print edition സ്ഥിരം തെരഞ്ഞെടുപ്പ് നമ്പരുമായി വീണ്ടും ഇഡി ; ഇല്ലാത്ത നിയമത്തിൽ വിചിത്ര നോട്ടീസ്

തിരുവനന്തപുരം
മസാല ബോണ്ടിലൂടെ സമാഹരിച്ച തുക വിനിയോഗിച്ച് കിഫ്‌ബി ഭൂമി ഏറ്റെടുത്തത് തികച്ചും നിയമവിധേയമായി. 466 കോടി രൂപ വിനിയോഗിച്ചത് ഭൂമി വാങ്ങാനല്ല, ഏറ്റെടുക്കാനാണ്. അത് നിയമപ്രകാരം അനുവദനീയമാണ്. മസാലബോണ്ട് ഉപയോഗിച്ച് ഭൂമി വാങ്ങരുതെന്ന് 2016 ജനുവരി ഒന്നിന്റെ നിർദേശപ്രകാരമാണ് ഇഡി പറയുന്നത്. ഇൗ വ്യവസ്ഥ 2019 ജനുവരി 16ന് അവസാനിച്ചു. പുതുക്കിയ നിർദേശത്തിൽ ഇൗ വ്യവസ്ഥയില്ല. വ്യവസായപാർക്കിന് ഭൂമി ഏറ്റെടുക്കാനുള്ള നിയന്ത്രണവും ഒഴിവാക്കി.
ഭൂമി വാങ്ങുകയാണെങ്കിൽ, മറിച്ചുവിൽക്കുകയോ ഊഹക്കച്ചവടത്തിന് ഉപയോഗിക്കുകയോചെയ്യാം. എന്നാൽ ഭൂമി ഏറ്റെടുക്കുന്നത് എന്ത് ആവശ്യത്തിനാണോ അതിനേ ഉപയോഗിക്കാനാകൂ. ഫെമ നിയമത്തിൽ വിദേശപണം ഉപയോഗിച്ച് ഭൂമി വാങ്ങുന്നതിൽ നിയന്ത്രണമേർപ്പെടുത്തിയത് ഊഹക്കച്ചവടം തടയാനാണ്. ഭൂമി വാങ്ങരുത് എന്നാണ് ഫെമ (ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ ആക്ട്) പറയുന്നത്. മസാല ബോണ്ട് വഴിയുള്ള 466 കോടി രൂപ വികസന പദ്ധതികൾക്കായി ഭൂമി വാങ്ങാൻ വിനിയോഗിച്ചു എന്നാണ് ഇഡിയുടെ നോട്ടീസ്.
അടിസ്ഥാനസൗകര്യ പദ്ധതികളിൽ റോഡും പാലവും സ്കൂളും തുറമുഖവുമുണ്ട്. അവയ്‌ക്കുവേണ്ടിയാണ് കിഫ്‌ബി ഫണ്ട് ചെലവഴിച്ചതും. മസാലബോണ്ട് വഴി 2150 കോടി രൂപ 2019 മാർച്ചിലാണ് സ്വരൂപിച്ചത്. ഇത് പൂർണമായും ചെലവാക്കുകയും പണം നിക്ഷേപകർക്ക് തിരിച്ചുനൽകുകയുംചെയ്തു. ആറുവർഷത്തിനുശേഷമാണ് ഇഡി നോട്ടീസ്.

നിയമങ്ങൾ പാലിച്ചിട്ടുണ്ട് ; ഇഡി തെറ്റിദ്ധരിപ്പിക്കുന്നു : കിഫ്‌ബി
നിലവിലുള്ള ഏതെങ്കിലും നിയമങ്ങളുടെ ലംഘനമോ റിയൽ എസ്‌റ്റേറ്റ് നിക്ഷേപമോ ഉണ്ടായിട്ടില്ലെന്നിരിക്കെ, നിരന്തരം ബുദ്ധിമുട്ടിക്കുന്നതും തെറ്റിദ്ധരിപ്പിക്കുന്നതുമാണ് ഇഡിയുടെ നോട്ടീസ് എന്ന് കിഫ്‌ബിക്കുവേണ്ടി സിഇഒ ഡോ. കെ എം അബ്രഹാം വാർത്താക്കുറിപ്പിൽ അറിയിച്ചു. റിസർവ് ബാങ്ക് മാർഗനിർദേശവും ഫെമ വ്യവസ്ഥകളും ബാധകമായ എല്ലാ ചട്ടങ്ങളും പാലിച്ചാണ് മസാല ബോണ്ടുവഴിയുള്ള പണം വിനിയോഗിച്ചത്.
