print edition പലവട്ടം പാളിയ 'നോട്ടീസ് നാടകം'

കാൽനൂറ്റാണ്ടിനപ്പുറം സാധ്യമാകുമെന്ന് കരുതിയിരുന്ന വികസനം ഒറ്റ പതിറ്റാണ്ടിൽ കേരളം യാഥാർഥ്യമാക്കിയത് കിഫ്‌ബിയുടെ ചിറകിലേറിയാണ്. ബൃഹദ് പദ്ധതികളുമായി മുന്നേറാൻ എൽഡിഎഫ് സർക്കാരിന് ഉൾക്കരുത്ത് നൽകി കിഫ്‌ബി. കേരളം വികസിക്കുന്നതിലുള്ള ഒടുങ്ങാത്ത പകയാണ് അന്വേഷണ ഏജൻസികളെ ആയുധമാക്കിയുള്ള മോദിസർക്കാരിന്റെ പ്രതികാര നടപടികൾക്കു പിന്നിൽ. ഓരോ തെരഞ്ഞെടുപ്പുകാലത്തും ഇത്തരം പ്രഹസനങ്ങൾ ഇഡി പരിഹാസ്യമായി തുടരുന്നു.
തിരുവനന്തപുരം
തദ്ദേശതെരഞ്ഞെടുപ്പിന‍് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പലവട്ടം പാളിയ "നോട്ടീസ് നാടകവുമായി' സംസ്ഥാനത്ത് വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) എത്തി. കിഫ്ബി മസാല ബോണ്ടിൽ ഫെമ ചട്ടലംഘനം ആരോപിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയനും മുൻ ധനമന്ത്രി തോമസ് ഐസക്കിനും കിഫ്‌ബി സിഇഒ കെ എം എബ്രഹാമിനും ശനിയാഴ്ച നോട്ടീസ് അയച്ചത്. പതിവുപോലെ വിവരം മാധ്യമങ്ങൾക്കും എത്തിച്ചു. കോടതികളിൽനിന്നടക്കം തുടർച്ചയായി തിരിച്ചടി നേരിട്ടിട്ടും കലിതീരാതെയാണ് വീണ്ടും ഇല്ലാക്കഥയുമായി ഇഡിയിറങ്ങിയത്.
2020ലെ തദ്ദേശ തെരഞ്ഞെടുപ്പ് മുതലാണ് ഇഡി അടക്കമുള്ള കേന്ദ്ര ഏജൻസികൾ ഇല്ലാക്കഥകളുമായി എൽഡിഎഫ് സർക്കാരിനും നേതാക്കൾക്കുമെതിരെ രംഗത്തിറങ്ങിയത്. വലതുപക്ഷ മാധ്യമങ്ങളെ കൂട്ടുപിടിച്ചായിരുന്നു ഇഡിയുടെ നീക്കം. സിപിഐ എം നേതാക്കൾക്കും മന്ത്രിമാർക്കും പലകാരണങ്ങൾ പറഞ്ഞ് നോട്ടീസുകൾ അയക്കുകയും അവയെല്ലാം ഉടനടി മാധ്യമങ്ങൾക്കു നൽകി ‘വാർത്ത’ സൃഷ്ടിക്കുകയുമായിരുന്നു ആദ്യനീക്കം. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മാധ്യമവേട്ടയാണ് പിന്നെ. ഇതിനെയെല്ലാം അതിജീവിച്ചാണ് കഴിഞ്ഞ തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫ് ഉജ്വല വിജയം നേടിയത്.
2020-ലെ തദ്ദേശ തെരഞ്ഞെടുപ്പുസമയത്ത് കിഫ്‌ബിയുടെ മസാലബോണ്ട് സംബന്ധിച്ചാണ് നോട്ടീസ് അയച്ചത്. എന്നാൽ, തുടർനടപടി ഒന്നുണ്ടായില്ല. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പുവേളയിൽ ഇഡിയെ കൂടാതെ സിബിഐയും എത്തി. ലൈഫ് പദ്ധതിയെയും കിഫ്‌ബിയെയും ലക്ഷ്യമിട്ടു.
അഞ്ചുലക്ഷം മനുഷ്യർക്ക് വീടൊരുക്കിയ ലൈഫിൽ തട്ടിപ്പെന്ന ഇല്ലാക്കഥ മെനഞ്ഞു. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി. എന്നാൽ, തെളിവുകളൊന്നുംതന്നെ കിട്ടിയില്ല. മസാല ബോണ്ട് കേസിൽ ഹൈക്കോടതിയിൽനിന്ന് രൂക്ഷ വിമർശനം കിട്ടി. തെരഞ്ഞെടുപ്പ് കഴിഞ്ഞത്തോടെ പെട്ടിയുമെടുത്ത് സ്ഥലം വിട്ട ഇഡി പിന്നീട് ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് സമാനമായ നീക്കവുമായി എത്തി.
