print edition കൊടകര കുഴൽപ്പണം ; കോടതി പറഞ്ഞിട്ടും കണ്ണടച്ചു

kodakara case
avatar
സി എ പ്രേമചന്ദ്രൻ

Published on Dec 03, 2025, 01:41 AM | 1 min read


തൃശൂർ

കൊടകര കള്ളപ്പണക്കടത്ത്‌ കേസിൽ ബിജെപി നേതാക്കളുടെപങ്ക്‌ വ്യക്തമാക്കി പൊലീസ്‌ നൽകിയ റിപ്പോർട്ട്‌ ഇഡി മുക്കി. ബിജെപി തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ ആറ്‌ ചാക്കുകെട്ടിൽ ഒമ്പത്‌ കോടി എത്തിച്ചതിന്‌ സാക്ഷിയാണെന്ന് മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ് മാധ്യമങ്ങളോട് പരസ്യമാക്കിയിട്ടും ഇഡി മൊഴി രേഖപ്പെടുത്തിയില്ല. ഹൈക്കോടതി നിർദേശപ്രകാരം ഇഡി കേസ് എടുത്തെങ്കിലും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകർക്കുംവിധമുള്ള കള്ളപ്പണക്കേസ് അന്വേഷിച്ചില്ല. പകരം വീണ്ടും കവർച്ചാ കേസിന്‌ പിന്നാലെപ്പോയി. കവർച്ചചെയ്ത പണം ഹോട്ടൽ വാങ്ങാൻ കൊണ്ടുപോകുന്നതായി വ്യാജ മൊഴി രേഖപ്പെടുത്തി ബിജെപി നേതാക്കളെ രക്ഷിച്ചു.


കൊടകരയിൽ 3.5 കോടി കുഴൽപ്പണം കവർന്നകേസ്‌ അന്വേഷിച്ച പൊലീസാണ്‌ ബിജെപിയുടെ കള്ളപ്പണ ഇടപാട്‌ കണ്ടെത്തിയത്‌. നിയമസഭാ തെരഞ്ഞെടുപ്പിൽ 41.4 കോടിയും പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ 12 കോടിയും ഉൾപ്പെടെ 53.4 കോടി കുഴൽപ്പണം കർണാടകത്തിൽ നിന്നുൾപ്പെടെ ബിജെപി ഇറക്കിയെന്നും കണ്ടെത്തി. ഇതിൽനിന്നുള്ള പണമാണ്‌ കൊടകരയിൽ 2021 ഏപ്രിൽ മൂന്നിന്‌ പുലർച്ചെ 4.50ന്‌ കവർന്നത്‌. കവർച്ച നടന്നയുടൻ, പണം കടത്തിയ ഹവാല ഏജന്റും ബിജെപിക്കാരനുമായ ധർമരാജൻ സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനുമായി ബന്ധപ്പെട്ടു. സംഭവം പൊലീസിൽ അറിയിക്കാതെ ബിജെപി നേതാക്കൾ കൊടകരയിലെത്തി ധർമരാജനെ ജില്ലാകമ്മിറ്റി ഓഫീസിലെത്തിച്ചു. കവർച്ചക്കേസിൽ 23 പ്രതികളെ അറസ്‌റ്റ്‌ ചെയ്‌ത്‌ പൊലീസ്‌ കുറ്റപത്രം സമർപ്പിച്ചു.


കള്ളപ്പണക്കേസ്‌ അന്വേഷിക്കാൻ പൊലീസിന്‌ അധികാരമില്ലാത്തതിനാൽ വിശദറിപ്പോർട്ട്‌ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന്‌ സമർപ്പിച്ചു. ബിജെപി ഓഫീസ്‌ സെക്രട്ടറിയായിരുന്ന തിരൂർ സതീഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ വീണ്ടും ഇഡിക്ക്‌ റിപ്പോർട്ട്‌ നൽകി.


രാജ്യദ്രോഹ കുറ്റമായ കള്ളപ്പണക്കടത്തിൽ ബിജെപി ഉന്നതനേതാക്കളുടെ പങ്ക്‌ വ്യക്തമാക്കുന്ന റിപ്പോർട്ടിനൊപ്പം പണമിടപാടിന്റെ വിശദമായ ചാർട്ടും ഇഡിക്ക്‌ അയച്ചു. നേതാക്കളുടെ കോൾ ലിസ്റ്റും കൈമാറിയിരുന്നു. എന്നാൽ, ഇതൊന്നും ഇഡി തൊട്ടില്ല. തെരഞ്ഞെടുപ്പു കമീഷനും ഇൻകംടാക്‌സ്‌ വകുപ്പിനും പൊലീസ് റിപ്പോർട്ട്‌ സമർപ്പിച്ചിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home