print edition തക്കാളി കൃഷി; അറിയേണ്ടതും ചെയ്യേണ്ടതും

രവീന്ദ്രൻ തൊടീക്കളം
Published on Nov 06, 2026, 12:00 AM | 1 min read
നമുക്ക് ആവശ്യമുള്ള തക്കാളി സ്വന്തം പുരയിടത്തിൽ തന്നെ കൃഷിചെയ്യാൻ കഴിയും. കേരളത്തിലും ഇത് നന്നായി വിളയും. അൽപം ശ്രദ്ധിച്ചാൽ മികച്ച വിളവ് ലഭിക്കും. രോഗപ്രതിരോധ ശേഷിയുള്ളയിനങ്ങളായ ശക്തി, മുക്തി, അനഘ തുടങ്ങിയവയാണ് കൃഷിക്ക് നല്ലത്. 25– - 30 ദിവസം പ്രായമായ തൈകളാണ് നടീലിനായി തെരഞ്ഞെടുക്കേണ്ടത്. ജൈവ കീടനാശിനികളും, കുമിൾനാശിനികളും ഉപയോഗിക്കുക. സെപ്‌തംബർ–- ഒക്ടോബർ മുതൽ ജനുവരി– -ഫെബ്രവരി വരെയുള്ള മാസങ്ങളാണ് തക്കാളി കൃഷിക്ക് അനുയോജ്യം. കനത്ത മഴയും 35 ഡിഗ്രിക്ക് മുകളിൽ താപനിലയും കൃഷിക്ക് ദോഷകരമാണ്.നല്ല സൂര്യപ്രകാശമുള്ളതും , നീർവാർച്ചാ സൗകര്യവുള്ളതുമായ, ജൈവാംശമേറിയ മണ്ണാണ് കൃഷിക്ക് നല്ലത്. കൃഷിയിടം നന്നായി കിളച്ച് പരുവപ്പെടുത്തി സെന്റ് ഒന്നിന് രണ്ടു കിലോ എന്ന ക്രമത്തിൽ കുമ്മായം ചേർത്ത് കൊടുക്കണം. രണ്ടര അടി വീതിയിലും ആവശ്യമു നീളത്തിലും വാരങ്ങൾ തയ്യാറാക്കി ഉണക്ക് ചാണക പൊടിയും മണലും വാരങ്ങളിൽ കൂട്ടി കലർത്തി വിത്ത് പാകാം. 10 സെന്റ് സ്ഥലത്തെക്ക് 15 ഗ്രാം വിത്ത് വേണ്ടി വരും. ആവശ്യമായ തോതിൽ നന കൊടുക്കണം.
രണ്ടടി അകലത്തിൽ ചാലുകൾ തയ്യാറാക്കി അടിവളമായി ഒരു സെന്റിന് 200 കിഗലാ കാലിവളമോ, കമ്പോസ്റ്റോ ചേർക്കണം.സ്യൂഡോമോണാസ് ലായനിയിൽ തൈകൾ മുക്കിയെടുത്ത് നടുന്നത് രോഗപ്രതിരോധത്തിന് ഗുണമാവും. മൺചട്ടികളിലോ ഗ്രോ ബാഗുകളിലോ നടുമ്പോൾ 1:1:1 എന്ന അനുപാതത്തിൽ ഉണക്ക് ചാണക പൊടി, മണൽ, മേൽമണ്ണ് എന്നിവ കൂട്ടി ചേർത്ത മിശ്രിതം നിറക്കണം. 50 ഗ്രാം വേപ്പിൻപിണ്ണാക്കും ചേർക്കാം. വൈകുന്നേരങ്ങളിൽ തൈകൾ നടുവാൻ ശ്രദ്ധിക്കണം നടീലിന് ശേഷം നനയും തണലും കൊടുക്കണം ആവശ്യമായ ജലസേചനം, കളയെടുപ്പ്, മേൽവളപ്രയോഗം തുടങ്ങിയവ പ്രധാനം.









0 comments