print edition പുട്ടിയടിക്കാൻ ബിജെപി ; അഴിമതിക്കാർക്ക് സുരക്ഷിത താവളം

പ്രതിപക്ഷവേട്ടയ്‌ക്ക് അന്വേഷണ ഏജൻസികളെ ആയുധമാക്കുമ്പോഴും ബിജെപിക്കാരും അവരോട് ചേർന്നുനിൽക്കുന്നവരും എന്ത് അഴിമതി നടത്തിയാലും ഒരു ഏജൻസിയും തേടിയെത്തില്ല. ഇഡി, സിബിഐ, ആദായനികുതി വകുപ്പ് എന്നിവയെ ഉപയോഗിച്ച് അഴിമതിക്കാരെ മോദി വെളുപ്പിച്ചെടുക്കും.
അജിത് പവാർ
മഹാരാഷ്ട്ര സ്‌റ്റേറ്റ് കോ-–-ഓപ്പറേറ്റീവ് ബാങ്ക് വായ്-പാക്രമക്കേടിൽ അജിത് പവാറിനെതിരെ സാമ്പത്തിക കുറ്റകൃത്യവിഭാഗം അന്വേഷണത്തിന് ഉത്തരവിട്ടു. കള്ളപ്പണം വെളുപ്പിക്കൽ അന്വേഷിക്കാൻ ഇഡിയും കേസെടുത്തു. 2019 നവംബറിൽ മഹാ വികാസ് അഘാഡി അധികാരത്തിലെത്തി. അജിത് ഉപമുഖ്യമന്ത്രി. 2020 സെപ്തംബറിൽ സാമ്പത്തിക കുറ്റകൃത്യവിഭാഗം അജിത്തിന് ക്ലീൻചിറ്റ് നൽകി.
ഇത് ഇഡി ചോദ്യംചെയ്‌തു. സർക്കാർ മാറിയതോടെ സാമ്പത്തിക കുറ്റകൃത്യവിഭാഗം കേസിൽ തുടരന്വേഷണമെന്ന നിലപാടെടുത്തു. അജിത് മറുകണ്ടം ചാടിയതോടെ അന്വേഷണം നിലച്ചു. ഇഡിയുടെ കുറ്റപത്രത്തിൽ അജിത്തിന്റെ പങ്ക് വിശദമാക്കുന്നുണ്ടെങ്കിലും കേസിൽ പ്രതിയാക്കിയില്ല. കോൺഗ്രസ്–--എൻസിപി സർക്കാരിൽ അജിത് പവാർ ജലവിഭവമന്ത്രിയായിരുന്നപ്പോൾ ജലസേചനപദ്ധതികളിൽ ക്രമക്കേട് നടന്ന കേസിലും ഇതുതന്നെയാണ് സ്ഥിതി.
ദിഗംബർ കാമത്ത്, തപസ് റോയ്, ഭാവന ഗവായി, സി എം രമേശ്, അമരീന്ദർ സിങിന്റെ മകൻ റണീന്ദർ സിങ്, കൃപാശങ്കർ സിങ് തുടങ്ങി മറ്റ് പാർടികളിൽ നിന്ന് ബിജെപിയിൽ എത്തിയ ശേഷം വിശുദ്ധരാക്കപ്പെട്ട നേതാക്കൾ നിരവധിയുണ്ട്.
ബി എസ് യെദ്യൂരപ്പ
ഭൂമി, ഖനന അഴിമതിക്കേസുകൾ നേരിട്ടു. ബിജെപി നേതാക്കൾക്കും ജഡ്-ജിമാർക്കും അഭിഭാഷകർക്കും കൈക്കൂലി നൽകിയ കണക്കുകളടക്കം പുറത്തുവന്നിട്ടും മോദി അധികാരത്തിലേറിയശേഷം കേസിൽനിന്ന് രക്ഷിച്ചെടുത്തു.
