തെരഞ്ഞെടുപ്പെത്തി, ഇഡിയും
print edition യുഡിഎഫ്–ബിജെപി പ്രതിസന്ധി ; രക്ഷാദൗത്യവുമായി കേന്ദ്ര ഏജൻസി

കോഴിക്കോട്
തെരഞ്ഞെടുപ്പിൽ യുഡിഎഫിനും ബിജെപിക്കും സഖ്യകക്ഷിയായി വീണ്ടും ഇഡിയുടെ രംഗപ്രവേശം. മുഖ്യമന്ത്രി പിണറായി വിജയനും തോമസ് ഐസകിനും നോട്ടീസ് അയച്ച് രാഷ്‌ട്രീയ ഏജൻസിയാണെന്ന് ആവർത്തിച്ച് തെളിയിക്കുകയാണ്. ഒപ്പം പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ്–ബിജെപി മുന്നണി അകപ്പെട്ട പ്രതിസന്ധിയിൽ ഒരുകൈസഹായവും.
തദ്ദേശതെരഞ്ഞെടുപ്പിൽ കേരളത്തിൽ വികസനത്തിന് ബദലായി ശബരിമലയടക്കമുള്ള വിവാദങ്ങളുയർത്താനായിരുന്നു യുഡിഎഫിന്റെയും ബിജെപിയുടെയും ശ്രമം. എന്നാൽ, എൽഡിഎഫ് സർക്കാരിന്റെ വികസനവും ക്ഷേമവുംതന്നെയാണ് പ്രധാന ചർച്ചയാകുന്നതെന്ന് കണ്ടതോടെ അവർ പരിഭ്രാന്തിയിലായി. പിന്നാലെ എൽഡിഎ-ഫിനെ നേരിടാൻ ഒരുവശത്ത് ജമാഅത്തെ ഇസ്ലാമിയും എസ്‌ഡിപിഐയുമായി സഖ്യമുണ്ടാക്കാനും മറുവശത്ത് ബിജെപിയുമായി സഹകരിക്കാനുമായി നീക്കം.
ഇതിനെതിരെ മതനിരപേക്ഷ സമൂഹവും മുസ്ലീം സാമുദായിക നേതൃത്വവും രംഗത്തുവന്നത് കനത്തതിരിച്ചടിയായി. ഇതിനിടെ, ലൈംഗിക പീഡനത്തിന് കേസെടുത്തതിനാൽ രാഹുൽമാങ്കൂട്ടത്തിൽ എംഎൽഎ മാത്രമല്ല കോൺഗ്രസും യുഡിഎഫും വോട്ടർമാരിൽനിന്ന് ഒളിച്ചോടേണ്ട സ്ഥിതിയിലാണിപ്പോൾ.
കേന്ദ്ര ഭരണകക്ഷിയായ ബിജെപിയാകട്ടെ ചരിത്രത്തിലെ ഏറ്റവും വലിയ പതനത്തിലും പ്രതിസന്ധിയിലുമാണ്. സഹകരണമേഖലയിലെ ഏറ്റവും വലിയതട്ടിപ്പിൽ സംസ്ഥാന സെക്രട്ടറി എസ് സുരേഷ് പ്രതിക്കൂട്ടിലാണ്. നേതാക്കളുടെ അഴിമതികാരണം ജീവനൊടുക്കിയ കൗൺസിലർ, സ്ഥാനാർഥിത്വം നിഷേധിച്ചതിനാൽ ആത്മഹത്യചെയ്‌ത ആർഎസ്‌എസ് പ്രവർത്തകൻ, ശാഖാപ്രമുഖിന്റെ പീഡനത്തിൽ മനംനൊന്ത് ആത്മഹത്യചെയ്‌ത ആർഎസ്‌എസ് പ്രവർത്തകൻ.. തുടങ്ങിയവയെല്ലാം ജനങ്ങളിൽനിന്ന് കൂടുതൽ ഒറ്റപ്പെടുത്തി. ഇതിന്‌പുറമെയാണ് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും സമ്മാനിക്കുന്ന വിവാദക്കുരുക്കുകൾ.
യുഡിഎഫും ബിജെപിയും അകപ്പെട്ട പ്രതിസന്ധിയിൽനിന്ന് ജനങ്ങളുടെ ചർച്ച വഴിതിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇഡിയുടെ നോട്ടീസെന്ന് വ്യക്തം. ഇഡിയുടെ നീക്കത്തെ ഇരുവിഭാഗങ്ങളിലെ നേതാക്കളും ഒരുപോലെ സ്വാഗതം ചെയ്‌തത് ഇത് തെളിയിക്കുന്നു. കോൺഗ്രസിന്റെ അവസ്ഥയാണ് കൂടുതൽ കഷ്‌ടം. സോണിയാഗാന്ധിക്കും രാഹുൽഗാന്ധിക്കും എതിരെ ഇഡി നിർദേശാനുസൃതം ഡൽഹി പൊലീസ് കഴിഞ്ഞ ദിവസമാണ് കേസെടുത്തത്. അതിനെ എതിർക്കുന്ന പ്രതിപക്ഷ നേതാവും യുഡിഎഫ് നേതാക്കളും ഇവിടെ ഇഡി വിശുദ്ധമെന്ന് പറഞ്ഞ് കൊണ്ടാടുകയാണ്.








0 comments