അന്നും വെറുംകൈയോടെ പരിഹാസ്യരായി മടങ്ങി. അന്നത്തേത്തിന് സമാനമായാണ് പഴകിപ്പൊളിഞ്ഞ ആരോപണങ്ങളുമായി ഇക്കുറിയും ഇഡിയുടെ വരവ്. കേന്ദ്രം സാമ്പത്തിക ഉപരോധം മറികടന്നും കേരളത്തിന്റെ പശ്ചാത്തലവികസനം അത്ഭുകരമായ മാറ്റമുണ്ടാക്കിയെന്നതാണ് കിഫ്‌ബിയോട് ഇഡിക്കും കേന്ദ്രത്തിനുമുള്ള പക.
ഒന്നാം പിണറായി സർക്കാർ 50,000 കോടിയുടെ വികസനമാണ് കിഫ്‌ബി വഴി പ്രഖ്യാപിച്ചതെങ്കിൽ 2021ൽ അത് 62,000 കോടിയിലെത്തി. ഇപ്പോൾ അത് 90,562 കോടിയായി. മറ്റൊരു സംസ്ഥാനത്തിനുമുണ്ടാകാത്ത ഇൗ നേട്ടമാണ് ഇഡിയെ പ്രകോപിപിച്ചത്.
വ്യക്തമായ തെളിവോ കാരണങ്ങളോ ഇല്ലാതെ രാഷ്‌ട്രീയ പകതീർക്കാനുള്ള ചട്ടുകമായി ‘ചുറ്റിത്തിരിയരുത്’ എന്ന് പലപ്രാവശ്യം സുപ്രീംകോടതി തന്നെ ഇഡിയോട് വ്യക്തമാക്കിയതാണ്. തോമസ് ഐസക്കിന് അയച്ച നോട്ടീസിന്റെ കാരണം ബോധ്യപ്പെടുത്തണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടപ്പോഴൊക്കെ ഒളിച്ചുകളിക്കുകയായിരുന്നു ഇഡി. നിവൃത്തികെട്ടാണ് അന്ന് സമൻസ് പിൻവലിച്ച് ഓടിയത്.
കേരളത്തോടുള്ള വെല്ലുവിളി : എം വി ഗോവിന്ദൻ
എല്ലാ തെരഞ്ഞെടുപ്പുകാലത്തും ഇഡി നോട്ടീസ് അയക്കാറുണ്ടെന്നും ഇൗ പ്രതിഭാസം രാഷ്ട്രീയക്കളിയാണെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബിജെപിയുടെ രാഷ്ട്രീയ നിലപാടിനെ അടിസ്ഥാനമാക്കി കേരളത്തെ തകർക്കാനാണ് ശ്രമം. മുഖ്യമന്ത്രിക്കും തോമസ് ഐസക്കിനുമെതിരെ മാത്രമുള്ളതല്ല, കേരളത്തോടുതന്നെയുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ തദ്ദേശ, നിയമസഭ, പാർലമെന്റ് തെരഞ്ഞെടുപ്പുകാലത്തും നോട്ടീസ് വന്നു. ഒരുലക്ഷം കോടിയുടെ വികസന പ്രവർത്തനങ്ങൾക്കാണ് കിഫ്ബി നേതൃത്വം കൊടുത്തത്. പശ്ചാത്തലസൗകര്യം ലോകോത്തരമാക്കിയ കിഫ്ബിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം മുന്പേ തുടങ്ങിയതാണ്. മുന്പും ഇക്കാര്യത്തിൽ ഇഡി നോട്ടീസ് അയച്ചതാണല്ലോ. എന്തിനാണ് നോട്ടീസ് അയച്ചതെന്ന് ഐസക് നേരിട്ടും കോടതിയിലും ചോദിച്ചല്ലോ. അതിനൊന്നും ഇതുവരെ ഇഡി മറുപടി പറഞ്ഞിട്ടില്ല. സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ ഇഡി വരുന്പോൾ മാത്രമാണ് രാഷ്ട്രീയ പകപോക്കലെന്ന് കോൺഗ്രസ് നിലപാടെടുക്കുന്നത്. ഏതു രാഷ്ട്രീയ പാർടിക്കെതിരെയായാലും സിപിഐ എം നിലപാട് ഒന്നുതന്നെയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
വെറുതെ വിരട്ടേണ്ട പേടിക്കില്ല : ടി എം തോമസ് ഐസക്
കിഫ്‌ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട വിവാദം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നും ഇഡി ബിജെപിക്ക് പാദസേവ ചെയ്യുകയാണെന്നും സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ടി എം തോമസ് ഐസക്. മസാല ബോണ്ടുവഴി എടുത്തപണം ഉപയോഗിച്ച് ഭൂമി വാങ്ങിയത് നിയമവിരുദ്ധമാണെന്നാണ് ഇഡിയുടെ പുതിയവാദം. എന്നാൽ, ഭൂമി വാങ്ങുകയല്ല, നിയമപ്രകാരം ഏറ്റെടുക്കുകയാണ് ചെയ്‌തത്. രണ്ടും രണ്ടു നിയമമാണ്.
