഴോത്തെ ലൈഫ് ഫ്‌ളാറ്റ് മുതൽ ജില്ലാ ആശുപത്രിയിൽ 63 കോടിയുടെ സൂപ്പർസ്‌പെഷ്യാലിറ്റി കെട്ടിടംവരെയുള്ള അടിത്തട്ട് വികസനവും മുൻനിർത്തിയാണ് എൽഡിഎഫ് പ്രചാരണം.









0 comments