print edition സ്‍മാര്‍ട്ട്ഫോണിൽ കേന്ദ്ര സര്‍ക്കാര്‍ ആപ് ; ഫോൺ കമ്പനികള്‍ക്ക് രഹസ്യ നിര്‍ദേശം

ന്യൂഡൽഹി
മൊബൈൽ ഫോണുകളിൽ കേന്ദ്രടെലികോം മന്ത്രാലയത്തിന്റെ സൈബർ സുരക്ഷാ ആപ്പ് ആയ "സഞ്ചാര്‍ സാഥി' ഉപയോക്താവിന് നീക്കാൻ കഴിയാത്തവിധം ഉള്‍പ്പെടുത്താൻ നിര്‍ദേശം നൽകി കേന്ദ്ര സര്‍ക്കാര്‍. ആപ്പിൾ, സാംസങ്, വിവോ, ഷവോമി, ഓപ്പോ ഉൾപ്പെടെയുള്ള കന്പനികൾക്കാണ് നവംബര്‍ 28ന് രഹസ്യനിര്‍ദേശം നൽകിയതെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
പുതുതായി നിർമിക്കുന്ന മുഴുവൻ സ്‍മാര്‍ട്ട്ഫോണിലും 90 ദിവസത്തിനുള്ളിൽ ആപ്പ് ഉൾപ്പെടുത്തണം. നിലവിലുള്ള ഫോണുകളിലേക്ക് സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ് വഴി ആപ്പ് ഉൾപ്പെടുത്താനും നിര്‍ദേശിച്ചു. സൈബർ സുരക്ഷ എന്ന പേരിൽ വ്യക്തിഗത വിവരങ്ങളും മറ്റും ശേഖരിക്കുന്നതിനാണോ മോദി സർക്കാരിന്റെ നീക്കമെന്ന ആശങ്ക ശക്തമായി. ഇസ്രയേൽ ചാര സോഫ്ട്‍വെയറായ പെഗാസസ് ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെയടക്കം മോദി സര്‍ക്കാര്‍ നിരീക്ഷിക്കാൻ ശ്രമിച്ചുവെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു.
സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായി ആപ്പിള്‍ കമ്പനി തങ്ങളുടെ ഫോണുകളിൽ പുറമേയുള്ള ആപ്പുകള്‍ അനുവദിക്കാറില്ല. അതിനാൽതന്നെ കന്പനികൾ സർക്കാരിനെ എതിർപ്പറിയിച്ചേക്കും. നേരത്തെയും സമാന നിർദേശങ്ങളെ കന്പനികൾ എതിർത്തിരുന്നു.
ലോകത്തുതന്നെ ഏറ്റവും കൂടുതൽ ഫോൺ ഉപയോക്താക്കളുള്ള രാജ്യമാണ് ഇന്ത്യ. തട്ടിപ്പ് കോളുകള്‍ തടയല്‍, നഷ്ടപ്പെട്ട മൊബൈലുകള്‍ ട്രാക്ക് ചെയ്യൽ, അവ ദുരുപയോഗിക്കുന്നത് തടയുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ഈ വര്‍ഷം ജനുവരിയിലാണ് "സഞ്ചാര്‍ സാഥി' ആപ്പ് കേന്ദ്ര മന്ത്രാലയം പുറത്തിറക്കിയത്. ഒരു കോടിയിലേറെ പേര്‍ ആപ്പ് ഡൗൺലോഡ് ചെയ്തുവെന്നാണ് കണക്ക്.








0 comments