ad
Deshabhimani

കാൻസര്‍ മരുന്നുകൾക്ക് 50% വിലവർധന അനുവദിച്ച് നൽകി; ലഭ്യത ഉറപ്പാക്കാനെന്ന് ന്യായീകരണം

drug pricing
വെബ് ഡെസ്ക്

Published on Jun 12, 2026, 01:19 PM | 2 min read

ന്യൂഡൽഹി: രാജ്യത്ത് അത്യാവശ്യ കാൻസർ മരുന്നുകളുടെ വില 50 ശതമാനം വരെ വര്‍ധിപ്പിച്ചു. വിലനിയന്ത്രണമുള്ള രണ്ട് പ്രധാന പ്ലാറ്റിനം അധിഷ്ഠിത മരുന്നുകളുടെ പരമാവധി വില വരെ 50 ശതമാനം കൂട്ടി നൽകിയിരിക്കയാണ്. അസംസ്‌കൃത വസ്തുക്കളുടെ ആഗോള വിലയിലുണ്ടായ വർധന മൂലം മരുന്നുത്പാദനം പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് അടിയന്തര നടപടി എന്നാണ് ന്യായീകരണം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആയിരക്കണക്കിന് സാധാരണക്കാരായ കാൻസർ രോഗികൾക്ക് ഇത് ചികിത്സ ലഭിക്കാത്ത സാഹചര്യം സൃഷ്ടിക്കും.


ജൂൺ 11-ലെ സർക്കാർ വിജ്ഞാപന പ്രകാരം പ്രാബല്യത്തിൽ വന്ന പുതിയ വിലവിവരങ്ങൾ പ്രകാരം സിസ്പ്ലാറ്റിൻ (Cisplatin) എന്ന ഔഷധത്തിന് എഴ് രൂപ 26 പൈസ ഉണ്ടായിരുന്നത് പത്ത് രൂപ 89 പൈസയായി. കാർബോപ്ലാറ്റിൻ (Carboplatin) എന്ന ഔഷധത്തിന് 60.49 രൂപ ഉണ്ടായിരുന്നത് 90.74 ആയും വര്‍ധിപ്പിച്ചു. അണ്ഡാശയം, ശ്വാസകോശം, ബ്ലാഡർ തുടങ്ങിയ വിവിധ തരം കാൻസർ ചികിത്സകൾക്ക് ഏറ്റവും അത്യാവശ്യമായ കീമോതെറാപ്പി മരുന്നുകളാണിവ.

ഇന്ത്യയിലേക്ക് ആവശ്യമായ പ്ലാറ്റിനം ഭൂരിഭാഗവും ഇറക്കുമതി ചെയ്യുകയാണ് പതിവ്. പ്രധാന ഉത്പാദകരായ ദക്ഷിണാഫ്രിക്കയിലെ ആഭ്യന്തര പ്രതിസന്ധികളും പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളും കാരണം പ്ലാറ്റിനം വിതരണ ശൃംഖല തകര്‍ന്നു എന്നാണ് വിശദീകരണം. ഇതിന് കേന്ദ്ര സര്‍ക്കാര്‍ ബദൽ മാര്‍ഗ്ഗങ്ങൾ സ്വീകരിച്ചുമില്ല.


അസംസ്‌കൃത വസ്തുക്കളുടെ വില ഇരട്ടിയിലധികമായി വർധിച്ചതോടെ സിപ്ല (Cipla), ഇൻ്റാസ് (Intas), നാപ്രോഡ് ലൈഫ് സയൻസസ് തുടങ്ങിയ പ്രമുഖ കമ്പനികൾ ഈ മരുന്നുകളുടെ ഉത്പാദനം താൽക്കാലികമായി നിർത്തിവെച്ചിരുന്നു. ഇതേത്തുടർന്ന് രാജ്യത്തെ സർക്കാർ ആശുപത്രികളിൽ അടക്കം കടുത്ത മരുന്ന് ദൗർലഭ്യം നേരിടുന്നു. ഈ പശ്ചാത്തലത്തിലാണ്, 'പൊതുതാത്പര്യം' മുൻനിർത്തി എന്ന പേരിൽ വില വര്‍ധന അനുവദിച്ച് നൽകിയിരിക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കാറുള്ള ബദൽ മാര്‍ഗ്ഗ ശ്രമങ്ങൾ പോലും ഒന്നും തന്നെ ഉണ്ടായില്ല.


കാൻസർ ചികിത്സ ഇതിനകം തന്നെ സാധാരണ കുടുംബങ്ങളെ കടക്കെണിയിലാക്കുന്ന ഒന്നാണ്. സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്ന പാവപ്പെട്ട രോഗികൾക്ക് ഈ 50% വിലവർദ്ധനവ് വലിയൊരു അധിക ബാധ്യതയാകും. സർക്കാർ സഹായ പദ്ധതികളുടെയും ഇൻഷുറൻസുകളുടെയും പരിധിക്ക് പുറത്തുനിന്ന് മരുന്ന് വാങ്ങേണ്ടി വരുന്നവർക്ക് ഇത് ഇരട്ടി തിരിച്ചടിയാണ്. കീമോതെറാപ്പി കൃത്യമായ ഇടവേളകളിൽ ചെയ്യേണ്ടതാണ്. മരുന്നിന്റെ വില കൂടുന്നത് വഴി ചികിത്സ പാതിവഴിയിൽ മുടങ്ങുമോ എന്ന ഭീതിയിലാണ് പല കുടുംബങ്ങളും.


മരുന്നുകളുടെ ഉത്പാദനം പുനരാരംഭിക്കാൻ ഈ തീരുമാനം കമ്പനികളെ പ്രേരിപ്പിക്കുമെന്നാണ് നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി (NPPA)യുടെ ന്യായീകരണം. രോഗികളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ഈ വിലവർധന ഒരു താൽക്കാലിക സംവിധാനം മാത്രമായിരിക്കുമെന്ന് അവകാശപ്പെടുകയും ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home