print edition ഇടത്താണ് ഖൽബ് ; ഇടതുപക്ഷത്തിന്റെ ഇളകാത്ത ചെങ്കോട്ട.

പ്രചാരണത്തിന്റെ ഭാഗമായി കോഴിക്കോട് പെരുവഴിക്കടവ് കുരുക്കത്തൂരിനുസമീപം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഒരുക്കുന്ന എൽഡിഎഫ് പ്രവർത്തകർ /ഫോട്ടോ: ജഗത്ലാൽ
പി കെ സജിത്
Published on Dec 02, 2025, 02:00 AM | 1 min read
കോഴിക്കോട്
ദേശീയ പ്രസ്ഥാനത്തെയും പുരോഗമന രാഷ്‌ട്രീയത്തെയും ഹൃദയത്തിലേറ്റിയ മണ്ണാണ് കോഴിക്കോട്. എന്നും ഇടതുപക്ഷത്തിന്റെ ഇളകാത്ത ചെങ്കോട്ട. പോരാട്ടത്തിന്റെ കനലൊടുങ്ങാത്ത ഭൂമികയിൽ നുഴഞ്ഞുകയറുന്നതിനായി മതരാഷ്‌ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുമായി തദ്ദേശസ്ഥാപനങ്ങളിൽ കൈകോർത്തിരിക്കുകയാണ് യുഡിഎഫ്. കോർപറേഷനിലെ ചെറുവണ്ണൂർ വെസ്റ്റ് ഡിവിഷനിൽ യുഡിഎഫ് സ്വതന്ത്രയെന്ന പേരിൽ വെൽഫെയർ പാർടി സ്ഥാനാർഥി മത്സരിക്കുന്നു. കൊടുവള്ളി നഗരസഭ, കൊടിയത്തൂർ, തിരുവള്ളൂർ, ആയഞ്ചേരി, ചങ്ങരോത്ത്, വേളം പഞ്ചായത്തുകളിലെല്ലാം അവിശുദ്ധസഖ്യമുണ്ട്.
വിമതശല്യം യുഡിഎഫ് നേരിടുന്ന വലിയ ഭീഷണിയാണ്. കോൺഗ്രസിന്റെ മണ്ഡലം നേതാക്കൾ ഉൾപ്പടെ 33 ഇടങ്ങളിലാണ് വിമതർ ഭീഷണി ഉയർത്തുന്നത്. മുസ്ലീംലീഗിലും തർക്കങ്ങൾ പരിഹരിക്കാനായിട്ടില്ല. ലീഗും കോൺഗ്രസും നേർക്കുനേർ മത്സരിക്കുന്ന വാർഡുകളുമുണ്ട്. കനത്ത തോൽവി ഭയന്ന് കോൺഗ്രസ് നേതാക്കൾ ബിജെപി നേതൃത്വവുമായി ചർച്ച നടത്തേണ്ട ഗതികേടിലെത്തി. കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തലയും കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയംഗം എൻ സുബ്രഹ്മണ്യനുമാണ് പ്രമുഖ ഹോട്ടലിൽ ബിജെപി നേതാക്കളെ കണ്ടത്.

അതിവേഗം സ്ഥാനാർഥികളെ നിശ്ചയിച്ച് പ്രചാരണത്തിന് തുടക്കമിടാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്. എൽഡിഎഫ് ഭരണത്തിൽ ജില്ലയിലെ വികസനക്കുതിപ്പും തദ്ദേശസ്ഥാപനങ്ങളിലെ ജനക്ഷേമപ്രവർത്തനങ്ങളുമാണ് പ്രചാരണത്തിൽ കരുത്താകുന്നത്. ജില്ലാപഞ്ചായത്ത് നിലവിൽവന്നത് മുതൽ ഇടതുപക്ഷത്തിനൊപ്പമാണ്. നാലരപ്പതിറ്റാണ്ടിലേറെയായി കോഴിക്കോട് കോർപറേഷനിലും എൽഡിഎഫാണ്. കോർപറേഷൻ തിരിച്ചുപിടിക്കുമെന്ന വീരവാദവുമായി യുഡിഎഫ് മേയർ സ്ഥാനാർഥിയാക്കി ചാലപ്പുറത്ത് അവതരിപ്പിച്ച വി എം വിനു പ്രചാരണത്തിനിറങ്ങി നാമനിർദേശപത്രിക നൽകാനൊരുങ്ങവെയാണ് വോട്ടർപട്ടികയിൽ പേരില്ലെന്നറിയുന്നത്. നാൽപ്പതിൽ താഴെ വാർഡുകളേ ജില്ലയിലാകെ ബിജെപിക്കുള്ളൂ.
ഇക്കുറി വാർഡ് വിഭജനത്തെ തുടർന്ന് ജില്ലാ പഞ്ചായത്തിലും കോർപറേഷനിലും ഓരോ വാർഡുകൾ വീതം വർധിച്ചു. തദ്ദേശ സ്ഥാപനങ്ങളിൽ ആകെ 6308 വാർഡുകളാണ് ജില്ലയിലുള്ളത്.








0 comments