print edition 149 പേർക്ക് 21ന്റെ ചെറുപ്പം ; കൂടുതൽ സ്ഥാനാർഥികൾ തിരുവനന്തപുരം പേട്ടയിൽ

തിരുവനന്തപുരം
തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള യോഗ്യത പ്രായമായ 21 ൽ ജനവിധി തേടുന്നത് 149 സ്ഥാനാർഥികൾ. 130 വനിതകളും 19 പുരുഷന്മാരുമാണുള്ളത്. 25 വയസ്സിൽ താഴെയുള്ള 1,183 പേരാണ് ജനഹിതം തേടുന്നത്. 917 വനിതകളും 266 പുരുഷന്മാരും. സംസ്ഥാനത്തെ ആകെ സ്ഥാനാർഥികളുടെ എണ്ണം 75,644 ആണ്. 39,609 വനിതകളും 36,034 പുരുഷൻമാരും ഒരു ട്രാൻസ്‌ജെൻഡറും മത്സരിക്കുന്നു. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ പോത്തൻകോട് വാർഡിലാണ് ട്രാൻസ്ജെൻഡർ മത്സരിക്കുന്നത്.
സംസ്ഥാനത്തെ വനിതാ സ്ഥാനാർഥി പ്രാതിനിധ്യം 52.36ശതമാനമാണ്. കൊല്ലം (55.26 ശതമാനം) ആണ് മുന്നിൽ. ഗ്രാമപഞ്ചായത്തിൽ 29,262 വനിതകളും 26,168 പുരുഷന്മാരും ബ്ലോക്കിൽ 3,583 സ്ത്രീകളും 3,525 പുരുഷന്മാരും ജില്ലാ പഞ്ചായത്തിലേക്ക് 672– 602, നഗരസഭകളിൽ 5,221 – 4,810, കോർപറേഷനുകളിൽ 941 – 859 മത്സരിക്കുന്നു.
2020-ൽൽ 74,899 പേരാണ് മത്സരിച്ചത്. 38,593 പുരുഷൻമാരും 36,305 വനിതകളും ഒരു ട്രാൻസ്ജെൻഡറും. വനിതാ പ്രാതിനിധ്യം 48.45 ശതമാനം. ഇത്തവണയും കൂടുതൽ സ്ഥാനാർഥികൾ മലപ്പുറത്താണ്– 8,381 പേർ. കുറവ് വയനാടും– 1,968.
കൂടുതൽ സ്ഥാനാർഥികൾ തിരുവനന്തപുരം പേട്ടയിൽ
തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മത്സരിക്കുന്നത് തിരുവനന്തപുരം കോർപറേഷനിലെ പേട്ട വാർഡിൽ. 11 പേരാണ് സ്ഥാനാർഥികൾ.
അതേസമയം, സംസ്ഥാനത്ത് 16 വാർഡുകളിൽ സ്ഥാനാർഥി എതിരില്ലാതെ വിജയിച്ചു. ഇതിൽ 15 ഇടത്തും എൽഡിഎ-ഫിനാണ് വിജയം. ഒരിടത്ത് യുഡിഎഫ്.
കൂടുതൽ സ്ഥാനാർഥികളുള്ള പഞ്ചായത്ത് വാർഡ് കോട്ടയം ജില്ലയിലെ കുറുവിലങ്ങാട് കോളേജ് വാർഡാണ്. ഒന്പത് സ്ഥാനാർഥികൾ. ഒരു പഞ്ചായത്തിൽ ഏറ്റവും കൂടുതൽ സ്ഥാനാർഥികളുള്ളത് കണ്ണൂർ ജില്ലയിലെ കുന്നോത്തുപറമ്പിലാണ്– 102 പേർ. കുറവ് കണ്ണൂർ മലപ്പട്ടം– 25. ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ കൂടുതൽ സ്ഥാനാർഥികൾ കോഴിക്കോട് ജില്ലയിലെ കുന്നമംഗലം ബ്ലോക്കിലാണ്– 76 പേർ. ജില്ലാപഞ്ചായത്തുകളിൽ കൂടുതൽ സ്ഥാനാർഥികളുള്ളത് 126 പേർ മത്സരിക്കുന്ന മലപ്പുറത്താണ്. കുറവ് പത്തനംതിട്ടയിൽ– -54 പേർ.








0 comments