പതിനായിരക്കണക്കിന് കോടിയുടെ ഇടപാട് നടത്തുന്ന സ്ഥാപനമാണ് കിഫ്‌ബി.

ബിജെപിയുടെ ശീലമനുസരിച്ച് ഇത്രയും പണമിടപാട് നടന്ന സ്ഥിതിക്ക് എന്തെങ്കിലും തടയുമെന്ന ധാരണയിലാകും അർഥമില്ലാത്ത നോട്ടീസുകൾ. അന്വേഷണം നടത്തുന്നതിനിടെ ഡൽഹി ഇഡി പ്രത്യേക ഡയക്ടറേറ്റിൽ(ന്യായവിധി) കുറ്റപത്രം സമർപ്പിച്ചിരിക്കുകയാണ്. അതിനാണ് കാരണംകാണിക്കൽ നോട്ടീസ്. നാലുദിവസം മുമ്പാണ് നോട്ടീസ് ലഭിച്ചത്. ഞങ്ങൾ ആരോടും പറഞ്ഞില്ലെങ്കിലും പതിവുപോലെ ഇഡി മാധ്യമങ്ങൾക്ക് ചോർത്തി. വെറുതേ വിരട്ടേണ്ട. ഇഡിയെ പേടിയില്ല– ഐസക് പറഞ്ഞു.
ആദ്യം നോട്ടീസ് വരുന്നത് 2020ലെ തദ്ദേശ തെരഞ്ഞെടുപ്പ് സമയത്താണ്. പിന്നീട് നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്തുംവന്നു. മസാലബോണ്ടിറക്കാൻ കി-ഫ്‌ബിക്ക് അവകാശമില്ലെന്നായിരുന്നു വാദം. ആർബിഐ അംഗീകാരത്തോടെയായിരുന്നു എല്ലാ നടപടികളുമെന്ന് വ്യക്തമാക്കിയെങ്കിലും ഹാജരാകണമെന്നായിരുന്നു നോട്ടീസ്. താനുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ടു. ഇതൊക്കെ എന്തിനാണെന്ന് ആരാഞ്ഞ് ഹൈക്കോടതിയിൽ ഹർജി നൽകി. അപ്പോൾ രേഖകളുടെ എണ്ണം കുറച്ചെങ്കിലും ഹാജരാകണമെന്ന് പറഞ്ഞു. ഇത് കോടതിയിൽ ചോദ്യംചെയ്‌തിട്ട് ഇത്രയും കാലമായിട്ടും ലളിതമായ ചോദ്യത്തിന് മറുപടി നൽകാൻ ഇഡിക്കായില്ല. ഒരു ഫെമാലംഘനവും മസാലബോണ്ട് ഇടപാടിൽ ഉണ്ടായിട്ടില്ല– ഐസക് മാധ്യമങ്ങളോട് പറഞ്ഞു.
ചെന്നിത്തലയുടെ വാദം വിചിത്രം
സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ കേസെടുത്തു വേട്ടയാടുന്നവരെ പിന്താങ്ങാനാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ശ്രമിക്കുന്നതെന്ന് ഐസക്. രമേശ് ചെന്നിത്തലയുടെ വാദം വിചിത്രമാണ്. മസാലബോണ്ട് നിയമവിരുദ്ധമാണെന്ന് പണ്ടേ അദ്ദേഹം പറഞ്ഞിട്ടുണ്ടത്രേ!. രാഷ്‌ട്രീയവ്യത്യാസമില്ലാതെ കേരളത്തിൽ എല്ലാ മണ്ഡലങ്ങളിലും കിഫ്ബി വഴിയുള്ള ഫണ്ട് വിനിയോഗിച്ചിട്ടുണ്ട്. കേന്ദ്ര ഏജൻസികളുടെ ഗൂഢതന്ത്രം മനസ്സിലാക്കി കോൺഗ്രസ് രാഷ്‌ട്രീയ നിലപാട് സ്വീകരിക്കണം.
