print edition തദ്ദേശ തെരഞ്ഞെടുപ്പിനിടെ തിടുക്കംകൂട്ടി ; ഫോം വിതരണവും ഡിജിറ്റൈസേഷനും പാളി

തിരുവനന്തപുരം
ഒമ്പത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും തിടുക്കപ്പെട്ട് നടപ്പാക്കുന്ന വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന (എസ്‌ഐആർ)യിൽ എറ്റവും പിന്നിലായി കേരളം. ഞായർ വൈകിട്ട് മൂന്നിന് പുറത്തുവന്ന ബുള്ളറ്റിൻ പ്രകാരം എന്യൂമറേഷൻ ഫോം വിതരണത്തിലും ഡിജിറ്റൈസ് ചെയ്യുന്നതിലും ഗുരുതര വീഴ്‌ചയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനുണ്ടായത്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രക്രിയകൾക്കിടയിൽ ധൃതിപിടിച്ച് എസ്‌ഐആർ നടപ്പാക്കിയതാണ് പിഴവിന് കാരണമായതെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ദേശീയ തലത്തിൽ 99.65 ശതമാനം ഫോമുകൾ വിതരണം ചെയ്യുകയും 84.30 ശതമാനം ഡിജിറ്റൈസേഷൻ പൂർത്തിയാക്കുകയും ചെയ്ത സ്ഥാനത്താണ് കേരളം പിന്നോട്ടുപോയത്.
കേരളത്തിൽ 98.67 ശതമാനം ഫോം വിതരണവും 81.19 ശതമാനം ഡിജിറ്റൈസുമാണ് പൂർത്തിയാക്കിയത്. ഗുജറാത്ത്, മധ്യപ്രദേശ് ഉൾപ്പെടെയുള്ള മിക്ക സംസ്ഥാനങ്ങളിലും 100 ശതമാനത്തിനടുത്ത് ഫോം വിതരണം ചെയ്യുകയും 90 ശതമാനത്തോളം ഡിജിറ്റൈസേഷൻ പൂർത്തിയാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണിത്. അർഹതയില്ലാത്തവരെ ഒഴിവാക്കുന്നതിലും പുതിയ വോട്ടർമാരെ ചേർക്കുന്നതിലും സംസ്ഥാനം മാതൃകയായിരുന്നു. എന്നിട്ടും എസ്‌ഐആർ നടപടിയിൽ പാളിച്ചവന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിൽ കമീഷന് ഉത്തരമില്ല.
എസ്‌ഐആർ സുതാര്യമായി നടത്തുന്നതിൽ ഉദ്യോഗസ്ഥരുടെ കുറവും കാരണമായിട്ടുണ്ട്. ഒരുമിച്ച് രണ്ട് വലിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാമെന്ന് കലക്ടർമാരാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് ഉറപ്പുനൽകിയത്. തുടർന്ന് തീയതി വെട്ടിച്ചുരുക്കി അറിയിപ്പ് നൽകി ബിഎൽഒമാർ ഉൾപ്പെടെയുള്ളവരെ സമ്മർദത്തിലാക്കുകയുംചെയ്തു. അർഹരായ എല്ലാ വോട്ടർമാരെയും കണ്ടെത്തുമെന്ന കമീഷന്റെ വാദവും നടപ്പായില്ല. വീഴ്ചകൾ കണക്കിലെടുത്ത് സമയപരിധി ഒരാഴ്ച നീട്ടിനൽകിയിട്ടുണ്ടെങ്കിലും ഈ അധിക സമയം എത്രത്തോളം പ്രയോജനപ്പെടുത്താനാകുമെന്നതിൽ അധികൃതർക്ക് ആശങ്കയുണ്ട്.
കണ്ടെത്താനാകാത്തവർ 13 ലക്ഷത്തിലേക്ക്
വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനയിൽ കേരളത്തിൽ കണ്ടെത്താൻ കഴിയാത്തവരുടെ എണ്ണം 13 ലക്ഷത്തിലേക്ക്. തിങ്കൾ വൈകിട്ട് ആറുവരെ 12, 40, 715 പേരെ കണ്ടെത്താനായില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫ-ീസർ പറഞ്ഞു. ഇത്രയുംപേരെ വോട്ടർപ്പട്ടികയിൽനിന്ന് നീക്കും. ഇവരിൽ വോട്ടവകാശത്തിന് അർഹതയുള്ളവരുണ്ടാകും എന്നാണ് വിലയിരുത്തൽ.
ബിഎൽഒ– ബിഎൽഎ സംയുക്തയോഗം ഇക്കാര്യം പരിശോധിക്കണമെന്ന് നിർദേശമുണ്ടെങ്കിലും പലയിടത്തും നടപ്പാകുന്നില്ല. നഗരപ്രദേശങ്ങളിൽനിന്നുള്ള ഫോമുകൾ തിരികെ കിട്ടുന്നതിന് വലിയബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി ബിഎൽഒമാർ അറിയിച്ചെന്നും സിഇഒ പറഞ്ഞു.









0 comments