ഗാലറിയിൽ ആളില്ല, ഒഴിഞ്ഞ കസേരകൾ മാത്രം; ടിക്കറ്റ് വില കൂട്ടിയ ഫിഫയ്ക്ക് ലോകകപ്പിൽ വൻ തിരിച്ചടി

Photo Credit: REUTERS
ഗ്വാഡലഹാര: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എ പോരാട്ടത്തിൽ ചെക്ക് റിപ്പബ്ലിക്കിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ദക്ഷിണ കൊറിയ തകർപ്പൻ അട്ടിമറി വിജയം സ്വന്തമാക്കിയെങ്കിലും കളം നിറഞ്ഞത് ഫിഫയുടെ ടിക്കറ്റ് കൊള്ളയ്‌ക്കെതിരെയുള്ള പ്രതിഷേധം.
ഗ്വാഡലഹാരയിലെ എസ്റ്റാഡിയോ അക്രോൺ സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ മത്സരത്തിൽ ഏഷ്യൻ കരുത്തരായ കൊറിയ മികച്ച തിരിച്ചുവരവ് നടത്തിയെങ്കിലും, ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടിക്കറ്റ് നിരക്കുകൾ കാരണം ഗാലറിയിൽ ദൃശ്യമായ ആയിരക്കണക്കിന് ഒഴിഞ്ഞ കസേരകൾ മത്സരത്തിന്റെ ആവേശം കെടുത്തി.
46,000 ശേഷിയുള്ള സ്റ്റേഡിയത്തിൽ 44,985 ടിക്കറ്റുകൾ വിറ്റഴിക്കപ്പെട്ടതായി ഫിഫ ഔദ്യോഗികമായി കണക്കുകൾ നിരത്തുമ്പോഴും കളിയിലുടനീളം സ്റ്റേഡിയത്തിന്റെ ഭൂരിഭാഗം മേഖലകളും ഒഴിഞ്ഞുകിടക്കുകയായിരുന്നു.
ഫുട്ബോൾ ചരിത്രത്തിലാദ്യമായി 48 ടീമുകൾ മാറ്റുരയ്ക്കുന്ന ലോകകപ്പിൽ സാധാരണക്കാരായ ആരാധകരെ തീർത്തും അവഗണിച്ചുകൊണ്ട് ഫിഫ നടപ്പിലാക്കിയ അമിത ടിക്കറ്റ് നിരക്കിന്റെ ആഘാതമാണ് ഇതെന്നാണ് കായിക ലോകത്തിന്റെ വിലയിരുത്തൽ.
ഫുട്ബോൾ സംസ്കാരത്തിന് പേരുകേട്ട മെക്സിക്കൻ നഗരമായ ഗ്വാഡലഹാരയിൽ പോലും ആളുകൾ സ്റ്റേഡിയത്തിൽ നിന്ന് വിട്ടുനിന്നത് ടിക്കറ്റ് നിരക്കിലെ ഈ ജനവിരുദ്ധ നയം മൂലമാണെന്ന് സ്റ്റേഡിയത്തിലെത്തിയ കാണികളും സാക്ഷ്യപ്പെടുത്തുന്നു.
അമിത ലാഭം ലക്ഷ്യമിട്ട് ഫിഫ കൊണ്ടുവന്ന 'ഡൈനാമിക് പ്രൈസിംഗ്' മോഡൽ ടൂർണമെന്റിന്റെ തുടക്കം മുതൽക്കേ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ടിക്കറ്റ് നിരക്കുകൾ ആഗോളതലത്തിലെ മറ്റ് വലിയ കായിക ഇനങ്ങൾക്ക് സമാനമാണെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ ന്യായീകരിച്ചിരുന്നെങ്കിലും, ഗ്വാഡലഹാരയിലെ ദൃശ്യങ്ങൾ ഈ വാദങ്ങളുടെ മുനയൊടിക്കുന്നതാണ്.
ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഭീമമായ തുകയാണ് ഇത്തവണ കാണികളിൽ നിന്ന് ഈടാക്കുന്നത്. മുൻപത്തെ ഖത്തർ ലോകകപ്പിനേക്കാൾ ടിക്കറ്റ് നിരക്കുകൾ കുത്തനെ കൂട്ടിയ ഫിഫയുടെ നടപടി സാധാരണക്കാരായ ഫുട്ബോൾ പ്രേമികളെ സ്റ്റേഡിയത്തിന് പുറത്താക്കുന്ന കടുത്ത 'പകൽക്കൊള്ള'യാണെന്ന് ഫുട്ബോൾ സപ്പോർട്ടേഴ്സ് യൂറോപ്പ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ആരാധക കൂട്ടായ്മകൾ കുറ്റപ്പെടുത്തി.
നിരവധി ആവശ്യക്കാരുണ്ടെന്ന് ഫിഫ അവകാശപ്പെടുമ്പോഴും ഔദ്യോഗിക റീസെയിൽ പ്ലാറ്റ്‌ഫോമിൽ മാത്രം ഒരു ലക്ഷത്തി എൺപതിനായിരത്തോളം ടിക്കറ്റുകൾ ഇപ്പോഴും വിറ്റഴിയാതെ കിടക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
ടിക്കറ്റ് നിരക്കിലെ ഈ സുതാര്യതയില്ലായ്മയും അമിതവിലയും ഒടുവിൽ വൻ രാഷ്ട്രീയ വിവാദങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. ഓൺലൈൻ ക്യൂവിലും ഫൈനൽ പേയ്‌മെന്റിലും ഫിഫ കാണിക്കുന്ന തട്ടിപ്പുകളെക്കുറിച്ച് ആരാധകരിൽ നിന്ന് കടുത്ത പരാതി ഉയർന്നതോടെ അമേരിക്കയിലെ ന്യൂയോർക്ക്, ന്യൂജേഴ്‌സി ജനപ്രതിനിധികൾ ഫിഫയുടെ ടിക്കറ്റ് വിതരണ രീതികളെക്കുറിച്ച് ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.










0 comments