മരച്ചീനിയിൽനിന്ന് മികച്ച ജൈവ കീടനാശിനിയും

പ്രതീകാത്മക ചിത്രം
മലപ്പട്ടം പ്രഭാകരന്‍
Published on Oct 03, 2025, 03:56 AM | 2 min read
വിളകളെ ബാധിക്കുന്ന വിവിധ കീടങ്ങളെ നശിപ്പിക്കാനുള്ള ജൈവ കീടനാശിനികൾക്ക് വിപണിയിൽ പ്രിയം ഏറെയാണ്. തിരുവനന്തപുരം ശ്രീകാര്യത്തെ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിലെ ശാസ്‌ത്രജ്ഞർ സമീപകാലത്ത് മരച്ചീനിയിൽനിന്ന് വികസിപ്പിച്ച ജൈവകീടനാശിനി വിപണിയിലേക്ക് എത്തുകയാണ്.
എല്ലാവിധ പരീക്ഷണ നിരീക്ഷണങ്ങള്‍ക്കുശേഷം ഇത് അംഗീകൃത ജൈവ കീടനാശിനിയായി ഉപയോഗിക്കാനുള്ള അംഗീകാരവും ലഭിച്ചുകഴിഞ്ഞു. മരച്ചീനി കിഴങ്ങിന്റെ തൊലിയില്‍നിന്നും ഇലയില്‍നിന്നുമാണ് ഈ കീടനാശിനികള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ഇവ രണ്ടിലും അടങ്ങിയ ‘സൈനോ ഗ്ലൂക്കോ സൈഡിന്റെ' സാന്നിധ്യം വഴി ഉണ്ടാക്കുന്നതാണ് ഈ കീടനാശിനി. നിര്‍മിതിക്കുശേഷമുള്ള അവശിഷ്ടങ്ങള്‍ ബയോഗ്യാസ് പ്ലാന്റില്‍ ഇന്ധനമായും പ്രയോജനപ്പെടുത്താനാകും.
മേന്മ, നന്മ, ശ്രേയ, ശക്തി എന്നീ വാണിജ്യ നാമങ്ങളിലാണ് ഇതറിയപ്പെടുന്നത്. ‘ഹൈഡ്രജന്‍ സയനൈഡ്' ഘടകത്തില്‍ നിന്നാണ് മേന്മ എന്ന കീടനാശിനി വികസിപ്പിച്ചെടുത്തത്. ‘നന്മ'യാകട്ടെ ഇതില്‍ അടങ്ങിയ പൊട്ടാസ്യം സാന്നിധ്യത്തെയും പ്രയോജനപ്പെടുത്തി നിര്‍മിച്ചതും. ചില കീടങ്ങളുടെ സംരക്ഷണ കവചങ്ങള്‍ നശിപ്പിക്കാനുള്ള ഘടകങ്ങള്‍ ചേര്‍ത്ത് തയ്യാറാക്കുന്നതാണ് ‘ശ്രേയ’. വിളകളെ ആക്രമിക്കുന്ന പാല്‍ ഊറ്റിക്കുടിക്കുന്ന കീടങ്ങളെ നശിപ്പിക്കാനുള്ള തരത്തില്‍ രൂപകൽപ്പന ചെയ്തതാണ് ‘ശക്തി'.
ഉപയോഗരീതി
മേന്മയും നന്മയും ഉപയോഗിച്ച് വാഴയിലെ പിണ്ടിപ്പുഴുവിനെയും വാഴയുടെ ഇല തിന്നുന്ന രോമപ്പുഴുവിനെയും മാണപ്പുഴുവിനെയും തടയാനുള്ള പരീക്ഷണം ഏറെ വിജയകരമാണ്. പിണ്ടിപ്പുഴുവിനെ തടയാന്‍ വാഴ നട്ട് നാല് മുതല്‍ ആറ് മാസംവരെയുള്ള പ്രായത്തില്‍ തടയില്‍ സിറിഞ്ച് ഉപയോഗിച്ച് കുത്തിവയ്‌ക്കുക. രോമപ്പുഴുക്കളെ തടയാന്‍ 10 മല്ലീലിറ്റർ ‘നന്മ' ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിച്ചു കൊടുത്താല്‍ മതി.
മറ്റ് വിളകളില്‍ ഉള്‍പ്പെടെ കാണപ്പെടുന്ന വെള്ള കവചമുള്ള മീലിമുട്ട, വെള്ളീച്ച എന്നിവയെയും, മറ്റ് ശല്‍ക്ക കീടങ്ങളെയും തടയാന്‍ ‘ശ്രേയ' 7 മുതല്‍ 10 മില്ലീലിറ്റർ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിക്കുക. മാണപ്പുഴുവിനെ തടയാന്‍ ഒരു കിലോഗ്രാം പച്ച ചാണകം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയ കുഴമ്പില്‍ 200 മില്ലീലിറ്റർ ‘മേന്മ' ചേര്‍ത്ത് നന്നായി ഇളക്കി മാണത്തില്‍ പുരട്ടി മൂന്ന് ദിവസം തണലില്‍ ഉണക്കിയ ശേഷം നടുക.
വീണ്ടും 14 ദിവസത്തിനുശേഷം 20 മില്ലീലിറ്റർ ‘നന്മ' ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി വാഴയുടെ ചുവട്ടില്‍ ഒഴിച്ചുകൊടുക്കുകയും വേണം. എല്ലാ വിളകളിലെയും ചാറ് ഊറ്റിക്കൂടിക്കുന്ന കീടങ്ങളെ നശിപ്പിക്കാന്‍ ‘ശക്തി' 20 മില്ലീലിറ്റർ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിക്കുക.









0 comments