തിമിംഗില സ്രാവുകൾ തീരമണയുമ്പോൾ

പി ആർ ദീപ്‌തി
Published on May 25, 2025, 01:06 AM | 2 min read
കടലിലെ ശാന്തരായ അതികായന്മാരാണ് തിമിംഗില സ്രാവുകൾ (Rhincodon typus). വംശനാശ ഭീഷണി നേരിടുന്ന കടൽജീവികളിൽ മുന്നിലാണിവ. വെള്ളുടുമ്പൻ സ്രാവ്, പുള്ളി സ്രാവ് എന്നീ പേരുകളിലും അറിയപ്പെടുന്നു.
ദേശാടന പ്രിയരായ ഇവയെ പലപ്പോഴും കേരളതീരത്തിനടുത്ത് ധാരാളമായി കണ്ടുവരുന്നുണ്ട്. മത്സ്യത്തൊ ഴിലാളികളുടെ വലയിൽ കുടുങ്ങിയും അല്ലാതെയും തീരമണയാറുണ്ടിവ. കഴിഞ്ഞ ഏഴു വർഷത്തിനിടെ കേരളതീരത്ത് അമ്പതിലധികം വമ്പൻ തിമിംഗില സ്രാവുകളെ മത്സ്യത്തൊഴിലാളികൾ രക്ഷിച്ചിട്ടുണ്ട്. സേവ് ദ വെയ്‌ൽ ഷാർക് ക്യാമ്പയിന്റെ ഭാഗമായാണിത്. വനംവകുപ്പും വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയും ചേർന്ന് നടപ്പാക്കിയ ക്യാമ്പയിനാണ് തിമിംഗില സ്രാവുകൾക്ക് തുണയാകുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തിമിംഗില സ്രാവുകളെ രക്ഷിച്ചത് തിരുവനന്തപുരം ജില്ലയിലെ തൊഴിലാളികളാണ്. വലപൊട്ടിച്ച് 46 എണ്ണത്തെയാണ് ഇവർ തിരികെ കടലിൽ അയച്ചത്. തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലും രക്ഷാദൗത്യം നടന്നു. ഫിഷറീസ് വകുപ്പ്, തുറമുഖ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ വനംവകുപ്പ് 2017 മുതൽ നടപ്പാക്കുന്ന ബോധവൽക്കരണ പരിപാടികളാണ് മത്സ്യത്തൊഴിലാളികളെ തിമിംഗില സ്രാവുകളുടെ ചങ്ങാതിമാരാക്കിയത്.
പ്രത്യേകതകൾ
ഒരേയൊരു ജീനസിൽ ഒരേയൊരു സ്‌പീഷീസ് മാത്രമുള്ള (മോണോടൈപിക്) മത്സ്യമായ തിമിംഗില സ്രാവുകൾ തരുണാസ്ഥിയുള്ളതും മുട്ടയിടുന്നതുമായ ലോകത്തിലെ ഏറ്റവും വലിയ മത്സ്യമാണ്. നീല തിമിംഗിലമല്ലേ വലിയ മത്സ്യമെന്ന ചോദ്യം ഇവിടെ ഉയരാം, എല്ലുകളുള്ളതും (calcified bones) പ്രസവിച്ച് പാല് കൊടുക്കുകയും അന്തരീക്ഷവായു ശ്വസിക്കാൻ ശ്വാസകോശമുള്ളതുമായ സസ്തനികളാണ് നീല തിമിംഗിലങ്ങൾ. എന്നാൽ, ജലത്തിൽ അലിഞ്ഞുചേർന്ന ഓക്‌സിജൻ ശ്വസിക്കാൻ കഴിയുന്ന ചെകിളകളുള്ള സ്രാവ് വർഗമാണ് തിമിംഗില സ്രാവുകൾ. പൂർണ വളർച്ചയെത്തിയാൽ ഏകദേശം 18 മീറ്റർ നീളവും 21 മെട്രിക് ടൺ ഭാരവുമുണ്ടാകും. ഉഷ്ണമേഖല, ചൂടുള്ള മിതശീതോഷ്ണ കടലുകളിൽ വ്യാപകമായി കാണപ്പെടുന്ന ഇവയെ ഇന്ത്യയുടെ 8000 കിലോമീറ്റർ വരുന്ന തീരദേശത്ത് എല്ലായിടത്തും കാണാറുണ്ട്. എന്നാൽ, ഏറ്റവും കൂടുതൽ കാണുന്നത് ഗുജറാത്തിലെ സൗരാഷ്ട്ര തീരത്താണ്. ആഗസ്‌ത്, -മാർച്ച് മാസങ്ങളിലാണ് ഇവയെ ഇന്ത്യൻ തീരത്ത് അധികമായി കാണുന്നത്.
