ad
Deshabhimani

"ഇത്ര വലിയ ഇഷ്യു ആക്കണ്ട; എനിക്ക് മെസേജ് കിട്ടിയില്ല"; നിപാ സ്ഥിരീകരണത്തിൽ കലക്ടറെ പഴിച്ച് ആരോ​ഗ്യമന്ത്രി

M S madhavikkutty K Muraleedharan

എം എസ് മാധവിക്കുട്ടി, കെ മുരളീധരൻ

വെബ് ഡെസ്ക്

Published on Jun 12, 2026, 04:22 PM | 1 min read

തിരുവനന്തപുരം: കോഴിക്കോട്ടെ യുവാവിന്റെ നിപാ രോ​ഗബാധ സ്ഥിരീകരണം അറിയാതെ പോയതിൽ ജില്ലാ കലക്ടറെ പഴിച്ച് ആരോ​ഗ്യമന്ത്രി കെ മുരളീധരൻ. പുണെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള പരിശോധനാഫലം വന്നതുപോലും അറിയാതെ മന്ത്രി വാർത്താസമ്മേളനം നടത്തിയത് സർക്കാരിനാകെ നാണക്കേടായിരുന്നു. ഇത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോടായിരുന്നു മുരളീധരന്റെ പ്രതികരണം.


"പുതിയ കലക്ടറാണ്, മന്ത്രിയെ അറിയിച്ചിട്ട് വേണം പരിശോധനാ ഫലം പുറത്തുപറയേണ്ടത് എന്ന കാര്യം അവർ ഓർത്തില്ല. ആറ് മണിക്കാണ് എനിക്ക് മെസേജ് കിട്ടുന്നത്. ഞാൻ വാർത്താസമ്മേളനം നടത്തുമ്പോൾ രോ​ഗബാധ സ്ഥിരീകരിച്ചെന്ന റിപ്പോർട്ട് ലഭിച്ചിട്ടില്ല. അത് ഇത്ര വലിയ ഇഷ്യു ആക്കണ്ട"- മുരളീധരൻ പറഞ്ഞു.


ഉച്ചയ്ക്ക് തന്നെ പുണെയിൽ നിന്ന് രോഗബാധ സ്ഥിരീകരിച്ചതായുള്ള റിപ്പോർട്ട് വന്നിരുന്നുവെന്നാണ് കഴിഞ്ഞദിവസം ജില്ലാ കലക്ടർ എം എസ് മാധവിക്കുട്ടി പറഞ്ഞത്. പുണെയിൽ നിന്നുള്ള ഫലം വന്നില്ലെന്ന് വൈകുന്നേരം ആരോ​ഗ്യമന്ത്രി പറഞ്ഞതിന് പിന്നാലെയായിരുന്നു ജില്ലാ കലക്ടറുടെ വാർത്താ സമ്മേളനം. സൂക്ഷ്‌മതലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ അനിവാര്യമായിരിക്കെ സർക്കാരിന്റെ ഏകോപനമില്ലായ്‌മയാണ്‌ മന്ത്രിയുടെ നിരുത്തരവാദപരമായ പ്രസ്‌താവനയിൽ വെളിവായത്‌.


രോ​ഗപ്രതിരോധത്തിനായി സർക്കാർ തലത്തിൽ കാര്യമായ ഇടപെടൽ നടത്താത്തതിൽ ജനങ്ങൾക്കിടയിൽ ആശങ്ക ശക്തമാണ്. രോ​ഗബാധ സ്ഥിരീകരിച്ച് മൂന്ന് ദിവസമായിട്ടും ഒരു മന്ത്രിപോലും കോഴിക്കോട്ട് എത്തിയിട്ടില്ല. തിരുവനന്തപുരത്ത്‌ മന്ത്രിയുടെ ഓഫീസിൽ അവലോകന യോഗം നടത്തിയതും വിമർശത്തിനിടയാക്കി. മുന്പ്‌ രണ്ടുതവണ നിപാ കണ്ടെത്തിയപ്പോഴും അന്നത്തെ ആരോഗ്യമന്ത്രിമാർ അതാതിടത്ത്‌ നേരിട്ടെത്തി ഉന്നതതലയോഗം ചേർന്നിരുന്നു. ചെന്നൈയിൽനിന്ന്‌ കൂടുതൽ മരുന്നെത്തിക്കുമെന്ന്‌ ആരോഗ്യമന്ത്രി പറഞ്ഞെങ്കിലും എന്നെത്തുമെന്നോ എത്ര സ്റ്റോക്കുണ്ടെന്നോ വ്യക്തതയില്ല.


മുൻപ്, നിപാ ഭീതി ഉണ്ടായഘട്ടത്തിൽ കണ്ടെയ്‌ൻമെന്റ്‌ സോൺ നിശ്‌ചയിക്കുന്നതിലടക്കം മന്ത്രിമാരായ കെ കെ ശൈലജയും വീണാ ജോർജും പങ്കാളികളായത്‌ ആരോഗ്യപ്രവർത്തകർക്ക്‌ ആത്മവിശ്വാസമേകിയിരുന്നു. എൽഡിഎഫ്‌ സർക്കാരിന്റെ മികച്ച മാതൃക മുമ്പിലുള്ളപ്പോഴാണ്‌ പുതിയ ആരോഗ്യമന്ത്രി കഴിവുകേട്‌ പ്രകടമാക്കിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home