തുരുത്തിയിൽ തളിർക്കുന്നു പുതുജീവിതങ്ങൾ

"പുതുജീവിതം തളിർക്കുകയാണ് തുരുത്തിയിലെ ഇരട്ടഭവന സമുച്ചയങ്ങളിൽ. നിറമുള്ള കിനാക്കൾ നെയ്യുന്ന സന്തോഷമാണെങ്ങും. അന്തിയുറങ്ങാൻ ഇടംതേടിയുള്ള പലായനങ്ങൾ, ചോർന്നൊലിക്കുന്പോൾ മക്കളെയും കെട്ടിപ്പിടിച്ച് കണ്ണീരൊഴുക്കിയ ഇന്നലെകൾ, വാടക കൊടുക്കാൻ നിവൃത്തിയില്ലാതെ തെരുവിലേക്ക് ഇറങ്ങിയ രാത്രികൾ... അതെല്ലാം ഓർക്കാനിഷ്ടമില്ലാത്ത ഒരു ദുഃസ്വപ്‌നം മാത്രമാണിന്ന്. കൊച്ചി കോർപറേഷൻ എൽഡിഎഫ് ഭരണസമിതി പടുത്തുയർത്തിയ സമുച്ചയങ്ങൾ കരുതലിന്റെ, നിസ്വരോടുള്ള പ്രതിബദ്ധതയുടെ നേർക്കാഴ്‌ചയാണ്''
"ഏറ്റവും വലുത് കിടപ്പാടമല്ലേ, അത് തന്നത് ഇൗ കോർപറേഷനാ''
ഭൂരഹിതരും ഭവനരഹിതരുമായിരുന്ന 394 കുടുംബങ്ങൾക്കാണ് സുരക്ഷിതമായ സ്വന്തം ഭവനമൊരുക്കിയത്. ""ഭയങ്കര സന്തോഷമാണ്. അത് പറയാൻ ഒക്കൂല്ല. ഏറ്റവും വലുത് കിടപ്പാടമല്ലേ. അത് ഞങ്ങക്ക് തന്നത് ഇൗ സർക്കാരും കോർപറേഷനുമാ. 74 വയസ്സുണ്ടെനിക്ക്. ഭാര്യയും ആറ് മക്കളും അടങ്ങുന്നതായിരുന്നു കുടുംബം. പുറന്പോക്കിൽ ഉൾപ്പെടെ താമസിച്ചിട്ടുണ്ട്. ഫ്ലാറ്റ് ലഭിച്ചതിൽ എല്ലാവരും സന്തോഷത്തിലാ. വാടകപോലും കൊടുക്കാൻ നിവൃത്തിയില്ലാത്തവരാണ്''–ഗുണഭോക്താവായ അബുവിന്റെ വാക്കുകളിൽ ആഹ്ലാദം.
‘സിഎം വിത്ത് മി’യിൽ മുഖ്യമന്ത്രിയുമായി സംസാരിച്ച അബു അദ്ദേഹത്തെ സന്തോഷവും നന്ദിയും അറിയിച്ചിരുന്നു. 85.75 കോടി ചെലവിൽ കൊച്ചി കോർപറേഷനും കൊച്ചി സ്‌മാർട്ട് സിറ്റി മിഷനും ചേർന്നാണ് 11, 13 വീതം നിലകളുള്ള ഭവനസമുച്ചയങ്ങൾ നിർമിച്ചത്. കൽവത്തി, കൊഞ്ചേരി, തുരുത്തി കോളനികളിലായുള്ള കുടുംബങ്ങളാണ് ഗുണഭോക്താക്കൾ. കോർപറേഷൻ നിർമിച്ച 11 നില (തുരുത്തി ടവർ ഒന്ന്) സമുച്ചയത്തിൽ 320 ചതുരശ്രയടിയിലുള്ള 199 വീടുകളും താഴെനിലയിൽ 14 കടമുറികളും അങ്കണവാടിയുമാണുള്ളത്. 41.74 കോടിയാണ് നിർമാണ ചെലവ്. ഓരോ യൂണിറ്റിലും ഡൈനിങ്, ലിവിങ് ഏരിയ, ഒരു കിടപ്പുമുറി, അടുക്കള, ബാല്‍ക്കണി, രണ്ടു ശുചിമുറികൾ എന്നിവയുണ്ട്. താമസക്കാർക്കായി 81 പാര്‍ക്കിങ് സ്ലോട്ടുകള്‍, സിവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, മൂന്നുവീതം എലിവേറ്ററുകളും ഗോവണികളും ഒന്നാംനിലയിൽ 150 ചതുരശ്ര മീറ്ററും 11–-ാംനിലയില്‍ 800 ചതുരശ്ര മീറ്ററും വീതവുമുള്ള പൊതുയിടങ്ങളുമുണ്ട്. സിഎസ്‌എംഎൽ നിർമിച്ച 13 നില (തുരുത്തി ടവർ രണ്ട്) സമുച്ചയത്തിൽ 305 ചതുരശ്രയടിയിൽ 195 വീടുകളും താഴെനിലയിൽ 18 കടമുറികളുമുണ്ട്. 44.01 കോടി രൂപയാണ് നിർമാണ ചെലവ്. റൂഫ് ടോപ്പില്‍ സോളാര്‍ പാനലുണ്ട്. 68 കാറും 17 ബൈക്കും പാര്‍ക്ക് ചെയ്യാം.









0 comments