ad
Deshabhimani

വതാരു എൻഡോ ലോകകപ്പ് ടീമിൽ നിന്ന് പരിക്കേറ്റ് പുറത്ത്; രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കലും പ്രഖ്യാപിച്ച് ജപ്പാൻ നായകൻ

japan captian

Photo Credit:AFP

വെബ് ഡെസ്ക്

Published on Jun 12, 2026, 02:21 PM | 2 min read

ടോക്കിയോ: ലോകകപ്പിലെ ജപ്പാന്റെ ആദ്യ മത്സരത്തിന് മൂന്ന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ജപ്പാൻ ക്യാമ്പിനെ ഉലച്ച് വൻ തിരിച്ചടി. കാൽപ്പാദത്തിനേറ്റ പരിക്ക് ഭേദമാകാത്തതിനെ തുടർന്ന് നായകൻ വതാരു എൻഡോ ലോകകപ്പ് ടീമിൽ നിന്ന് പുറത്തായി.


ടൂർണമെന്റിൽ നിന്ന് പിന്മാറിയതിന് തൊട്ടുപിന്നാലെ താൻ അന്താരാഷ്ട്ര കരിയർ അവസാനിപ്പിക്കുന്നതായും 33 കാരനായ ഈ ലിവർപൂൾ മിഡ്ഫീൽഡർ പ്രഖ്യാപിച്ചു. ലോകകപ്പ് ഗ്രൂപ്പ് എഫിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ നെതർലൻഡ്സിനെ നേരിടാൻ ഒരുങ്ങുന്നതിനിടയിലാണ് ജപ്പാന് അപ്രതീക്ഷിത ആഘാതമുണ്ടായത്.


പരിക്കിൽ നിന്നും പൂർണ്ണമായി മുക്തനാകാൻ കഴിയാത്തതിനെ തുടർന്ന് എൻഡോയ്ക്ക് ലോകകപ്പ് നഷ്ടമാകുമെന്ന് ഉറപ്പായതോടെ ബൊറൂസിയ മോൻചെൻഗ്ലാഡ്ബാഷിന്റെ ഷൂട്ടോ മച്ചിനോയെ ജപ്പാൻ ടീമിൽ പകരക്കാരനായി ഉൾപ്പെടുത്തിയിട്ടുണ്ട്.


ലോകകപ്പിൽ കളിക്കാൻ കഴിയാത്തതിൽ കടുത്ത നിരാശയുണ്ടെന്ന് എൻഡോ സോഷ്യൽ മീഡിയയിൽ കുറിച്ചു. എങ്കിലും നെതർലൻഡ്സ്, ടുണീഷ്യ, സ്വീഡൻ എന്നിവരടങ്ങുന്ന ഗ്രൂപ്പിൽ ജപ്പാൻ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന ആത്മവിശ്വാസം അദ്ദേഹം പങ്കുവെച്ചു. ഭാവിയിൽ ജപ്പാൻ ലോകകപ്പ് ഉയർത്തുന്ന ഒരു കാലം വരുമെന്നും ഇനി മുതൽ ഒരു സാധാരണ ആരാധകനായി താൻ ടീമിനെ പിന്തുണയ്ക്കുമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.


കഴിഞ്ഞ ഫെബ്രുവരിയിൽ ലിവർപൂളിനായി കളിക്കുന്നതിനിടയിലാണ് എൻഡോയ്ക്ക് കാൽപ്പാദത്തിന് പരിക്കേൽക്കുന്നത്. തുടർന്ന് മെയ് 31-ന് ടോക്കിയോയിൽ ഐസ്‌ലൻഡിനെതിരെയുള്ള സൗഹൃദ മത്സരത്തിൽ താരം കളിക്കളത്തിലേക്ക് തിരിച്ചെത്തിയിരുന്നു.


എന്നാൽ മത്സരത്തിന്റെ പകുതിക്ക് വെച്ച് പരിക്കിന്റെ അസ്വസ്ഥതകൾ വീണ്ടും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് മെക്സിക്കോയിലും നാഷ്‌വില്ലിലും നടന്ന ലോകകപ്പ് പരിശീലന ക്യാമ്പുകളിൽ താരം പങ്കെടുത്തുവെങ്കിലും ടൂർണമെന്റിന് ആവശ്യമായ മാച്ച് ഫിറ്റ്നസ് വീണ്ടെടുക്കാൻ സാധിച്ചില്ല.


തന്റെ കരിയറിൽ സാധ്യമായതെല്ലാം ചെയ്തതിനാൽ പരിക്കിന്റെ പേരിൽ നിരാശയില്ലെന്ന് എൻഡോ വ്യക്തമാക്കി. ഖത്തർ ലോകകപ്പിന് ശേഷം ജപ്പാൻ ടീമിനെ നയിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും ലോകകപ്പ് നേടുകയെന്നത് ലക്ഷ്യമാക്കി വളരാൻ ടീമിനെ പ്രാപ്തമാക്കാൻ കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.


2015-ൽ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച എൻഡോ ജപ്പാനായി 73 മത്സരങ്ങളിൽ ജേഴ്സിയണിഞ്ഞു. ജപ്പാൻ വൻ അട്ടിമറി വിജയങ്ങൾ വരിച്ച 2018, 2022 ലോകകപ്പുകളിൽ അദ്ദേഹം ടീമിന്റെ കരുത്തായിരുന്നു.


എൻഡോയുടെ അസാന്നിധ്യത്തിൽ പ്രതിരോധ താരം കോ ഇറ്റാകുറ ലോകകപ്പിൽ ജപ്പാനെ നയിക്കും. എൻഡോയുടെ പിന്മാറ്റം വലിയ നിരാശയാണെന്നും കടുത്ത ഉത്തരവാദിത്തത്തോടെയും നിശ്ചയദാർഢ്യത്തോടെയും താൻ നായകസ്ഥാനം ഏറ്റെടുക്കുന്നുവെന്നും ഇറ്റാകുറ പ്രതികരിച്ചു.


ലോകകപ്പിന് മുന്നോടിയായി ജപ്പാൻ നിരയെ പരിക്കുകൾ കടുത്ത രീതിയിലാണ് വേട്ടയാടുന്നത്. പ്രമുഖ വിങ്ങർ കൗരു മിറ്റോമ, മിഡ്ഫീൽഡർ തകുമി മിനാമിനോ എന്നിവരും പരിക്കിനെ തുടർന്ന് നേരത്തെ തന്നെ ലോകകപ്പ് ടീമിൽ നിന്ന് പുറത്തായിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home