print edition ജാഗ്രതയാണ് പ്രധാനം

ഡോ. ബിനു ബ്രൈറ്റ്
Published on Oct 24, 2026, 01:52 AM | 2 min read
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ലോകമെമ്പാടും പ്രതിവർഷം 44 ലക്ഷത്തോളം ആളുകളാണ് അപകടങ്ങൾമൂലം മരിക്കുന്നത്. റോഡപകടങ്ങൾ, ഉയരത്തിൽനിന്നുള്ള വീഴ്ച, പൊള്ളൽ, മുങ്ങിമരണം തുടങ്ങിയവയാണ് ഇതിൽ പ്രധാനം. അപകടങ്ങൾ തടയുക, കൃത്യസമയത്ത് അടിയന്തര സഹായമെത്തിക്കുക എന്നിവ സമൂഹത്തിലെ എല്ലാവരുടെയും കടമയാണ്.
അപകടത്തിൽപ്പെട്ട ഒരാളെ ആശുപത്രിയിൽ എത്തിക്കുന്നതിന് മുന്പ് നമുക്ക് എന്ത് ചെയ്യാൻ കഴിയും എന്നതിലാണ് പ്രസക്തി.
ചെറുപ്പക്കാർക്കിടയിൽ മരണത്തിനും വൈകല്യത്തിനും പ്രധാന കാരണങ്ങളിലൊന്ന് റോഡപകടങ്ങളാണ്. അമിതവേഗം, ശ്രദ്ധയില്ലാത്ത ഡ്രൈവിങ്, മദ്യപിച്ചുള്ള വാഹനമോടിക്കൽ, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ എന്നിവ ജീവനുകൾ അപകടത്തിലാക്കുന്നു. മദ്യപിച്ച് വാഹനമോടിച്ച് അപകടങ്ങൾ സൃഷ്ടിക്കുന്നവരുടെ എണ്ണം കേരളത്തിൽ വർധിച്ചുവരികയാണ്.
ഇരുചക്രവാഹനയാത്രയിൽ കൃത്യമായ അളവിലുള്ള ഹെൽമറ്റ് തലയിൽ ഉറപ്പിച്ചു ധരിക്കുക. കാറിലുള്ള എല്ലാവരും സീറ്റ് ബെൽറ്റ് ഉപയോഗിക്കണം. റോഡ് മുറിച്ചുകടക്കുമ്പോഴും വാഹനമോടിക്കുമ്പോഴും അതീവ ജാഗ്രത വേണം. മൊബൈൽ ഫോൺ ഉപയോഗിക്കരുത്.
അപകടങ്ങൾ വീടിനുള്ളിലും
വീടിനുള്ളിലും പരിസരങ്ങളിലും അപകടസാധ്യത ഏറെയാണ്. പ്രായമായവരിൽ വീഴ്ചകൾ ഇടുപ്പെല്ല് പൊട്ടുന്നതിനും തലച്ചോറിന് പരിക്കേൽക്കുന്നതിനും കാരണമാകുന്നു. വഴുവഴുപ്പുള്ള ശുചിമുറി തറകൾ, വെളിച്ചക്കുറവുള്ള പടവുകൾ എന്നിവ അപകടസാധ്യത കൂട്ടുന്നു. ബാത്ത്റൂമുകളിൽ പിടിവള്ളികൾ ഘടിപ്പിക്കുന്നതും വെളിച്ചം ഉറപ്പാക്കുന്നതും വീഴ്ചകൾ തടയും.
മരുന്നുകൾ, ക്ലീനിങ് ലോഷനുകൾ, വിഷവസ്തുക്കൾ എന്നിവ കുട്ടികൾക്ക് എത്താത്തിടത്ത് സൂക്ഷിക്കുക. വെള്ളം, തീ, ചൂടുള്ള പാത്രങ്ങൾ എന്നിവയ്ക്ക് സമീപം കുട്ടികളെ തനിച്ചാക്കരുത്. തൊഴിലിടങ്ങളിൽ സുരക്ഷാ ഉപകരണങ്ങൾ ധരിക്കാനും മാനദണ്ഡങ്ങൾ പാലിക്കാനും ശ്രദ്ധിക്കുക.
