print edition കൊല്ലത്തിന് നൂറിൽ നൂറ്

കൊല്ലം പള്ളിത്തോട്ടത്ത് സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ കോർപറേഷൻ നിർമിച്ച ഫ്ലാറ്റുകൾ
എം അനിൽ
Published on Dec 04, 2025, 03:02 AM | 1 min read
കൊല്ലം
മാലിന്യങ്ങൾ കൂന്നുകൂടിയ കുരീപ്പുഴ ചണ്ടി ഡിപ്പോയെ പൂന്തോട്ടമാക്കിതീർത്ത കൊല്ലം കോർപറേഷന്റെ ജനകീയപദ്ധതിക്ക് മാർക്ക് എത്രയെന്ന് ആരോടു ചോദിച്ചാലും ഒറ്റയുത്തരം. നൂറിൽ നൂറ്. കോർപറേഷനിൽ നടപ്പാക്കിയ വികസനപ്രവർത്തനങ്ങൾ മുൻനിർത്തിയാണ് എൽഡിഎഫ് പ്രചാരണം. സംസ്ഥാന സർക്കാർ വികസിപ്പിച്ച കൊല്ലം തുറമുഖം, ഭാവിയുടെ നാഴികക്കല്ലായ വിഴിഞ്ഞം തുറമുഖം, കൊല്ലം –പുനലൂർ ഐടി, വ്യവസായ ഇടനാഴി എന്നിവ എൽഡിഎഫ് ഉയർത്തിക്കാട്ടുന്നു.
പൗരാണിക നഗരമായ കൊല്ലത്തിന്റെ പൊതുവികസനത്തിന് കോർപറേഷനൊപ്പം സംസ്ഥാന സർക്കാരും ചേർന്നുനിന്നപ്പോൾ അസാധ്യമായ പലതും സാധ്യമായി. 2000ൽ കൊല്ലം കോർപറേഷൻ നിലവിൽ വന്നതുമുതൽ ഭരണം എൽഡിഎഫിനാണ്. പുതിയതടക്കം 56 ഡിവിഷനുകളിലായി മത്സരത്തിലുള്ളത് 202 സ്ഥാനാർഥികൾ. എൽഡിഎഫിൽ സിപിഐ എം 37, സിപിഐ 17, ജനതാദൾ എസ്, കേരളകോൺഗ്രസ് ബി ഒന്നും സീറ്റിൽ മൽസരിക്കുന്നു. യുഡിഎഫിൽ കോൺഗ്രസ് 39, ആർഎസ്‌പി 11, ലീഗ് നാല്, കേരളകോൺഗ്രസ് ജേക്കബ്, ഫോർവേഡ് ബ്ലോക്ക് ഒന്നുവീതവും സീറ്റാണ് ധാരണ. എന്നാൽ ഇൗ ധാരണ പലയിടത്തും പ്രവർത്തകർ അംഗീകരിച്ചിട്ടില്ല. നാലിടത്ത് യുഡിഎഫിന് വിമതരുണ്ട്. ലീഗിന് അനുവദിച്ച സീറ്റുകളിൽ രണ്ടിടത്തും ആർഎസ്‌പിക്ക് അനുവദിച്ച സീറ്റുകളിൽ ഒരിടത്തും കോൺഗ്രസുകാരാണ് സ്ഥാനാർഥികൾ എന്നതും ചർച്ചയാണ്.
എൻഡിഎയിൽ ബിജെപി 55 സീറ്റിലും ബിഡിജെഎസ് ഒന്നിലുമാണ് മൽസരം.
വലിയ ബഹുജന പങ്കാളിത്തത്തോടെ ആണ് എൽഡിഎഫിന്റെ ബൂത്ത്‌തലം വരെയുള്ള കൺവൻഷനുകൾ പൂർത്തിയായത്. ഡിസിസി ഓഫീസിൽ നടന്ന യുഡിഎഫ് കോർപറേഷൻ കൺവൻഷനിൽ ആളുകുറഞ്ഞത് നേതൃത്വത്തെ അസ്വസ്‌ഥമാക്കിയിട്ടുണ്ട്.
കക്ഷിനില
ആകെ: 55
• എൽഡിഎഫ് : 38
• യുഡിഎഫ് : 10
• എൻഡിഎ : 6
• മറ്റുള്ളവ : 1










0 comments