ജ്യോതിരാദിത്യ സിന്ധ്യ
കോൺഗ്രസ് നേതാവായിരിക്കെ ഭൂമിവിൽപ്പനയ്ക്കിടെ കൃത്രിമരേഖയുണ്ടാക്കിയതിന് സിന്ധ്യക്കും കുടുംബാംഗങ്ങൾക്കുമെതിരെ മധ്യപ്രദേശ് സാമ്പത്തിക കുറ്റകൃത്യവിഭാഗം കേസെടുത്തു. ബിജെപിയിൽ ചേർന്നതോടെ കേസ് അവസാനിപ്പിച്ചു.
ഹിമന്ത ബിശ്വ ശർമ
അസമിലെ കോൺഗ്രസ് നേതാവായിരുന്ന ഹിമന്ത ബിസ്വ സർമയ്‌ക്കെതിരെ "ജല കുംഭകോണം’ ആരോപിച്ച് ബിജെപി വലിയ പ്രചാരണം നടത്തി. ശർമയുടെ അഴിമതികളെക്കുറിച്ച് പുസ്‌തകവും പ്രസിദ്ധീകരിച്ചു. 2015ൽ ബിജെപിയിൽ ചേർന്നതോടെ ആരോപണങ്ങളെല്ലാം പിൻവലിച്ചു. അസം മുഖ്യമന്ത്രിയുമാക്കി.
ഹസൻ മുഷ്‌രിഫ്
സേനാപതി സാന്താജി ഘോർപഡെ പഞ്ചസാര ഫാക്ടറിയുടെയും കമ്പനികളുടെയും പ്രവർത്തനത്തിലെ ക്രമക്കേടിൽ 35 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചതിന് ഇഡി കേസെടുത്തു. എൻഡിഎ സർക്കാരിൽ മന്ത്രിയായതോടെ ക്ലീൻചീറ്റ്.
പ്രഫുൽ പട്ടേൽ
എൻസിപി നേതാവായിരുന്ന പ്രഫുൽ പട്ടേൽ മൻമോഹൻ സർക്കാരിൽ വ്യോമയാനമന്ത്രിയായിരിക്കെ എയർ ഇന്ത്യക്ക് വിമാനം വാങ്ങിയതിൽ സിബിഐ കേസെടുത്തു. അജിത് പവാർ പക്ഷത്തേക്ക് എത്തിയതോടെ അന്വേഷണം നിലച്ചു.
സുവേന്ദു അധികാരി
ബംഗാളിനെ പിടിച്ചുകുലുക്കിയ ശാരദ ചിട്ടി ഫണ്ട് അഴിമതിക്കേസിലെ മുഖ്യപ്രതി. എന്നാൽ, സുവേന്ദു ബിജെപിയിൽ എത്തിയതോടെ അന്വേഷണം നിലച്ചു.
നാരായൺ റാണെ
ശിവസേനയിൽ രാഷ്‌ട്രീയപ്രവർത്തനം തുടങ്ങിയ റാണെ, കോൺഗ്രസിലൂടെ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി. കള്ളപ്പണം വെളുപ്പിക്കലിൽ ഇഡി, സിബിഐ അന്വേഷണത്തിനിടെ 2019ൽ ബിജെപിയിൽ ചേർന്നതോടെ അന്വേഷണം അവസാനിപ്പിച്ചു.
പേമ ഖണ്ഡു
നിരന്തരം അഴിമതി ആരോപണങ്ങളും ക്രിമിനൽക്കേസുകളും പേമ ഖണ്ഡുവിനെതിരെ ബിജെപി ഉയർത്തിയിരുന്നു. ബിജെപിയിൽ എത്തിയതോടെ എല്ലാം അവസാനിച്ചു. നിലവിൽ അരുണാചൽ മുഖ്യമന്ത്രി.
മുകുൾ റോയ്
ശാരദ ചിട്ടി ഫണ്ട് അഴിമതിക്കേസിൽ പ്രതി. ബംഗാളിലെ ഏറ്റവും വലിയ അഴിമതിക്കാരനെന്നാണ് തൃണമൂൽ നേതാവായിരുന്ന റോയിയെ ബിജെപി വിളിച്ചിരുന്നത്. 2017 നവംബറിൽ ബിജെപിയിൽ ചേർന്നതോടെ കേസന്വേഷണം നിലച്ചു.








0 comments