ad
Deshabhimani

ഉന്നത കോൺ​ഗ്രസ് ബന്ധം അന്വേഷണപരിധിയിൽ; അതിനിടയിൽ പ്രത്യേക നിയമനം; കേസ് അട്ടിമറിക്കാനോ നീക്കം?

Sonia Gandhi Unnikrishnan Potty K B Pradeep

ഉണ്ണിക്കൃഷ്ണൻ പോറ്റി സോണിയ ​ഗാന്ധിക്കൊപ്പം (ഇടത്), അഡ്വ.കെ ബി പ്രദീപ് (വലത്)

വെബ് ഡെസ്ക്

Published on Jun 12, 2026, 12:11 PM | 2 min read

തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ചാകേസിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന സ്മാർട്ട് ക്രിയേഷൻസിന്റെ വക്കീലിന് യു‍ഡിഎഫ് സർക്കാർ പ്രത്യേക നിയമനം നൽകിയതിൽ ദുരൂഹതയേറുന്നു. അഡ്വ.കെ ബി പ്രദീപിനെയാണ് ഹൈക്കോടതിയിലെ സ്പെഷ്യൽ ​​ഗവൺമെന്റ് പ്ലീഡറായി നിയമിച്ചത്. നിയമവകുപ്പിന്റെ കൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രി വി ഡി സതീശനാണ് നിയമനം നടത്തിയതെന്ന് പറഞ്ഞ് ദേവസ്വംമന്ത്രി കെ മുരളീധരൻ വിഷയത്തിൽനിന്ന് കയ്യൊഴിയുകയും ചെയ്തിട്ടുണ്ട്.


ഇതുവരെ സീനിയർ ഗവൺമെന്റ് പ്ലീഡർ മാത്രമേ ദേവസ്വം വകുപ്പിനുണ്ടായിരുന്നുള്ളു. പ്രദീപിന് സ്പെഷ്യൽ ഗവൺമെൻറ് പ്ലീഡർ പദവി സർക്കാർ പ്രത്യേകമായി നൽകുകയായിരുന്നു.


കേസിലെ മുഖ്യപ്രതികൾക്ക് ഉന്നത കോൺഗ്രസ് നേതാക്കളുമായുള്ള ബന്ധവും പ്രത്യേക അന്വേഷകസംഘം അന്വേഷിച്ചുവരികയായിരുന്നു. ഇത് സംബന്ധിച്ച് നിർണായക വിവരം മുഖ്യപ്രതികളായ ഉണ്ണിക്കൃഷ്ണൻ പോറ്റിക്കും ബെല്ലാരിയിലെ റൊദാം ജ്വല്ലറി ഉടമ ഗോവർധനും അന്വേഷകസംഘത്തോട് വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇരുവർക്കും ഡൽഹിയിലെ ചില നേതാക്കളുമായും ഇടപാടുകളുള്ളതായും അന്വേഷക സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതും എസ്ഐടി അന്വേഷിക്കുന്നുണ്ട്.


2004 ൽ ഉണ്ണിക്കൃഷ്ണൻപോറ്റിയെ ശബരിമലയിലെ പരികർമിയായി നിയമിച്ചത് യുഡിഎഫ് സർക്കാരിന്റെ സഹായത്തോടെയായിരുന്നു. ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കോൺഗ്രസ് നേതാവ് പ്രയാർ ഗോപാലകൃഷ്ണൻ, കോൺഗ്രസ് നേതാവ് അജയ് തറയിൽ എന്നിവരായിരുന്നു അന്ന് ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സംരക്ഷകർ. ഈ ബന്ധമെല്ലാം ഉപയോഗിച്ചാണ് ശബരിമലയിൽ പോറ്റിയും സംഘവും സ്വാധീനം നേടിയെടുത്തത്. യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്, കെ മുരളീധരൻ എന്നിവരും ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പലപ്പോഴും സന്ദർശനം നടത്തിയിട്ടുണ്ട്.


