നിപാ ബാധിതന്റെ ആരോഗ്യനില ഗുരുതരം; കോഴിക്കോട്ട് ആശങ്ക ശക്തം

നിപ രോഗിയെ പ്രവേശിപ്പിച്ചിരുന്ന കോഴിക്കോട് മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിൽ നിന്നുള്ള മാലിന്യങ്ങൾ പുറത്തേക് കൊണ്ടുപോകുന്ന ശുചീകരണ തൊഴിലാളികൾ | ഫോട്ടോ ബിനുരാജ്
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിപാ ബാധിച്ച് ചികിത്സയിലുള്ള രാമനാട്ടുകര സ്വദേശിയുടെ നില അതീവ ഗുരുതരം. ഐസൊലേഷൻ വാർഡിൽ വെന്റിലേറ്ററിലാണ് യുവാവ്. പ്രതിരോധ പ്രവർത്തനങ്ങളിലുള്ള മെല്ലെപ്പോക്കിൽ ജില്ല കടുത്ത ആശങ്കയിലുമാണ്.
രോഗബാധിതനായ യുവാവ് മെയ് 30 മുതൽ ജൂൺ 10 വരെ പോയ സ്ഥലങ്ങളുടെ റൂട്ട് മാപ്പും പുറത്തുവിട്ടു. പ്രധാനമായും ആശുപത്രികളിൽതന്നെയാണ് യുവാവ് പോയിട്ടുള്ളത്. അതി വിപുലമായ സമ്പർക്കപ്പട്ടികയാണ് പുറത്തുവന്നിട്ടുള്ളത്. 58 പേർ ആരോഗ്യപ്രവർത്തകരാണ്.14 ബന്ധുക്കളും അഞ്ച് സുഹൃത്തുക്കളും സമ്പർക്കപ്പട്ടികയിലുണ്ട്. സമ്പർക്കപ്പട്ടികയിലുള്ളവരിൽ രണ്ടുപേർ അതീവ അപകടസാധ്യതാ വിഭാഗത്തിലും 13 പേർ അപകടസാധ്യതാ വിഭാഗത്തിലും 62 പേർ കുറഞ്ഞ അപകടസാധ്യത വിഭാഗത്തിലുമാണ്. പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളവർ ക്വാറന്റൈനിലാണെന്ന് ജില്ലാ കലക്ടർ എം എസ് മാധവിക്കുട്ടി കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
നിപാ സ്ഥിരീകരിച്ചിട്ടും ആരോഗ്യവകുപ്പിന്റെ പ്രതിരോധപ്രവർത്തനങ്ങൾ പാളുന്നതിൽ വിമർശനവും ശക്തമാണ്. പൂണെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള പരിശോധനാഫലം വന്നതുപോലും ആരോഗ്യമന്ത്രി കെ മുരളീധരൻ അറിഞ്ഞിരുന്നില്ല. പരിശോധനാഫലം വന്നതായി കോഴിക്കോട് കലക്‌ടർ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. അതുപോലും ആരോഗ്യമന്ത്രി അറിഞ്ഞില്ല എന്നത് ജനങ്ങൾക്കിടയിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. കൂടാതെ ഇത് സംബന്ധിച്ച ചോദ്യങ്ങളോട് വിചിത്രമായ മറുപടിയാണ് ആരോഗ്യമന്ത്രി നൽകിയതും. പുതിയ കലക്ടറായതിനാലാണ് നിപാ ഫലം വന്നത് തന്നെ അറിയിക്കാതിരുന്നതെന്നും, ഇതൊന്നും വലിയ വിഷയമാക്കേണ്ട കാര്യമില്ലെന്നുമായിരുന്നു ആരോഗ്യമന്ത്രിയുടെ മറുപടി.
ചെന്നൈയിൽനിന്ന് കൂടുതൽ മരുന്നെത്തിക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞെങ്കിലും എന്നെത്തുമെന്നോ എത്ര സ്റ്റോക്കുണ്ടെന്നോ വ്യക്തതയില്ല.










0 comments