ബാങ്കുകളും അന്വേഷണ പരിധിയിൽ , സിം ദുരുപയോഗം തടയാൻ മാതൃകാചട്ടം വേണം
print edition ഡിജിറ്റൽ അറസ്‌റ്റ് തട്ടിപ്പ് : സിബിഐ അന്വേഷിക്കണം , സ്വമേധയാ എടുത്ത കേസിൽ സുപ്രീംകോടതി ഉത്തരവ്

ന്യൂഡൽഹി
രാജ്യവ്യാപകമായുള്ള ഡിജിറ്റൽ അറസ്‌റ്റ് തട്ടിപ്പുകളിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി. രാജ്യത്തെ പ്രധാന അന്വേഷണ ഏജൻസിയുടെ അടിയന്തര ശ്രദ്ധ വിഷയത്തിൽ ആവശ്യമുണ്ടെന്ന് ചീഫ് ജസ്‌റ്റിസ് സൂര്യകാന്ത്, ജസ്‌റ്റിസ് ജോയ്‌മാല്യ ബാഗ്‌ചി എന്നിവർ വ്യക്തമാക്കി. തട്ടിപ്പിന് അക്കൗണ്ടുകൾ ദുരുപയോഗിക്കുന്നതിനാൽ ബാങ്കുകളെയും അന്വേഷണ പരിധിയിൽ കൊണ്ടുവരാൻ സിബിഐക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ട്. റിസർവ് ബാങ്കിനെ കക്ഷിചേർത്ത കോടതി അന്വേഷണത്തിൽ സിബിഐയെ സഹായിക്കാനും ഉത്തര വിട്ടു.
കേസ് അന്വേഷിക്കുന്നതിൽ സിബിഐക്കുള്ള ‘ജനറൽ കൺസന്റ് ’പിൻവലിച്ച സംസ്ഥാനങ്ങളും വിഷയത്തിൽ സഹകരിക്കണം. തട്ടിപ്പുകാര്‍ സിമ്മുകൾ ദുരുപയോഗിക്കുന്നത് തടയാൻ മാതൃക ചട്ടങ്ങൾ കേന്ദ്രസർക്കാർ രൂപീകരിക്കണം. അവശ്യമെങ്കിൽ സിബിഐക്ക് ഇന്റർപോൾ സഹായവും തേടാം. റീജിയണൽ സൈബര്‍ ക്രൈം യൂണിറ്റുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാൻ സംസ്ഥാന, കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും നിര്‍ദേശം നൽകി.
കേസ് വീണ്ടും പരിഗണിക്കുന്പോൾ കേന്ദ്ര ടെലികോം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ഹാജരാകണം. മറ്റ് സൈബർ തട്ടിപ്പുകളും അന്വേഷണ പരിധിയിൽ വരുമെന്നും എന്നാൽ ആദ്യം ഡിജിറ്റൽ അറസ്‌റ്റുകളിൽ സിബിഐ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഉത്തരവിൽ പറഞ്ഞു. മുതിർന്ന പൗരന്മാരാണ് തട്ടിപ്പിന് കൂടുതലും ഇരയാകുന്നതെന്നും ബെഞ്ച് നിരീക്ഷിച്ചു. കേന്ദ്ര അന്വേഷണ ഏജൻസി ഉദ്യോഗസ്ഥർ എന്ന വ്യാജേന 1.5 കോടി രൂപ തട്ടിയെന്ന് കാട്ടി ഹരിയാന അംബാല സ്വദേശികളായ വൃദ്ധ ദന്പതികൾ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി സ്വമേധയാ കേസെടുത്തത്.








0 comments