print edition വികസനത്തിന് ‘തുരങ്കം’

ENFORCEMENT DIRECTORATE
avatar
സി കെ ദിനേശ്‌

Published on Dec 02, 2025, 02:45 AM | 2 min read


തിരുവനന്തപുരം

കിഫ്‌ബിയുടെ പുതിയ പദ്ധതിയായ വയനാട്‌ തുരങ്കപാതയുടെ നിർമാണം നടക്കവേയാണ്‌ കേരളത്തിന്റെ വികസനത്തിനുതന്നെ ‘തുരങ്കം’ വയ്ക്കുന്ന ഇഡിയുടെ പുതിയ ഇടപെടൽ. 2134 കോടി രൂപ മുടക്കി 60 മാസംകൊണ്ട്‌ തുരങ്കപാത വരും. വയനാടിന്റെ മാത്രമല്ല കേരളത്തിന്റെയാകെ വ്യവസായ, വിനോദസഞ്ചാര സാധ്യതകൾക്കാണ്‌ പുതുവഴി തെളിയുന്നത്‌. വളർച്ചാസാധ്യതകളെല്ലാം തടയുകയെന്ന ദുഷ്ടലാക്കാണ്‌ ബിജെപിയുടെ വാലാട്ടിയായ ഇഡിക്കുള്ളത്‌. ഇത്തരം അതിക്രമങ്ങൾക്ക്‌ കുടപിടിക്കുന്നവരായിമാറി യുഡിഎഫ്‌.


കേന്ദ്രസർക്കാർ തുടരുന്ന തുടർച്ചയായ അവഗണനയാണ്‌ കിഫ്‌ബിപോലെ ബദൽമാർഗങ്ങൾ തേടാൻ കേരളത്തെ പ്രേരിപ്പിച്ചത്‌. ദേശീയപാതകൾ, റെയിൽപാലങ്ങൾ, ആശുപത്രികൾ, പൊതുമേഖല കന്പനികൾ തുടങ്ങി ഒരു രംഗത്തും അനുകൂല സമീപനമുണ്ടായിരുന്നില്ല. കാൽ നൂറ്റാണ്ടത്തെ വികസനം ലക്ഷ്യമാക്കി വായ്പയെടുക്കുകയും വരുമാനവും തിരിച്ചടവും നിയമംവഴി ഉറപ്പാക്കുകയുമാണ്‌ ചെയ്തത്‌. ദേശീയപാത അതോറിറ്റി സമാനമാതൃകയിൽ യഥേഷ്ടം വായ്പയെടുക്കുന്നതിൽ എതിർപ്പില്ലാത്ത കേന്ദ്രം കിഫ്‌ബിയെ മുൻനിർത്തി കേരളത്തിന്റെ കടമെടുപ്പ്‌ പരിധി വെട്ടിക്കുറയ്‌ക്കുന്നു. മറ്റു പല സംസ്ഥാനങ്ങളും കേരളമാതൃക പിന്തുടരാൻ ശ്രമിക്കുന്പോഴാണിത്‌.


ഒന്പതര വർഷമായി കേരളം നടപ്പാക്കിയ വലിയ പദ്ധതികളാണ്‌ നിരവധിതവണ തോറ്റുപിന്മാറിയിട്ടും മോദിസർക്കാരിനെ അസ്വസ്ഥരാക്കുന്നത്‌. അതാണ്‌ ഇഡി നോട്ടീസുകളായി പ്രവഹിക്കുന്നതും. താമസിയാതെ തുറക്കാൻ പോകുന്ന ദേശീയപാതയും വിഴിഞ്ഞം തുറമുഖത്തിന്‌ അനുബന്ധമായി വരുന്ന റിങ്‌റോഡും വ്യവസായ ഇടനാഴികളും കേരളത്തിന്റെ മുഖഛായ മാറ്റുമെന്നതാണ്‌ ഇവരെ വിറളിപിടിപ്പിക്കുന്നത്‌.


