കിഫ്‌ബി അതിന്റെ ദൗത്യം തുടരും

തിരുവനന്തപുരം
ആധുനികവും സമ്പന്നവുമായ നവകേരളം കെട്ടിപ്പടുക്കാനുള്ള ദൗത്യവുമായി കിഫ്‌ബി മുന്നേറുമെന്ന് സിഇഒ ഡോ. കെ എം അബ്രഹാം. നിയമാനുസൃതമായ ഏത് പരിശോധനയും നേരിടാൻ തയ്യാറാണ്. ഒന്നും മറയ്ക്കാനും പ്രതിരോധിക്കാനുമില്ല. നിയമവും കേരളത്തിന്റെ വികസന താൽപര്യവും നമ്മുടെ ഭരണഘടനയുമാണ് കിഫ്ബിയുടെ പ്രവർത്തനങ്ങളെ നയിക്കുന്നത്. നോട്ടീസിലൂടെ ഉന്നയിക്കുന്ന വസ്‌തുതാവിരുദ്ധമായ ആരോപണങ്ങളേക്കാൾ, കിഫ്‌ബിയുടെ നേട്ടങ്ങൾ ജനങ്ങൾക്കുമുന്നിലുണ്ട്. എങ്കിലും നോട്ടീസിലെ കാര്യങ്ങൾക്ക് കൃത്യമായ മറുപടി നൽകും.
നിരന്തരമായുള്ള സമൻസുകളിലൂടെ 2021മുതൽ കിഫ്‌ബിയെ ബുദ്ധിമുട്ടിക്കുകയാണ്. ഉദ്യോഗസ്ഥരെ നിരന്തരം വിളിപ്പിക്കുക, ആവശ്യപ്പെട്ട രേഖകൾ സമർപ്പിച്ചാലും വീണ്ടും വീണ്ടും അതുതന്നെ ആവശ്യപ്പെടുക എന്നിവയാണ് കിഫ്‌ബിയോടുള്ള ഇഡിയുടെ രീതി. 2021ലെ അന്വേഷണത്തിന്റെ പേരിൽ ഉദ്യോഗസ്ഥരെ നിരന്തരം വിളിപ്പിക്കുന്നത് ഭാഗികമായി ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. എന്നിട്ടും 2024 ജനുവരി അഞ്ചിനും ഫെബ്രുവരി ഏഴിനും ഇതേ രേഖകൾ ആവശ്യപ്പെട്ട് വീണ്ടും സമൻസ് അയച്ചു. ഇതിനെതിരായ ഹർജി ഹൈക്കോടതിയിലാണ്. ഇതേ വിഷയത്തിൽ നാലുവർഷവും 10 മാസവും കഴിഞ്ഞ് നോട്ടീസ് അയക്കുമ്പോൾ കോടതിയെ അറിയിക്കാത്തത് ഗുരുതര വീഴ്‌ചയാണ്.
തെരഞ്ഞെടുപ്പു കാലത്തെല്ലാം നോട്ടീസുകളും സമൻസുകളും അയക്കുക എന്നതാണ് ഇഡിയുടെ ശീലം. സർക്കാരിനെതിരായ പ്രചാരണം സൃഷ്‌ടിക്കുക എന്ന ലക്ഷ്യത്തോടെ നോട്ടീസുകളുടെ വിവരം മാധ്യമങ്ങൾക്കും നൽകുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് മുൻ ധനമന്ത്രി തോമസ് ഐസക്കിന് നോട്ടീസ് അയച്ചതെന്നും ഡോ. കെ എം അബ്രഹാം പറഞ്ഞു.









0 comments