ബഹിരാകാശ നിലയത്തിൽ ഒരാഴ്‌ച പിന്നിട്ട് ശുഭാംശു ശുക്ല

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഇന്ത്യൻ ഗഗനചാരി ശുഭാംശു ശുക്ല ഒരാഴ്‌ച പിന്നിട്ടു. പരീക്ഷണങ്ങൾ പകുതിയിലേറെയും പൂർത്തിയാക്കി കഴിഞ്ഞു. ശുക്ലയും സംഘവും സഞ്ചരിക്കുന്ന നിലയം ഇന്നു മുതൽ നാല് ദിവസം കേരളത്തിന് മുകളിലൂടെ കടന്നുപോകും. തെളിഞ്ഞ ആകാശമെങ്കിൽ ബഹിരാകാശത്തെ ഏറ്റവും വലിയ പരീക്ഷണശാല നേരിട്ട് കാണാൻ അവസരം. തിളക്കത്തോടെ തെക്ക് പടിഞ്ഞാറു ദിശയിൽ നിന്ന് എത്തുന്ന നിലയം അഞ്ചു മിനിറ്റ് വരെ വ്യക്തമായി കാണാനാകും
ഞായറാഴ്‌ച വൈകിട്ട് കൃത്യം 7.56 ന് തെക്ക് പടിഞ്ഞാറ് ദിശ വഴി കടന്നു വരുന്ന നിലയം വടക്ക് പടിഞ്ഞാറ് വഴി കിഴക്കോട്ട് നീങ്ങി മറയും. 8.03 വരെ ദൃഷ്ടിപഥത്തിലുണ്ടാകും. തിങ്കളാഴ്‌ച പുലർച്ചെ 5.53 ന് വടക്ക് കിഴക്ക് നിന്നാകും നിലയം എത്തുക. 5.57 വരെ കാണാനാകുമെങ്കിലും വ്യക്തതക്കുറവുണ്ടാകും. വൈകിട്ട് 7.08ന് വീണ്ടും എത്തുന്ന നിലയം 7.14 വരെ വ്യക്തമായി കാണാനാവും. തെക്ക് പടിഞ്ഞാറു നിന്നാകും കടന്നു വരിക. വടക്ക് കിഴക്കായി മറയും.
ചൊവ്വാഴ്‌ച വൈകിട്ട് 7.57ന് പടിഞ്ഞാറു നിന്ന് എത്തി വടക്കോട്ട് നീങ്ങുന്ന നിലയം കാണാമെങ്കിലും വ്യക്തതക്കുറവുണ്ടാകും. ബുധനാഴ്‌ച പുലർച്ചെയും വൈകിട്ടും നിലയം ദൃഷ്‌ടി പഥത്തിലെത്തും. പുലർച്ചെ 5.51ന് വടക്ക് പടിഞ്ഞാറുവഴി എത്തി തെക്ക് കിഴക്കായി 5.57ന് മറയും. പടിഞ്ഞാറ് തെക്ക് വഴി വൈകിട്ട് 7.07ന് വീണ്ടും എത്തി വടക്ക് കിഴക്കായി മറയും. 5 മിനിറ്റ് കാണാനാകും. ഉയർന്ന സ്ഥലങ്ങളിൽനിന്ന് നിരീക്ഷിക്കുമ്പോൾ നിലയം വ്യക്തമായി കാണാനാകും.
ബഹിരാകാശ നിലയത്തിൽ നിലവിൽ ശുഭാംശു ശുക്ലയടക്കം 11 പേരുണ്ട്. ഇവരിൽ ശുക്ലയോടൊപ്പം ആക്‌സിയം 4 ദൗത്യത്തിന്റെ ഭാഗമായി എത്തിയ കമാൻഡറായ പെഗ്ഗി വിട്‌സൻ, ടിബോർ കാപു (ഹംഗറി), സാവോസ് യു വിസ്‌നിവ്‌സ്‌കി (പോളണ്ട്) എന്നിവരുമുണ്ട്. രണ്ടാഴ്‌ചത്തെ ദൗത്യത്തിനുശേഷം നാല് പേരും ഉടൻ മടങ്ങും.








0 comments