കിഫ്‌ബി മാജിക്കിൽ മാറിയ നാട്
ഇഡി കണ്ടുവോ; നടക്കാവ് ഇൻഡോർ സ്‌റ്റേഡിയം

നടക്കാവിലെ മൾട്ടി പർപ്പസ് ഇൻഡോർ സ്‌റ്റേഡിയത്തിന്റെ ആകാശ ദൃശ്യം
തൃക്കരിപ്പൂർ
കളിക്കളത്തിലെ വിജയം ഒരിക്കലും യാദൃച്ഛികതയല്ലെന്ന് പറഞ്ഞത് ഫുട്‌ബോൾ ഇതിഹാസം പെലെ. കഠിനാധ്വാനത്തിനൊപ്പം കായിക പ്രതിഭകൾക്ക് കരുതലും പിന്തുണയും പ്രോത്സാഹനവുമുണ്ടെങ്കിൽ വിജയത്തിലേക്ക് ഓടിക്കയറാം. കിഫ്‌ബി പിന്തുണയിൽ തൃക്കരിപ്പൂർ നടക്കാവിൽ പൂർത്തിയായത് സംസ്ഥാനത്തെ മികച്ച സ്‌പോർട് ഹബുകളിലൊന്നാണ്. 29.42 കോടി രൂപ ചിലവിൽ നിർമിച്ച മൾട്ടി പർപ്പസ് ഇൻഡോർ സ്‌റ്റേഡിയത്തിന്റെ നിർമാണം പൂർത്തിയായി. വൈദ്യുതി കണക്‌ഷനും കഴിഞ്ഞ ദിവസം ലഭിച്ചതോടെ സ്‌റ്റേഡിയം കമീഷനിങ്ങിലേക്ക് കടക്കും. എം രാജഗോപാലൻ എംഎൽഎയുടെ ഇടപെടലിന്റെ ഭാഗമായാണ് സിന്തറ്റിക് ഫുട്ബോൾ സ്റ്റേഡിയത്തോട് ചേർന്ന് ഇൻഡോർ സ്റ്റേഡിയം നിർമിച്ചത്. രണ്ട് സ്‌റ്റേഡിയങ്ങളും ചേർന്നുനിൽക്കുന്നത് മനോഹര കാഴ്‌ചയാണ്. വൻ നഗരങ്ങളിൽ മാത്രം കണ്ടിരുന്ന വന്പൻ സ്റ്റേഡിയം നാട്ടിലും തലയുയർത്തി നിൽക്കുന്നത് അഭിമാനമാണെന്ന് എംഎൽഎ പറഞ്ഞു. കായിക വകുപ്പിന്റെ എൻജിനീയറിങ് വിഭാഗത്തിന്റെ മേൽനോട്ടത്തിലായിരുന്നു പ്രവൃത്തി. കിറ്റ്കോ ലിമിറ്റഡാണ് രാജ്യാന്തര നിലവാരത്തിലുള്ള പരിശീലനത്തിനുള്ള സൗകര്യങ്ങളോടെ സ്റ്റേഡിയം പണിതത്. ബാഡ്മിന്റൺ, ബാസ്‌കറ്റ് ബോൾ, വോളിബോൾ, ടേബിൾ ടെന്നിസ് തുടങ്ങിയവയുടെ പരിശീലനത്തിനും ചാന്പ്യൻഷിപ്പുകൾക്കും സൗകര്യമുണ്ട്. ഒളിന്പിക്സ് മത്സരങ്ങൾക്ക് ഉൾപ്പെടെ ഉപയോഗപ്പെടുത്താവുന്നതാണ് നീന്തൽക്കുളം. മത്സരങ്ങൾക്കും നീന്തൽ പഠിക്കുന്നതിനും വാട്ടർ പോളോ, കനായ് പോളോ, അണ്ടർ വാട്ടർ ഹോക്കി, അണ്ടർ വാട്ടർ റഗ്ബി, ഫിൻസ് നീന്തൽ, സ്പോട്സ് ഡൈവിങ് തുടങ്ങിയവക്കും ജീവൻരക്ഷാ പരിശീലനത്തിനും ഉപയോഗിക്കാം. ജില്ലയിലെ പ്രഥമ സെമി ഒളിംപിക് നീന്തൽക്കുളമാണിത്. സ്വാഭാവിക പുൽത്തകിടിയിൽ രൂപപ്പെടുത്തിയ സ്പ്രിങ്ളർ സംവിധാനത്തോടെയുള്ള ഫുട്ബോൾ കോർട്ടുമുണ്ട്. കബഡി കോർട്ടും ഒരുക്കിയിട്ടുണ്ട്. 400 മീറ്റർ ഫ്ലഡ് ലൈറ്റ് ട്രാക്കുണ്ട്. ആയിരക്കണക്കിനാളുകൾക്ക് ഇരുന്നുകളികാണാം. മൂന്ന് നിലകളിലാണ് ഗ്യാലറിയോടെയുള്ള പവലിയൻ കെട്ടിടം. കായിക താരങ്ങൾക്കും സാങ്കേതിക വിദഗ്ധർക്കും ഒഫിഷ്യൽസിനുമുള്ള മുറികൾ, വിഐപി മുറി, മീഡിയ റൂം, ഫെഡറേഷൻ ലോഞ്ച്, ഷോപ്പിങ് മാൾ, വാഹന പാർക്കിങ്, സമാന്തര റോഡ് തുടങ്ങിയവയുണ്ട്. കോഴിക്കോട് ആസ്ഥാനമായ മാപ്പ് ഗ്ലോബൽസ് കൺസ്ട്രക്‌ഷൻസാണ് നിർമാണം ഏറ്റെടുത്തത്.









0 comments