ഭൂമി ഏറ്റെടുക്കലും നിക്ഷേപത്തിനായി ഭൂമി വാങ്ങലും തമ്മിൽ വ്യത്യാസമുണ്ട്.
സർക്കാരിൽ നിക്ഷിപ്‌തമായ അധികാരമുപയോഗിച്ച് ഏറ്റെടുക്കുന്ന ഭൂമി ഉൗഹക്കച്ചവടത്തിനോ മറ്റ് ആവശ്യങ്ങൾക്കോ വിനിയോഗിക്കാനാകില്ല. ഏതാവശ്യത്തിനാണോ ഏറ്റെടുത്തത് അതിനേ ഉപയോഗിക്കാനാകൂ. കിഫ്‌ബി മസാല ബോണ്ടിലെ പണം ഉപയോഗിച്ച് വാണിജ്യാവശ്യത്തിന് ഭൂമി വാങ്ങിയിട്ടില്ല, ഏറ്റെടുക്കുകയായിരുന്നു.
2019ൽ മസാലബോണ്ടിലൂടെ പണം സമാഹരിക്കുമ്പോൾ ഭൂമി ഏറ്റെടുക്കൽ അനുവദനീയമായിരുന്നു. ഇഡി വസ്‌തുതകളെ വളച്ചൊടിക്കുന്നു. 466 കോടി രൂപ ഭൂമി വാങ്ങാൻ ഉപയോഗിച്ചതായി ഇഡിയുടെ കൊച്ചി ഓഫീസ് നൽകിയ പരാതിയിലെ ഇൗ ഭാഗം വസ്‌തുതാവിരുദ്ധമാണ്. തെരഞ്ഞെടുപ്പുകാലത്തുമാത്രമുള്ള ഇൗ നോട്ടീസ് ഇഡിയുടെ നിഷ്‌പക്ഷതയിലും സത്യസന്ധതയിലും സംശയമുളവാക്കിക്കുന്നതാണെന്ന് വാർത്താക്കുറിപ്പിൽ പറഞ്ഞു.
നോട്ടീസ് തെറ്റിദ്ധാരണ പരത്താൻ : കെ എൻ ബാലഗോപാൽ
കിഫ്‌ബി മസാലബോണ്ടിൽ ഇഡി വീണ്ടും നോട്ടീസ് അയച്ചത് തെറ്റിദ്ധാരണ പരത്താനാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ഏത് തെരഞ്ഞെടുപ്പ് വന്നാലും വിവാദവും ആരോപണവും പതിവാക്കിയിരിക്കുകയാണെന്നും അദ്ദേഹം കൊല്ലത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. മനപ്പൂർവം വിവാദമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്. അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് ഇതിൽ പറയുന്നത്. എല്ലാം ജനങ്ങൾക്ക് മനസ്സിലാകും.
കിഫ്‌ബിക്ക് മസാലബോണ്ട് ഇറക്കാൻ അവകാശമില്ലെന്നായിരുന്നു ആദ്യം പറഞ്ഞത്. മസാലബോണ്ട് നിയമപരവും ആർബിഐ അംഗീകാരമുള്ളതുമാണ്. റിസർവ് ബാങ്ക് നിയമം അനുസരിച്ചാണ് കിഫ്ബി വായ്‌പ എടുക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നതിനും ആർബിഐ അനുമതിയുണ്ട്. വാണിജ്യാടിസ്ഥാനത്തിൽ പണം എടുക്കുന്നതും നിയമപരമാണ്. വസ്‌തുതകൾ ബോധ്യമുണ്ടായിട്ടും മറ്റു ചില ലക്ഷ്യത്തോടെ കാര്യങ്ങൾ വഴിതിരിച്ചുവിടുന്നു. ബിജെപിയുടെ ഇൗ ദുഷ്‌ടലാക്കിനൊപ്പം യുഡിഎഫ് ചേരുന്നതിന്റെ രാഷ്ട്രീയവും ജനങ്ങൾ തിരിച്ചറിയേണ്ടതുണ്ട്.
രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയത്തിൽ ധാർമികവശം കൂടി ഉയർന്നുവരണമെന്ന് മന്ത്രി പറഞ്ഞു. കോൺഗ്രസിനുള്ളിൽ ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായമാണ്. അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നത് അറിവില്ലായ്മ കൊണ്ടല്ല, അത് മനസ്സിന്റെ പ്രശ്നമാണെന്നും മന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം മറുപടിയാകും : ടി പി രാമകൃഷ്‌ണൻ
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം കേന്ദ്രസർക്കാരിനും ഇഡിക്കുമുള്ള മറുപടി കൂടിയാകുമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്‌ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കിഫ്‌ബിയെ തകർക്കുകയെന്ന സമീപനം കേന്ദ്ര സർക്കാർ തുടർച്ചയായി സ്വീകരിക്കുകയാണ്. ഇൗ ലക്ഷ്യംവച്ചാണ് വീണ്ടും തെരഞ്ഞെടുപ്പ് കാലത്ത് മുഖ്യമന്ത്രിക്കും മുൻ ധനമന്ത്രിക്കും കിഫ്‌ബിക്കുമെതിരെയുള്ള ഇഡി നോട്ടീസ്.
പിണറായി വിജയൻ സിപിഐ എം സംസ്ഥാന സെക്രട്ടറി ആയിരിക്കെ തുടങ്ങിയതാണ് അദ്ദേഹത്തെയും കുടുംബത്തെയും വേട്ടയാടൽ. ഇതിന്റെ തുടർച്ചയാണ് ഇഡിയുടെ ഇപ്പോഴത്തെ ഇടപെടൽ. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലംമുതൽ എൽഡിഎഫിനും മുഖ്യമന്ത്രിക്കുമെതിരെ ഇത്തരം നീക്കമുണ്ട്. പിന്നീട് എല്ലാ തെരഞ്ഞെടുപ്പിലും ഇതുകണ്ടു. നേട്ടങ്ങളുടെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ അണിനിരത്തി കിഫ്‌ബിക്കെതിരെ ഇപ്പോൾ നടക്കുന്ന നീക്കത്തെയും ചെറുക്കും. നിയമപരമായും രാഷ്‌ട്രീയമായും നേരിടും. നാടിന്റെ വികസനവുമായി എൽഡിഎഫ് മുന്നോട്ടുപോകുമെന്നും ടി പി രാമകൃഷ്‌ണൻ പറഞ്ഞു.
രാഷ്ട്രീയ നാടകം : വി ശിവൻകുട്ടി
മസാല ബോണ്ടുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മുൻ ധനമന്ത്രി തോമസ് ഐസക്കിനും എതിരെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അയച്ച നോട്ടീസ് തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള രാഷ്ട്രീയ നാടകം മാത്രമാണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇക്കാര്യത്തിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിനുമുന്നിൽ നിയമപരമായി തോറ്റ് തുന്നം പാടിയതാണ് ഇഡി. കിഫ്‌ബി എന്ന സ്ഥാപനത്തിന്റെ ചെയർമാൻ മുഖ്യമന്ത്രിയാണെന്ന കാര്യം ഇഡിക്ക് ഇപ്പോഴാണ് ബോധ്യംവന്നത് എന്നത് അത്ഭുതകരമാണ്.