നോട്ടീസ് അയച്ചത് 7 തവണ
മസാലബോണ്ടിൽ ഫെമ നിയമലംഘനമുണ്ടോയെന്ന് അന്വേഷിക്കാനെന്ന പേരിൽ ഏഴുതവണയാണ് തോമസ് ഐസക്കിന് ഇഡി നോട്ടീസയച്ചത്. ഇഡി അന്വേഷണം നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി ഐസക് ആദ്യംതന്നെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്തിനാണ് ഐസക്കിനെ ചോദ്യം ചെയ്യുന്നതെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. അത് വ്യക്തമാക്കാൻ ഇതുവരെ ഇഡിക്ക് കഴിഞ്ഞിട്ടില്ല.
2024 ലോക്‌സഭ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽനിന്ന് മത്സരിക്കുന്പോഴും ഇഡി ചോദ്യംചെയ്യലിന് ശ്രമിച്ചു. ഇൗസമയത്ത് സ്ഥാനാർഥിയെ ശല്യംചെയ്യേണ്ടതില്ലെന്ന് ഹൈക്കോടതി പറഞ്ഞതോടെ ആ നീക്കം ഉപേക്ഷിച്ചു.
ഐസക്കിന്റെ വ്യക്തിപരമായ വിവരങ്ങൾ ചോദിച്ച് കുടുംബാംഗങ്ങളുടെയടക്കം ബാങ്കുരേഖകളുമായി ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഹൈക്കോടതി അനുവദിച്ചില്ല. കിഫ്ബി ഇടപാടുമായി ബന്ധപ്പെട്ട് ഐസക്കിൽനിന്ന് വിവരം തിരക്കാനാണ് സമൻസ് അയച്ചതെന്നും മറ്റു ലക്ഷ്യങ്ങളില്ലെന്നും ഇഡി മലക്കംമറിഞ്ഞു. ഇഡി നൽകിയ സമൻസുകൾക്കെതിരെ കിഫ്ബിയും ഐസക്കും നൽകിയ ഹർജികളിൽ വാദം പൂർത്തിയായി. വിധി പറയാൻ മാറ്റിയിരിക്കുകയാണ്.
കിടിലൻ കിഫ്‌ബി
കേരളം അടിസ്ഥാനസൗകര്യ വികസനത്തിൽ ഒമ്പതരവർഷംകൊണ്ട് അതിശയകരമായ കുതിപ്പ് നടത്തിയത് കിഫ്‌ബിയിലൂടെ. 1999ൽ ഇ കെ നായനാർ സർക്കാരിന്റെ കാലത്ത് രൂപം നൽകിയ കിഫ്‌ബിയെ ഉടച്ചുവാർത്ത്, വികസനത്തിനാവശ്യമായ ധനസമാഹരണത്തിനുള്ള ബദൽമാർഗമായി വികസിപ്പിച്ചത് 2016ലെ ഒന്നാം പിണറായി വിജയൻ സർക്കാരാണ്. ഇതിലൂടെ, പതിറ്റാണ്ടുകൾക്കപ്പുറം സംഭവിക്കുമെന്ന് സ്വപ്‌നംകണ്ടിരുന്ന വികസനപദ്ധതികളെ യാഥാർഥ്യമാക്കി. 90,562 കോടി രൂപയുടെ പദ്ധതികൾ നടപ്പാകുമെന്ന് ചിന്തിക്കാൻപോലും പറ്റില്ലായിരുന്നു. അവിടെയാണ് കിഫ്‌ബിയിലൂടെ കേരളം അത്‌ഭുതം സൃഷ്‌ടിച്ചത്. 1190 പദ്ധതികളും അതിലേറെ ഉപപദ്ധതികളും സാധ്യമാക്കി. മികച്ച സ്‌കൂളുകളും ആശുപത്രികളും റോഡുകളും മൈതാനങ്ങളും വ്യവസായപാർക്കുകളും ഐടി പാർക്കുകളുമായി കേരളം മാറിയ വർഷങ്ങൾ. അതാണ് കേന്ദ്രസർക്കാരിന് നേതൃത്വം നൽകുന്ന ബിജെപിയുടെയും കേരളത്തിലെ പ്രതിപക്ഷത്തിന്റെയും ഉറക്കംകെടുത്തുന്നത്.










0 comments