കെ ബി പ്രദീപിന്റെ നിയമനം സ്വർണമോഷണക്കേസ് അട്ടിമറിക്കാൻ: വി എൻ വാസവൻ

കോട്ടയം: ശബരിമല സ്വർണമോഷണക്കേസിൽ പ്രതിസ്ഥാനത്തുള്ള സ്‌മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകൻ കെ ബി പ്രദീപിനെ സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡറായി സർക്കാർ നിയമിച്ചത് സ്വർണമോഷണക്കേസ് പ്രതികൾക്ക് രക്ഷപ്പെടാൻ വേണ്ടിയാണെന്ന് മുൻ ദേവസ്വം മന്ത്രി വി എൻ വാസവൻ പറഞ്ഞു. കേസ് കുറ്റപത്രം സമർപ്പിക്കുന്നതിലേക്ക് എത്തുന്ന സമയത്ത് ഇങ്ങനെയൊരു നീക്കം കേസ് അട്ടിമറിക്കാനാണെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
കേസിലെ പ്രധാന കണ്ണികളാണ് സ്‌മാർട്ട് ക്രിയേഷൻസും അതിന്റെ ഡയറക്ടർ പങ്കജ് ഭണ്ഡാരിയും. അവർക്കു വേണ്ടി വാദിച്ചയാളാണ് കെ ബി പ്രദീപ്. സ്വർണം പൂശുന്ന പ്രവർത്തനം നടത്തുന്നവരല്ല സ്‌മാർട്ട് ക്രിയേഷൻസ് എന്നു വരെ അദ്ദേഹം വാദിച്ചിരുന്നു. അങ്ങനെയൊരാളെ സ്‌പെഷ്യൽ പ്ലീഡർ എന്നൊരു തസ്‌തിക സൃഷ്ടിച്ച് ആ സ്ഥാനത്ത് നിയോഗിച്ചത് കേസ് അട്ടിമറിക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ നടപടിയുടെ ഭാഗമാണ്. ഇത് ഭാവിയിൽ പ്രതികൾക്ക് രക്ഷപ്പെടാനുള്ള അവസരം നൽകും. അങ്ങേയറ്റം പ്രതിഷേധാർഹമാണിത്.
സെഡ് കാറ്റഗറി സുരക്ഷയുള്ള സോണിയാ ഗാന്ധിയെ കാണാനും കാപ്പ് കെട്ടിക്കൊടുക്കാനും സ്വർണക്കേസ് പ്രതികൾക്ക് എങ്ങനെ സാധിച്ചെന്ന് അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ ചോദിച്ചതിന് ഇതുവരെ കോൺഗ്രസ് മറുപടി നൽകിയിട്ടില്ല. പ്രതികളുടെ വക്കീലിനെ പ്ലീഡറാക്കിയത് ഉദ്ദിഷ്ടകാര്യസിദ്ധിക്ക് ഉപകാരസ്‌മരണ എന്ന നിലയ്‌ക്കാണെന്നും വി എൻ വാസവൻ പറഞ്ഞു.










0 comments