print edition പര്യടനം ഗൾഫ്‌ രാജ്യങ്ങളുമായുള്ള സഹകരണം വർധിപ്പിക്കാൻ സഹായിച്ചു: മുഖ്യമന്ത്രി

Pinarayi Vijayan.jpg
വെബ് ഡെസ്ക്

Published on Dec 02, 2025, 02:58 AM | 1 min read


ദുബായ്‌

ഗൾഫ്‌ പര്യടനത്തിന്റെ ഭാഗമായി നടത്തിയ സന്ദർശനങ്ങൾ വിവിധ രാജ്യങ്ങളുമായുള്ള സഹകരണം വർധിപ്പിക്കാൻ സഹായിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. അഞ്ച്‌ ജിസിസി രാജ്യങ്ങളിലെ മന്ത്രിമാരുമായും ഭരണനേതൃത്വവുമായും കൂടിക്കാഴ്‌ചകളും ചർച്ചകളും നടത്തി. വിവിധ മേഖലകളിൽ കേരളത്തിൽ നിക്ഷേപം നടത്താൻ ഭരണാധികാരികൾ പിന്തുണ അറിയിച്ചു. മലയാളി സമൂഹത്തിന്റെ ദീർഘകാലമായുള്ള ഇടപെടലുകളാണ്‌ ശക്തമായ ബന്ധം വളർത്താൻ സഹായിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. അമിറ്റി സ്കൂൾ ഗ്രൗണ്ടിൽ ‘ഓർമ’ സംഘടിപ്പിച്ച ‘കേരളോത്സവം' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


കഴിഞ്ഞ ഒന്പതു വര്‍ഷത്തിൽ കേരളം എല്ലാ മേഖലയിലും വലിയ വളർച്ച കൈവരിച്ചു. വികസന പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നടപ്പാക്കാന്‍ തുടര്‍ഭരണത്തിലൂടെ സാധിച്ചു. നാഷണല്‍ ഹൈവേയും ഗെയില്‍ പൈപ്പ്‌ലൈനും ഇടമണ്‍ പവര്‍ ഗ്രിഡുമൊക്കെ ഇതിന് ഉദാഹരണമാണ്. ദേശീയപാത വികസനത്തിന് ഏറ്റെടുക്കുന്ന ഭൂമിയുടെ വിലയില്‍ 25 ശതമാനം കേരളം കൊടുക്കാമെന്ന നിബന്ധനയിലാണ് നിർമാണം തുടങ്ങിയത്. ഗെയിലും ഇടമണ്‍ കൊച്ചി പവര്‍ഹൈവേയും പൂര്‍ത്തിയാക്കി പ്രവൃത്തി തുടങ്ങി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സ്‌കൂളുകള്‍ നവീകരിച്ച് വിദ്യാഭ്യാസ മേഖല കരുത്തുറ്റതാക്കി. ഐടി, സ്റ്റാർട്ടപ്‌ മേഖലയിലും വലിയ വളർച്ച നേടി. ഇതെല്ലാം തുടർഭരണത്തിന്റെ പ്രത്യേകതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘ഓർമ’ ദുബായിൽ സംഘടിപ്പിച്ച ബിസിനസ്‌ മീറ്റിലും മുഖ്യമന്ത്രി പങ്കെടുത്തു.


സംഘാടക സമിതി ചെയർമാൻ ഡോ. കെ പി ഹുസൈൻ അധ്യക്ഷനായി. ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ, മന്ത്രി സജി ചെറിയാൻ, ചീഫ്‌ സെക്രട്ടറി ഡോ. എ ജയതിലക്, നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ എം എ യൂസഫലി എന്നിവർ സംസാരിച്ചു. പ്രവാസി ക്ഷേമനിധി ഡയറക്‌ടർ ബോർഡ് അംഗവും സംഘാടക സമിതി ജനറൽ കൺവീനറുമായ എൻ കെ കുഞ്ഞമ്മദ്‌ സ്വാഗതവും ഓർമ ജനറൽ സെക്രട്ടറിയും സംഘാടക സമിതി ജോയിന്റ്‌ കൺവീനറുമായ ഷിജു ബഷീർ നന്ദിയും പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home