കേരളത്തിന്റെ വികസന നട്ടെല്ലായ കിഫ്‌ബിയെ തകർക്കാനുള്ള നീക്കത്തെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇഡി ഉദ്ദേശ്യം വ്യക്തം : പി രാജീവ്
തെരഞ്ഞെടുപ്പ് സമയത്ത് നോട്ടീസുമായി ഇറങ്ങലാണ് ഇഡിയുടെ പ്രധാന പണിയെന്ന് നിയമ മന്ത്രി പി രാജീവ്. കോടതിയെ പൂർണമായി അവഗണിച്ച് തിടുക്കത്തിൽ നോട്ടീസ് അയച്ചതിലെ ഉദ്ദേശ്യം വ്യക്തമാണ്. മസാല ബോണ്ട് ഉപയോഗിച്ച് പണം സമാഹരിച്ചത് കിഫ്‌ബി പദ്ധതികൾക്കാണ്. ദേശീയപാത അതോറിറ്റി മസാല ബോണ്ട് വഴി പണം സമാഹരിച്ച് 100 ശതമാനവും ഇതരസംസ്ഥാനങ്ങളിൽ മുടക്കുന്നു. കേരളത്തിൽ 75 ശതമാനമാണ് അവർ മുടക്കുന്നത്. സംസ്ഥാനം മസാല ബോണ്ടിലൂടെ സമാഹരിക്കുന്ന പണത്തിന്റെ 25 ശതമാനം ദേശീയപാത വികസനത്തിനായി ചെലവഴിക്കുന്നത് ചട്ടലംഘനമെന്നാണ് ഇഡി പറയുന്നത്. അങ്ങേയറ്റം രാഷ്ട്രീയപ്രേരിത ഏജൻസിയായി ഇഡി മാറിയെന്നും പി രാജീവ് പറഞ്ഞു.
ഓലപ്പാമ്പ് : ബിനോയ് വിശ്വം
മസാല ബോണ്ടിൽ ഇഡി നോട്ടീസ് അയച്ചത് ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കുന്നതിന് സമാനമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. കിഫ്ബിയെ ദുര്‍ബലപ്പെടുത്താനും അപകീര്‍ത്തിപ്പെടുത്താനും ശ്രമിക്കുന്ന വി ഡി സതീശനും രമേശ് ചെന്നിത്തലയും സ്വന്തം മണ്ഡലങ്ങളിലെ കിഫ്ബി ഫണ്ട് എത്രയെന്ന് വെളിപ്പെടുത്തണം. സംസ്ഥാനത്തെ ജനങ്ങള്‍ക്കെതിരായ വെല്ലുവിളിയായി ഇഡി നോട്ടീസിനെകണ്ട് തദ്ദേശ തെരഞ്ഞടുപ്പില്‍ എല്‍ഡിഎഫിന് അനുകൂലമായി വോട്ടവകാശം വിനിയോഗിക്കാന്‍ സമ്മതിദായകര്‍ തയ്യാറാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നോട്ടീസ് തമാശ : സണ്ണി ജോസഫ്
കിഫ്‌ബി മസാല ബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇഡി അയച്ച കാരണം കാണിക്കല്‍ നോട്ടീസ് തമാശയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. ശബരിമല വിഷയങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനുള്ള മസാ ലയാണിത്. തെരഞ്ഞെടുപ്പ് സമയത്ത് മുഖ്യമന്ത്രിയെ സഹായിക്കാന്‍ കേന്ദ്രസർക്കാർ നടത്തുന്ന ഒത്തുകളിയാണിതെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
ഒന്നും സംഭവിക്കില്ല : രമേശ് ചെന്നിത്തല
എല്ലാ തെരഞ്ഞെടുപ്പ് കാലത്തും ഇഡി നോട്ടീസ് അയക്കാറുണ്ടെന്നും അതിൽ കള്ളത്തരമുണ്ടെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പിൽ സിപിഐ എമ്മിനെ സഹായിക്കാനാണ് ഇഡി നോട്ടീസ് അയക്കുന്നത്. മറ്റ് അന്വേഷണങ്ങൾക്ക് തയ്യാറാകാറില്ല.









0 comments