തിമിംഗില സ്രാവുകളുടെ ദേശാടനം മനസ്സിലാക്കാൻ ഗുജറാത്ത് തീരത്ത് വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ നടത്തിയ സാറ്റലൈറ്റ് ട്രാക്കിങ് പഠനത്തിൽനിന്ന് ഇവ ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തുകൂടി ആഫ്രിക്കയുടെ കിഴക്കൻ തീരത്തേക്ക് പോകുന്നതായി കണ്ടെത്തിയിട്ടുണ്ട്.
പാരിസ്ഥിതിക മൂല്യം
ആപൽക്കാരികളായ കടൽ പായലുകളെയും നോട്ടിലൂക, സയനോ ബാക്‌ടീരിയ, ഡയാറ്റംപോലുള്ള ജീവികളെയും തിമിംഗില സ്രാവുകൾ ഭക്ഷിക്കുന്നതിനാൽ കടലിലെ ആവാസവ്യവസ്ഥ നിലനിർത്താൻ സഹായകരം. ഒപ്പം മത്സ്യസമ്പത്ത് കുറയാതെ കാക്കുന്നതിലും നിർണായക പങ്ക്.
ചുവന്ന പട്ടികയിൽ
ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിതപ്പട്ടിക ഒന്നിൽ ഉൾപ്പെട്ട ആദ്യ മത്സ്യംകൂടിയായ തിമിംഗില സ്രാവ് വംശനാശ ഭീഷണി നേരിടുന്നതിനാൽ ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐയുസിഎൻ) റെഡ് ലിസ്റ്റിൽ ഉൾപ്പെട്ടവയാണ്. മത്സ്യമാണെങ്കിലും ഇവ സംരക്ഷണ വിഭാഗത്തിൽപ്പെടുന്നതിനാൽ, ഇവയുടെ സംരക്ഷണച്ചുമതല വനംവകുപ്പിനാണ്. സ്രാവ് ചിറകുകൾ, കരൾ എണ്ണ, തൊലി, മാംസം എന്നിവയ്ക്കായി അനിയന്ത്രിതവും സുസ്ഥിരമല്ലാത്തതുമായ മത്സ്യബന്ധന രീതികൾ, മത്സ്യബന്ധന വലകളിൽ ആകസ്മികമായി കുടുങ്ങിപ്പോകൽ, ബോട്ടുകളുമായി കൂട്ടിയിടിക്കൽ, തീരദേശ മലിനീകരണം, പ്ലാസ്‌റ്റിക് മാലിന്യം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവ ഇവയുടെ വംശനാശത്തിന് ആക്കം വർധിപ്പിക്കുന്നു.
25,000 പിഴയും മൂന്നു വർഷം തടവും
തിമിംഗില സ്രാവുകളെ വേട്ടയാടുന്നത് 25,000 പിഴയും മൂന്നു വർഷംവരെ തടവും ലഭിക്കാവുന്ന ശിക്ഷയാണ്. 2001 വരെ പശ്ചിമ ഇന്ത്യയുടെ തീരങ്ങളിൽ തിമിംഗില സ്രാവുകളെ വേട്ടയാടുകയും കൊല്ലുകയും ചെയ്തിരുന്നു.









0 comments