അപകടം കണ്ടാൽ
അപകടം നടന്ന് ആദ്യ മിനിറ്റുകൾ പ്രധാനമാണ്. അപകടം ശ്രദ്ധയിൽപെട്ടാൽ പരിഭ്രാന്തരാകാതെ ഉണർന്നു പ്രവർത്തിക്കുക. ഗുരുതരമായി പരിക്കേറ്റ ഒരാളെ സംബന്ധിച്ച് ആദ്യത്തെ ഒരു മണിക്കൂർ (Golden Hour) നിർണായകമാണ്. അപകടം തിരിച്ചറിയാനും ഉടനടി ആംബുലൻസ് വിളിച്ച് രോഗിയെ ആശുപത്രിയിലെത്തിക്കാനും വൈകുന്ന ഓരോ മിനിറ്റും അപകടസാധ്യത കൂട്ടുന്നു.
അടിയന്തര സേവനങ്ങൾക്കായി 112ലേക്ക് അല്ലെങ്കിൽ ആംബുലൻസിനായി 108ലേക്ക് വിളിക്കുക. അപകടം നടന്ന സ്ഥലം, പരിക്കേറ്റവരുടെ എണ്ണം, അവരുടെ അവസ്ഥ എന്നിവ വ്യക്തമായി പറയുക. പായുന്ന വാഹനങ്ങൾക്കിടയിലേക്കോ തീയുള്ള സ്ഥലത്തേക്കോ എടുത്തുചാടരുത്. പരിക്കേറ്റയാൾ പ്രതികരിക്കുന്നുണ്ടോ എന്ന് നോക്കുക. ശ്വാസമെടുക്കുന്നില്ലെങ്കിൽ സിപിആർ (CPR) നൽകുക.
മിതമായ രക്തസ്രാവമുണ്ടെങ്കിൽ വൃത്തിയുള്ള ഒരു തുണി ഉപയോഗിച്ച് മുറിവിനു മുകളിൽ ശക്തമായി അമർത്തിപ്പിടിക്കുക.
തലയ്ക്കോ കഴുത്തിനോ നട്ടെല്ലിനോ പരിക്കുണ്ടെന്ന് സംശയമുണ്ടെങ്കിൽ ആളെ അനാവശ്യമായി അനക്കരുത്. ബൈക്ക് യാത്രക്കാരുടെ ഹെൽമറ്റ് ബലമായി അഴിച്ചുമാറ്റാനോ ഒടിഞ്ഞ കൈകാലുകൾ നിവർത്താനോ ശ്രമിക്കരുത്.
ബോധമുള്ള, സംസാരിക്കുന്ന ഒരാൾക്കുപോലും ഗുരുതരമായ ആന്തരിക പരിക്കുകൾ ഉണ്ടായേക്കാം. വീഴ്ചയ്ക്കോ ശക്തമായ പ്രഹരത്തിനോ ശേഷം ഉണ്ടാകുന്ന ആന്തരിക രക്തസ്രാവം ഉടനടി പുറത്തറിയണമെന്നില്ല. ബോധക്ഷയം, ഛർദി, ശ്വാസതടസ്സം, കഠിന വേദന, വിളറിയ ചർമം എന്നിവ കണ്ടാൽ ഉടൻ വൈദ്യപരിശോധന തേടണം. പുറമെ മുറിവുകളില്ലെങ്കിലും വലിയ അപകടത്തിൽപ്പെട്ടവരെ ഉടൻആശുപത്രിയിലെത്തിക്കുന്നതാണ് സുരക്ഷിതം.









0 comments