ad
Deshabhimani

ഷിഗെല്ല; ശുചിത്വമാണ് 
പ്രതിരോധം

Shigella
avatar
ഡോ. എം ഗംഗാധരൻ നായർ

Published on Jun 12, 2026, 11:29 AM | 2 min read

കേരളത്തിൽ പലയിടങ്ങളിലും ഷിഗല്ല രോഗബാധ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ട സന്ദർഭമാണിത്. രോഗത്തെക്കുറിച്ചും പ്രതിരോധമാർഗങ്ങളെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടായിരിക്കേണ്ടത് അനിവാര്യവും. ഷിഗല്ലോസിസ് എന്നറിയപ്പെടുന്ന രോഗം ഷിഗല്ല എന്ന ബാക്ടീരിയമൂലമുണ്ടാകുന്ന ഗുരുതരമായ കുടൽ അണുബാധയാണ്. മലിനമായ ഭക്ഷണവും വെള്ളവുംവഴിയാണ് രോഗാണു മനുഷ്യശരീരത്തിലെത്തുന്നത്. കുട്ടികൾ, വയോധികർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരിലാണ് രോഗം കൂടുതൽ ഗുരുതരമാകാൻ സാധ്യത. മൃഗങ്ങളിൽ രോഗബാധ അപൂർവമാണെങ്കിലും കുരങ്ങുകൾ, ചിമ്പാൻസികൾ, ഗൊറില്ലകൾ, ബാബൂണുകൾ തുടങ്ങിയ വയിലും ചിലപ്പോൾ നായകൾ, പൂച്ചകൾ, മറ്റ് വന്യമൃഗങ്ങൾ എന്നിവയിലും കണ്ടെത്തിയിട്ടുണ്ട്. ജാപ്പനീസ് ശാസ്ത്രജ്ഞനായ കിയോഷി ഷിഗയാണ് 1897-ൽ വയറിളക്കത്തിന്‌ കാരണമാകുന്ന ഷിഗല്ല ബാക്ടീരിയയെ ആദ്യമായി തിരിച്ചറിഞ്ഞത്.


ലക്ഷണങ്ങൾ


രോഗബാധയ്ക്കുശേഷം സാധാരണയായി ഒന്നുമുതൽ മൂന്നു ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും.

ശക്തമായ പനി, വയറുവേദന, വയറിളക്കം, രക്തം കലർന്ന മലം, ഓക്കാനം, ഛർദി തുടങ്ങിയവ ലക്ഷണങ്ങൾ. ഷിഗല്ല ബാക്ടീരിയ പ്രധാനമായും കുടലിനെ ബാധിക്കുന്നതിനാലാണ് രക്തം കലർന്ന മലം ഉണ്ടാകുന്നത്. ഗുരുതരമായ സാഹചര്യങ്ങളിൽ തലച്ചോറിനെ ബാധിക്കുന്ന ഷിഗല്ല എൻസെഫലോപതി ഉണ്ടാകാം. അപസ്‌മാരം, ബോധക്ഷയം, രക്തസമ്മർദം പെട്ടെന്ന് താഴുന്ന അവസ്ഥ എന്നിവയും സംഭവിക്കാം.


​ചികിത്സ പ്രധാനം


ഷിഗല്ല രോഗത്തിൽ ഏറ്റവും വലിയ അപകടം നിർജലീകരണമാണ്. വയറിളക്കം ആരംഭിക്കുമ്പോൾത്തന്നെ ദ്രാവകചികിത്സ തുടങ്ങേണ്ടതാണ്. ഒആർഎസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, മറ്റ് സുരക്ഷിത ദ്രാവകങ്ങൾ എന്നിവ ഇടയ്ക്കിടെ നൽകണം. ഗുരുതര കേസുകളിൽ ഡോക്ടറുടെ നിർദേശപ്രകാരം ആന്റിബയോട്ടിക്കുകൾ ആവശ്യമായിവരാം. രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ നടത്താതെ ഉടൻ വൈദ്യസഹായം തേടണം.


​മുൻകരുതൽ


തിളപ്പിച്ചാറിയ വെള്ളംമാത്രം കുടിക്കുക, ഭക്ഷണം തയ്യാറാക്കുന്നതിനും കഴിക്കുന്നതിനുംമുമ്പ് കൈകൾ സോപ്പുപയോഗിച്ച് കഴുകുക, പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയശേഷം ഉപയോഗിക്കുക, ഭക്ഷണം നന്നായി പാകംചെയ്ത് ഉടൻ കഴിക്കുക, ഈച്ചശല്യം ഒഴിവാക്കുക, ഫ്രിഡ്‌ജിൽ സൂക്ഷിച്ച ഭക്ഷണം പലതവണ പുറത്തെടുത്ത് ചൂടാക്കി ഉപയോഗിക്കുന്നത് ഒഴിവാക്കുക, ശുചിമുറി ഉപയോഗിച്ചശേഷം കൈകൾ സോപ്പുപയോഗിച്ച് കഴുകുക, കിണർജലം അണുവിമുക്തമാക്കുക, തുറസ്സായ സ്ഥലങ്ങളിലെ മലവിസർജനം ഒഴിവാക്കുക, രോഗബാധിതർ മറ്റുള്ളവർക്ക് ഭക്ഷണം തയ്യാറാക്കിനൽകുന്നത് ഒഴിവാക്കുക എന്നിവയാണ്‌ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. മലിനജലവുമായുള്ള സമ്പർക്കം ഒഴിവാക്കണം. പരിസരശുചിത്വവും പ്രധാനമാണ്. രോഗവ്യാപനം തടയാൻ സർക്കാർ സംവിധാനങ്ങളും ഉണർന്നു പ്രവർത്തിക്കേണ്ടതുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home