ഇന്ത്യൻ നാവികരുടെ ജീവൻ നഷ്ടപ്പെട്ടിട്ടും അമേരിക്കയോടുള്ള ലജ്ജാകരമായ വിധേയത്വം കേന്ദ്രം അവസാനിപ്പിക്കണം: പിണറായി

തിരുവനന്തപുരം: ഒമാൻ കടലിടുക്കിൽ ഇന്ത്യൻ ജീവനക്കാരുള്ള കപ്പലുകൾക്ക് നേരെ യുഎസ് സൈന്യം തുടർച്ചയായി നടത്തിയ ആക്രമണങ്ങളിൽ മൂന്ന് ഇന്ത്യൻ നാവികരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കാൻ അമേരിക്കയോട് കേന്ദ്ര സർക്കാർ ആവശ്യപ്പെടണമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ.
ഒമാൻ ഉൾക്കടലിൽ അമേരിക്കൻ സൈന്യം നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം വേദനിപ്പിക്കുന്നതാണ്. അതിനു ശേഷവും ഇന്ത്യൻ ജീവനക്കാരുള്ള മറ്റൊരു കപ്പൽ സമാനമായ രീതിയിൽ അമേരിക്കൻ സൈന്യത്താൽ ആക്രമിക്കപ്പെട്ടു. സ്വന്തം പൗരന്മാരുടെ ജീവൻ നഷ്ടപ്പെടുമ്പോഴും അമേരിക്കയോടുള്ള ലജ്ജാകരമായ വിധേയത്വം അവസാനിപ്പിച്ച് കൂടുതൽ നിശിതമായ വിമർശനത്തിനോ കർശനമായ നടപടികൾക്കോ കേന്ദ്ര സർക്കാർ ഇനിയും തയ്യാറായിട്ടില്ല.
ഈ വിഷയത്തിലുള്ള പ്രതികരണം കേവലമൊരു പ്രതിഷേധത്തിൽ മാത്രം ഒതുങ്ങാൻ പാടില്ല. പശ്ചിമേഷ്യയിലെ അമേരിക്കൻ ആക്രമണങ്ങൾ അവസാനിപ്പിക്കാനും, ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഉപരോധം പിൻവലിച്ച് സ്വതന്ത്രമായ കപ്പൽ ഗതാഗതം ഉറപ്പാക്കാനും അമേരിക്കയ്ക്ക് മേൽ ശക്തമായ സമ്മർദ്ദം ചെലുത്താൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒമാൻ തീരത്ത് ഗിനിയ- ബിസൗ പതാകയേന്തിയ എംടി ജൽവീർ എന്ന അസ്‌ഫാൽറ്റ് ടാങ്കർ കപ്പലിനെയാണ് വ്യാഴാഴ്‌ച യുഎസ് സൈന്യം ആക്രമിച്ചത്. കപ്പലിന്റെ എൻജിൻ റൂമിന് തീപിടിച്ചു. കപ്പലിലുണ്ടായിരുന്ന 20 ഇന്ത്യൻ നാവികരെയും ഒമാൻ നാവിക സേനയുടെ സഹായത്തോടെ ഷിനാസ് തുറമുഖത്തേക്ക് മാറ്റി. പലാവു പതാകയേന്തിയ എംടി സെറ്റെബെല്ലോ എന്ന എണ്ണ ടാങ്കറിന് നേരെ ഒമാൻ തീരത്തിന് സമീപം ബുധനാഴ്‌ച യുഎസ് സൈന്യം നടത്തിയ ആക്രമണത്തിലാണ് മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടത്. ഹിമാചൽ പ്രദേശ് സ്വദേശി ഡെക്ക് കേഡറ്റ് ആദിത്യ ശർമ, ചീഫ് എൻജിനീയർ ആന്ധ്രപ്രദേശ് സ്വദേശി പട്നാല സുരേഷ്, എൻജിൻ ഫിറ്റർ ശിവാനന്ദ് ചൗരസ്യ എന്നിവരാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്‌ച പലാവു പതാകയേന്തിയ എംടി മാരിവെക്‌സ് എന്ന കപ്പലിനെയും യുഎസ് ആക്രമിച്ചു.










0 comments