print edition ക്വട്ടേഷൻ സംഘമായി കോൺഗ്രസ് ഡിജിറ്റൽ മീഡിയ ; സ്വന്തം നേതാക്കളെയും വിടില്ല

തിരുവനന്തപുരം
ആരെയും ആക്രമിക്കാൻ ക്വട്ടേഷൻ ഏറ്റെടുത്ത ഗൂഢസംഘമായി കെപിസിസി ഡിജിറ്റൽ മീഡിയ വിഭാഗം മാറി. ധാർമികതയും നിലവാരവും മീഡിയാസംഘത്തിന് വിഷയമല്ല. സ്വന്തം നേതാവാണെങ്കിലും ആക്രമിക്കും. കേരളത്തിലെ ജീർണിച്ച കോൺഗ്രസിന്റെ മുഖമാണിത്.
രാജ്യത്തിന്റെ മതനിരപേക്ഷതയെ തകർക്കുന്ന ബിജെപിക്കും കേന്ദ്രസർക്കാരിനുമെതിരെ കോൺഗ്രസ് സൈബറിടങ്ങളിൽനിന്ന് ഒരു പോസ്‌റ്റും വന്നിട്ടില്ല. എന്നാൽ സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രിയെയും അധിക്ഷേപിക്കുന്ന പോസ്‌റ്റുകൾ ധാരാളം. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും കെ കെ ശൈലജ, തോമസ് ഐസക്, കെ ജെ ഷൈൻ, യു പ്രതിഭ എംഎൽഎ, എ എ റഹിം എംപി, മന്ത്രി എം ബി രാജേഷും കുടുംബവും, മന്ത്രി വി ശിവൻകുട്ടി, കടകംപള്ളി സുരേന്ദ്രൻ, ചിന്ത ജെറോം തുടങ്ങിയവർ ഇൗ സംഘത്തിന്റെ നിരന്തരം ആക്രമണത്തിനിരയാകുന്നവരാണ്.
എ കെ ജിയെ അപമാനിച്ച് പോസ്‌റ്റിട്ടത് ഡിജിറ്റൽ മീഡിയയ്‌ക്ക് നേതൃത്വംകൊടുത്ത വി ടി ബൽറാം ആണ്. സിപിഐ എം നേതാക്കളെ ആക്രമിക്കാൻ ‘കോട്ടയം കുഞ്ഞച്ച’നെ പോലുള്ളവരുണ്ട്.
സ്വന്തം നേതാക്കളെ ആക്രമിക്കാൻ പ്രത്യേകം ടീമില്ലെങ്കിലും സന്ദർഭം വന്നാൽ ഒരേ താൽപര്യമുള്ളവർ ഒരുമിക്കും. രമേശ് ചെന്നിത്തല, വി ഡി സതീശൻ, ഉമ തോമസ്, ബിന്ദു കൃഷ്‌ണ, ഷാനിമോൾ ഉസ്‌മാൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, സജന ബി സജൻ, നിതു വിജയൻ, കെ സി വേണുഗോപാലിന്റെ ഭാര്യ ആശ തുടങ്ങിയവർ അടുത്തിടെ ഇൗ സംഘത്തിന്റെ ഇരകളായി. ഇതിനുവേണ്ടി മാത്രം പോറ്റിവളർത്തുന്ന നൂറുകണക്കിനാളുകളും വ്യാജ വിലാസത്തിൽ അക്കൗണ്ടുകളുമുണ്ട്. ഇതിലൂടെയാണ് അപവാദ പോസ്‌റ്റുകൾ പറക്കുന്നത്.
രാഹുലിനെതിരായ വാർത്തകൾ വന്നയുടൻ ഇവർ ആക്രമണം തുടങ്ങി.
മൂന്നുമാസത്തിനുള്ളിൽ ഇക്കാര്യത്തിനായി നിരവധി യൂട്യൂബ് ചാനലുകളാണുണ്ടായി. എല്ലാത്തിന്റെയും ലക്ഷ്യം രാഹുലിനെ വെളിപ്പിച്ചെടുക്കലും എതിർക്കുന്നവരെ ആക്രമിക്കലുംമാത്രം.









0 comments