കിഫ്‌ബിയെ കോപ്പിയടിച്ച്‌ കേന്ദ്രം

കേരളത്തിലെ കിഫ്‌ബിയെ വളഞ്ഞാക്രമിക്കുന്ന കേന്ദ്രത്തിലെ ബിജെപി സർക്കാർ കിഫ്‌ബിയെ മാതൃകയാക്കി പല പദ്ധതികൾക്കും തുടക്കമിട്ടിട്ടുണ്ട്‌. 2021 – 22 ബജറ്റിൽ കിഫ്‌ബി മോഡലിൽ ഡവലപ്പ്‌മെന്റ്‌ ഫിനാൻസ്‌ ഇൻസ്‌റ്റിറ്റ്യൂഷന്‌(ഡിഎഫ്‌ഐ) ധനമന്ത്രി നിർമല സീതാരാമൻ തുടക്കമിട്ടു. വിവിധ പശ്‌ചാത്തലസ‍ൗകര്യ വികസന പദ്ധതികൾക്ക്‌ ആവശ്യമായ ഫണ്ട്‌ കണ്ടെത്തലായിരുന്നു ഡിഎഫ്‌ഐയുടെ ലക്ഷ്യം. പ്രാരംഭ മൂലധനമായി 2-0,000 കോടി ബജറ്റിൽ അനുവദിച്ചു. മൂന്നുവർഷ കാലയളവിൽ അഞ്ചുലക്ഷം കോടി രൂപ വിവിധ പശ്‌ചാത്തലസ‍ൗകര്യ വികസന പദ്ധതികൾക്കായി ചെലവഴിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതിനായി നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്‌ലൈൻ പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചു.


ഇതിന്‌ പുറമെ റോഡുവികസന പദ്ധതികൾക്കായി കേന്ദ്ര റോഡ്‌ പശ്‌ചാത്തലസ‍ൗകര്യ -ഫണ്ട്‌(സിആർഐഎഫ്‌), നഗരവികസന പദ്ധതികൾക്കായി അർബൻ ഇൻ-ഫ്രാസ്‌ട്രക്‌ച്ചർ ഫണ്ട്‌(യുഐഡിഎഫ്‌), പിപിപി മാതൃകയിലുള്ള വികസന പദ്ധതികൾക്കായി ഇന്ത്യ ഇൻഫ്രാസ്‌ട്രക്‌ച്ചർ ‍പ്രൊജക്ട്‌ ഡെവലപ്പ്‌മെന്റ്‌ ഫണ്ട്‌(ഐഐപിഡിഎസ്‌) എന്നിവയും കിഫ്‌ബിയെ മാതൃകയാക്കിയാണ്‌.


എൻടിപിസിക്കും എൻഎച്ച്എഐക്കുമാകാം;
കിഫ്‌ബിക്ക്‌ പറ്റില്ല

മസാല ബോണ്ട്‌ വഴി വിദേശത്തുനിന്ന്‌ പണം സമാഹരിച്ചത്‌ കിഫ്‌ബി മാത്രമല്ല. നാഷണൽ തെർമൽ പവർ കോർപറേഷനും (എൻടിപിസി) ദേശീയപാത അതോറിറ്റിയും (എൻഎച്ച്‌എഐ) ഇതേരീതിയിൽ ഫണ്ട്‌ സമാഹരിക്കുന്നുണ്ട്‌. അവർക്കില്ലാത്ത നിയമമാണ്‌ ഇഡി കിഫ്‌ബിയിൽ അടിച്ചേൽപ്പിക്കുന്നത്‌. 2016 ആഗസ്‌തിലും 2017 ഏപ്രിലിലും എൻടിപിസി ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ പോയി മസാലാബോണ്ടുവഴി 2000 കോടി വീതമാണ്‌ സമാഹരിച്ചത്.


ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ 2016-ൽ 3,300 കോടിയുംഎൻഎച്ച്എഐ 2017 മേയിൽ 3,000 കോടിയും സമാഹരിച്ചു. കൂടാതെ ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷൻ, ഹൗസിങ്‌ ഡെവലപ്‌മെന്റ് ഫിനാൻസ് കോർപറേഷൻ, യെസ്‌ ബാങ്ക്‌ തുടങ്ങിയ വിവിധ സ്ഥാപനങ്ങളും മസാലബോണ്ടിറക്കിയിട്ടുണ്ട്‌.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home