print edition ജമാഅത്തെ ഇസ്ലാമി സഖ്യം : ഉത്തരംമുട്ടി നേതാക്കൾ

jamaat-e-islami-muslim-league
വെബ് ഡെസ്ക്

Published on Dec 02, 2025, 03:27 AM | 1 min read


മലപ്പുറം

ജമാഅത്തെ ഇസ്ലാമിയുമായുള്ള തെരഞ്ഞെടുപ്പ്‌ സഖ്യത്തിൽ ഉത്തരംമുട്ടി മുസ്ലിംലീഗ്‌ നേതാക്കൾ. പല ഉന്നത നേതാക്കളുടെയും വീട്‌ സ്ഥിതിചെയ്യുന്ന വാർഡുകളിലും പഞ്ചായത്തുകളിലും ലീഗ്‌ എംഎൽഎമാരുടെ മണ്ഡലങ്ങളിലും ലീഗ്‌– വെൽഫെയർ സഖ്യമാണ്‌. അവിശുദ്ധ കൂട്ടുകെട്ടിൽ ലീഗ്‌ അണികൾ തുടക്കംമുതൽ വിമർശമുയർത്തുന്നുണ്ട്‌. ലീഗ്‌ അനുകൂലികളായ സമസ്‌ത കേരള ജംഇയത്തുൽ ഉലമ (ഇകെ) പ്രവർത്തകർകൂടി പരസ്യ വിമർശവുമായി രംഗത്തെത്തിയതോടെ നേതാക്കൾ പ്രതിസന്ധിയിലായി. പലയിടത്തും സൈബർ പോര്‌ നേതാക്കളിലേക്കും തിരിഞ്ഞു.

ലീഗ്‌ സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമിന്റെ വീടുള്ള തിരൂരങ്ങാടി നഗരസഭയിലും മുൻ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബിന്റെ വീടുള്ള പരപ്പനങ്ങാടി നഗരസഭയിലും ലീഗ്‌– വെൽഫെയർ കൂട്ടുകെട്ടാണ്‌. ലീഗ്‌ ദേശീയ വൈസ്‌ പ്രസിഡന്റ്‌ കെ പി എ മജീദ്‌ എംഎൽഎയുടെ നിയമസഭാ മണ്ഡലമായ തിരൂരങ്ങാടിയിൽ വരുന്നതാണ്‌ ഇ‍ൗ നഗരസഭകൾ.


കെ പി എ മജീദിന്റെ വീടുള്ള പടപ്പറമ്പിലും വെൽഫെയർ സഖ്യമാണ്‌. പടപ്പറമ്പ് ബ്ലോക്ക് ഡിവിഷനിൽ ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽവന്നതു‌മുതൽ കോൺഗ്രസാണ് മത്സരിച്ചിരുന്നത്. ഇത്തവണ സീറ്റ്‌ ലീഗ്‌ സ്വന്തമാക്കി വെൽഫെയറിന്‌ നൽകി. കെ പി എ മജീദ്‌ ഇടപെട്ടാണ്‌ അവിശുദ്ധ സഖ്യമെന്ന്‌ കോൺഗ്രസ്‌ ആരോപിക്കുന്നു. കെ പി എ മജീദും വെൽഫെയ‌ര്‍ നേതാക്കളും നടത്തിയ രാഷ്ട്രീയ ച‌ര്‍ച്ചയുടെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്‌. വെൽഫെയർ സഖ്യത്തിൽ പ്രതിഷേധിച്ച്‌ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ രാജിവച്ചിരുന്നു.


ജമാഅത്തെ ഇസ്ലാമിയെ വിമർശിച്ച്‌ പുസ്‌തകമെഴുതിയ ലീഗ്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ സി പി സൈതലവിയുടെ ജന്മനാടായ മക്കരപ്പറമ്പിലും വെൽഫെയർ സഖ്യമാണ്‌. 12–ാം വാർഡ്‌ കോട്ടക്കുന്ന് പുണർപ്പയിൽ സൈതലവിയുടെ അനുജൻ സി പി അബ്ദുറഹ്മാൻ വെൽഫെയർ പിന്തുണയിലാണ്‌ മത്സരിക്കുന്നത്‌. ലീഗ്‌ സംസ്ഥാന സെക്രട്ടറി ആബിദ്‌ ഹുസൈൻ തങ്ങൾ എംഎൽഎയുടെ നാടാണിത്‌. പലയിടത്തും യുഡിഎഫിനുവേണ്ടി ഭവന സന്ദർശനം നടത്തുന്നത് ജമാഅത്തെ ഇസ്ലാമി പ്രവർത്തകരാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home