ശബരിമലയിലെ ദ്വാരപാലക ശിൽപ പാളികളിലെയും ശ്രീകോവിലിൻ്റെ വാതിൽ പടിയിലെയും സ്വർണ്ണം കവർന്ന കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമുള്ള സ്ഥാപനമാണ് സ്മാർട്ട് ക്രിയേഷൻസ്. ഉണ്ണികൃഷ്ണൻ പോറ്റി ചെന്നൈയിലെ ഈ സ്ഥാപനത്തിൽ കൊണ്ടുപോയാണ് പാളികളിലെ സ്വർണം നീക്കിയത്. സ്വർണം പൂശാനായി ശരിയായ സാങ്കേതിക വിദ്യയല്ല സ്മാർട്ട് ക്രിയേഷൻസ് ഉപയോഗിച്ചതെന്ന് കോടതി വ്യക്തമാക്കിയിരുന്നു. 2019ൽ പാളിയിൽനിന്നും സ്വർണം വേർതിരിക്കാനുള്ള സാങ്കേതിക വിദ്യ സ്മാർട്ട് ക്രിയേഷൻസിന് ഉണ്ടായിരുന്നില്ല.


ശബരിമലയിൽനിന്ന് മോഷ്ടിച്ച സ്വർണം മറ്റ് ക്ഷേത്രങ്ങളിൽ കൊടിമരം പൂശാനും നവീകരണത്തിനും ഉപയോഗിച്ചെന്ന് സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരി പ്രത്യേക അന്വേഷകസംഘത്തിന് മൊഴി നൽകിയിട്ടുമുണ്ട്. 2020 മുതൽ സ്മാർട്ട് ക്രിയേഷൻസ് ഏറ്റെടുത്ത നിർമാണങ്ങളും കേസിന്റെ ഭാ​ഗമായി അന്വേഷണപരിധിയിലാണ്.


ഇത്രയും വിവാദമായ സ്ഥാപനത്തിന്റെ സ്വന്തം വക്കീലിന് അധികാരമേറ്റെടുത്ത ഉടൻ പ്രത്യേക നിയമനം നൽകിയ നടപടി യുഡിഎഫ് സർക്കാരിനെ സംശയനിഴലിലാക്കിയിട്ടുണ്ട്.


സോണിയയുടെ വീട്ടിൽ എത്തിയതെങ്ങനെ? ഇനിയും ഉത്തരമില്ല


പലകുറി ചോദിച്ചിട്ടും കോൺ​ഗ്രസ് നേതാക്കൾ വെളിപ്പെടുത്താത്ത രഹസ്യമാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിയ്ക്ക് മുതിർന്ന നേതാവ് സോണിയ ​ഗാന്ധിയുമായുള്ള ബന്ധം. എംപിമാരായ ആന്റോ ആന്റണി, അടൂർ പ്രകാശ് എന്നിവർക്കൊപ്പമാണ് പോറ്റി പത്ത്‌ ജൻപഥ്‌ വീട്ടിൽ പോയത്. കെ കരുണാകരന് പോലും പ്രവേശനാനുമതി നിഷേധിക്കപ്പെട്ടിട്ടുള്ള, അതീവ സുരക്ഷാമേഖലയായ സോണിയയുടെ വസതിയിൽ ഉണ്ണിക്കൃഷ്ണൻ പോറ്റി എങ്ങനെ എത്തി എന്നത് ഇന്നും ദുരൂഹമാണ്.


ന്യായീകരിച്ച് ദേവസ്വം മന്ത്രി


സ്മാർട്ട് ക്രിയേഷൻസിന്റെ വക്കീലിനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനാക്കി സർക്കാർ നിയമിച്ചതിനെ ന്യായീകരിച്ച് ദേവസ്വംമന്ത്രി കെ മുരളീധരൻ. അഡ്വ.കെ ബി പ്രദീപിനെ ഹൈക്കോടതിയിലെ സ്പെഷ്യൽ ​​ഗവൺമെന്റ് പ്ലീഡറായി നിയമിച്ചത് മുഖ്യമന്ത്രി വി ഡി സതീശനാണെന്നും താന്‍ വിഷയത്തില്‍ ഇടപെടാനില്ലെന്നും മന്ത്രി പറഞ്ഞു.


പ്രതിക്കുവേണ്ടി വാദിച്ചയാളല്ലേ ഇപ്പോൾ സർക്കാരിന്റെ അഭിഭാഷകൻ ആകുന്നതെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, പ്രതിയുടെ ദൗർബല്യം അറിയുന്ന ഒരാൾ അഭിഭാഷകനായി വരുന്നത് നല്ലതല്ലേ എന്ന വിചിത്ര ഉത്തരമായിരുന്നു മുരളീധരൻ നൽകിയത്. തീരുമാനമെടുക്കാനുള്ള പൂർണ സ്വാതന്ത്ര്യം മുഖ്യമന്ത്രിക്ക് വിട്ടുകൊടുത്തിരുന്നുവെന്നും മന്ത്രി പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home