വ്യാജ ഐഡികൾ വഴി ആക്രമണം തുടരുന്നു ആസൂത്രണം സന്ദീപ് വാര്യരുടെ നേതൃത്വത്തിൽ എല്ലാം ഉന്നത നേതൃത്വത്തിന്റെ അറിവോടെ
print edition അതിജീവിതയുടെ പ്രൊഫൈലിൽ സൈബർ ആക്രമണം ; സന്ദീപ് വാര്യർ അടക്കം മുഖ്യപ്രതികൾ ഒളിവിൽ

തിരുവനന്തപുരം
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ബലാത്സംഗത്തിനിരയാക്കിയ യുവതിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ കടന്നുകയറി കോൺഗ്രസ് സൈബർ കൂട്ടങ്ങളുടെ ആക്രമണം. പൊലീസ് നടപടി കടുപ്പിച്ചതോടെ യുവതിയുടെ ചിത്രങ്ങളടക്കം വ്യക്തിവിവരങ്ങൾ പ്രചരിപ്പിക്കുന്നത് നൂറുകണക്കിന് വ്യാജ ഐഡികളിലൂടെയാണ്. ഈ ഐഡികളുടെ ഉറവിടം കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി.
കോൺഗ്രസ് സൈബർ ടീമിന്റെ ആഹ്വാന പ്രകാരമാണ് യുവതിയുടെ മുൻ വിവാഹ ചിത്രങ്ങളടക്കം പ്രചരിപ്പിച്ചത്. യുവതിയുടെ പരാതിയിൽ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യരടക്കം കേസിലെ മറ്റ് പ്രതികൾ ഒളിവിലാണ്. കേസിലെ നാലാം പ്രതിയായ സന്ദീപ് വാര്യർ ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. അഞ്ചാം പ്രതി രാഹുൽ ഈശ്വറിന്റെ അറസ്റ്റിന് പിന്നാലെ ഒന്നാം പ്രതി മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി രഞ്ജിത പുളിക്കൻ, രണ്ടാം പ്രതി ദീപ ജോസഫ് എന്നിവരും ഒളിവിൽപോയി.
ഉന്നത കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെ സന്ദീപ് വാര്യരുടെ നേതൃത്വത്തിലാണ് സൈബർ ആക്രമണത്തിന് തുടക്കമിട്ടതാണെന്നാണ് വിവരം. രാഹുൽ ഈശ്വർ ആണ് യുവതിയുടെ വ്യക്തിവിവരങ്ങൾ ആദ്യം വെളിപ്പെടുത്തിയത്. സന്ദീപ് വാര്യർ തന്റെ സാമൂഹികമാധ്യമ പേജിൽ ഉൾപ്പെടുത്തിയിരുന്ന പരാമർശം ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ വെളിപ്പെടുത്തൽ.
ഇതിനുപിന്നാലെ പെൺകുട്ടിയുടെ വിവാഹ സൽക്കാരത്തിന് താൻ പങ്കെടുത്തിട്ടുണ്ടെന്നും അത് തന്റെ പ്രൊഫൈലിൽ ഉണ്ടെന്നും അണികൾക്ക് സൂചന നൽകും വിധം ഫെയ്സ്ബുക്കിൽ സന്ദീപ് കുറിപ്പുമിട്ടു. സൈബർ ആക്രമണം രൂക്ഷമായതോടെ അതിജീവിത കടുത്ത മാനസിക സമ്മർദത്തിലാണ്.









0 comments