മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക്, കിഫ്‌ബി സിഇഒ കെ എം അബ്രഹാം എന്നിവർക്ക് നോട്ടീസ്
print edition ഇലക്ഷൻ ഇണ്ടാസ് ; കിഫ്‌ബിക്കെതിരെ വീണ്ടും ഇഡി

ഒ വി സുരേഷ്
Published on Dec 02, 2025, 03:55 AM | 1 min read
തിരുവനന്തപുരം
തെരഞ്ഞെടുപ്പായതോടെ കേരളത്തിലെ ‘ഇലക്ഷൻ വർക്കി’ന് ഇഡിയെ കളത്തിലിറക്കി മോദി സർക്കാർ. 2020ല തദ്ദേശ തെരഞ്ഞെടുപ്പ് മുതൽ തുടങ്ങിയ കിഫ്‌ബി വേട്ടയാണ് ഇത്തവണത്തെയും ആയുധം. 2019 മാർച്ചിൽ മസാലബോണ്ട് വഴി സമാഹരിച്ച 2150 കോടി രൂപയിൽനിന്ന് 466.92 കോടി രൂപ ഉപയോഗിച്ച് അടിസ്ഥാന സൗകര്യവികസനത്തിന് ഭൂമി വാങ്ങിയത് ‘അതിഗുരുതര’ പ്രശ്‌നമാണെന്നാണ് ഇഡിയുടെ ഇണ്ടാസിൽ ആരോപിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക്, കിഫ്‌ബി സിഇഒ കെ എം അബ്രഹാം എന്നിവർക്കെതിരെയാണ് ഇതുകാണിച്ച് നോട്ടീസ് നൽകിയത്.
ന്യൂ ഡൽഹിയിലെ ഇഡി സ്‌പെഷൽ ഡയറക്ടറുടെ മുന്നിൽ അഭിഭാഷകനോ ചാർട്ടേഡ് അക്കൗണ്ടന്റോ വഴി വിശദീകരണം നൽകണമെന്നാണ് നിർദേശം. ജൂൺ 27ന് തയ്യാറാക്കിയ നോട്ടീസ് തെരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് അയച്ചത്. നോട്ടീസ് അയച്ചവിവരം ഇഡി കൊച്ചി ഓഫീസിൽനിന്നാണ് മാധ്യമങ്ങൾക്ക് ചോർത്തിനൽകിയതും.
കേരളത്തിന്റെ പശ്‌ചാത്തല വികസനരംഗത്ത് ഒമ്പതര വർഷമായി 90,562 കോടി രൂപയാണ് കിഫ്‌ബി വഴി ചെലവിടുന്നത്. കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കുമ്പോൾ കിഫ്‌ബിയിലൂടെയാണ് കേരളം ബദൽ സൃഷ്‌ടിച്ചത്. റിസർവ് ബാങ്കിന്റെ അനുമതിയോടെ മസാലബോണ്ടിറക്കി കിഫ്‌ബി ഫണ്ട് സമാഹരിക്കുന്നുണ്ട്. ഇന്ത്യൻ രൂപയുടെ മുഖവിലയിൽ ഇന്ത്യയ്ക്ക് പുറത്ത് വിൽക്കുന്ന കടപ്പത്രമാണ് മസാലബോണ്ട്. ഇതിനെതിരെ 2020-ലെ തദ്ദേശഭരണ തെരഞ്ഞെടുപ്പുകാലത്തും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പും 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുമ്പും ഇഡി വന്നു. ഇത് അവർതന്നെ വാർത്തയാക്കി മാധ്യമങ്ങൾക്ക് നൽകി. എന്നിട്ടും ഒന്നും കണ്ടെത്തിയില്ല. അതിന്റെ തനിയാവർത്തനമാണ് ഇപ്പോഴും. ഭൂമി വാങ്ങിയത് ഫെമ നിയമപ്രകാരം തെറ്റാണെന്നാണ് ഇഡിയുടെ കണ്ടെത്തൽ. മസാലബോണ്ടിൽ ഭൂമി വാങ്ങിയിട്ടില്ല. ഭൂമി ഏറ്റെടുക്കുകയാണ്‌ചെയ്‌തത്. അത് നിയമവിരുദ്ധവുമല്ല. കോടതിയിൽ നിലനിൽക്കാത്തതാണ് ഇൗ ആരോപണങ്ങൾ.
കിഫ്‌ബിയെ തകർക്കാൻ കേന്ദ്രസർക്കാർ ശ്രമം തുടങ്ങിയിട്ട് ഏറെയായി. വിവാദമുണ്ടാക്കുകയെന്നതാണ് രീതി. അനാവശ്യമായ അന്വേഷണങ്ങളും വാർത്തകളും സൃഷ്‌ടിച്ചിട്ടും തകർക്കാനാകാത്തതിനാൽ കിഫ്‌ബിയുടെ വായ്‌പയെ സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധിയിൽ പെടുത്തിയും കേന്ദ്രസർക്കാർ ബുദ്ധിമുട്ടിച്ചു. പിന്നാലെയാണിത്.








0 comments