എബോള വീണ്ടുമെത്തുമ്പോൾ

ഡോ. എം. മുഹമ്മദ് ആസിഫ്
Published on May 22, 2026, 09:39 AM | 2 min read
മധ്യആഫ്രിക്കയിൽ വീണ്ടുമുണ്ടായ എബോള വൈറസ് വ്യാപനം ലോകാരോഗ്യരംഗത്തെ ആശങ്കയിലാഴ്‌ത്തുകയാണ്. കോംഗോയിലും അയൽരാജ്യമായ ഉഗാണ്ടയിലുമായി പൊട്ടിപ്പുറപ്പെട്ട പകർച്ചവ്യാധി തടയാൻ ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. 2014-ലും 2019ലും എബോളയ്ക്കെതിരെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഡൽഹിയിൽ നടത്താനിരുന്ന ഇന്ത്യ–ആഫ്രക്ക ഉച്ചകോടിയും മാറ്റിവച്ചു. മരണനിരക്ക് കൂടുതലുള്ള ഈ രോഗം അതിവേഗം വ്യാപിക്കാനുള്ള സാധ്യതയുള്ളതിനാൽ ലോകരാജ്യങ്ങൾ ജാഗ്രത ശക്തമാക്കി. ഇത്തവണ രോഗം ആദ്യം സ്ഥിരീകരിച്ചതും രോഗവ്യാപനം കൂടുതലായി കണ്ടെത്തിയിരിക്കുന്നതും കോംഗോയിലെ കിഴക്കൻ പ്രവിശ്യയായ ഇറ്റൂരിയിലെ ഖനന മേഖലയിലാണ്. എബോളയുടെ ബുന്ദിബുഗ്യോ (Bundibugyo) എന്ന വകഭേദമാണ് സ്ഥിരീകരിച്ചത്.
മൃഗങ്ങളിൽനിന്ന് എത്തിയ ഭീഷണി
എബോള വൈറസ് രോഗം ആദ്യമായി തിരിച്ചറിഞ്ഞത് 1976-ൽ കോംഗോയിലായിരുന്നു. രോഗബാധ കണ്ടെത്തിയ പ്രദേശം എബോള നദിക്ക് സമീപമായിരുന്നതിനാലാണ് ആ പേര് ലഭിച്ചത്. അതേ വർഷം സുഡാൻ മേഖലയിലും സമാന രോഗബാധ റിപ്പോർട്ട് ചെയ്‌തു. ഇതുവരെ ആഫ്രിക്കൻ രാജ്യങ്ങളിൽ ഇരുപതിലധികം എബോള വ്യാപനം പല കാലങ്ങളിലായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വന്യജീവികളിൽനിന്നുള്ള വൈറസ് മനുഷ്യരിലേക്ക് പകരുകയും തുടർന്ന് മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് അതിവേഗം വ്യാപിക്കുകയും ചെയ്യുന്നതാണ് ഏറ്റവും വലിയ ഭീഷണി. വലിയ പഴംതീനി വവ്വാലുകളെയാണ് വൈറസിന്റെ സ്വാഭാവിക സ്രോതസ്സുകളായി സംശയിക്കുന്നത്. ചിംപാൻസി, ഗൊറില്ല തുടങ്ങിയ ആൾക്കുരങ്ങുകൾ, കാട്ടുമാൻപോലുള്ള വന്യമൃഗങ്ങൾ, വവ്വാലുകൾ തുടങ്ങിയവ മനുഷ്യരിലേക്കുള്ള വൈറസ് വ്യാപനത്തിൽ പങ്കുവഹിച്ചിരിക്കാം. വൈറസ് വാഹകരും ബാധിതവുമായ വന്യമൃഗങ്ങളെ വേട്ടയാടുക, അവയുടെ മാംസം കൈകാര്യം ചെയ്യുക, രോഗബാധിത മൃഗങ്ങളുടെ ശരീരദ്രവങ്ങൾ എന്നിവയുമായി സമ്പർക്കത്തിൽ വരിക എന്നിവയിലൂടെയാണ് രോഗം ആദ്യമായി മനുഷ്യരിലേക്ക് പടർന്നത്. രോഗബാധിതരുടെ രക്തം, ഉമിനീര്, ഛർദി, മറ്റ് ശരീരസ്രവങ്ങൾ എന്നിവയുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് വൈറസ് പ്രധാനമായും മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പകരുന്നത്. രോഗബാധിതരായവരുടെ മൃതദേഹത്തിൽപ്പോലും ഏകദേശം ഒരാഴ്ചയോളം സജീവമായി നിലനിൽക്കാനും രോഗപ്പകർച്ച ഉണ്ടാക്കാനുമുള്ള ശേഷി ഈ വൈറസിനുണ്ട്.
കീഴടക്കുന്നത്
മനുഷ്യശരീരത്തിൽ പ്രവേശിക്കുന്ന എബോള വൈറസ് ആദ്യം ലക്ഷ്യമിടുന്നത് രോഗപ്രതിരോധ കോശങ്ങളെയാണ്. പ്രതിരോധ സംവിധാനത്തെ നിഷ്ക്രിയമാക്കിയശേഷം ശരീരമാകെ നിയന്ത്രണമില്ലാതെ പെരുകുന്ന വൈറസ്, രക്തക്കുഴലുകളുടെ ഉൾഭിത്തികളെ പിന്നീട് ആക്രമിക്കും. ഇതോടെ രക്തക്കുഴലുകളുടെ സ്വാഭാവിക ഘടന തകരുകയും ശരീരത്തിനകത്തും പുറത്തും മാരകമായ രക്തസ്രാവം ആരംഭിക്കുകയും ചെയ്യും. രക്തം കട്ടപിടിക്കുന്ന സംവിധാനം തകരാറിലാകുന്നതും കരൾ, വൃക്ക തുടങ്ങിയ പ്രധാന അവയവങ്ങളിലെ കോശങ്ങൾ നശിക്കുന്നതും സ്ഥിതി കൂടുതൽ വഷളാക്കും. ഒടുവിൽ രക്തസമ്മർദം ക്രമാതീതമായി താഴുകയും ആന്തരിക അവയവങ്ങൾ ഒന്നൊന്നായി പ്രവർത്തനരഹിതമാകുകയും ചെയ്യും.
രോഗത്തിന് കാരണമാകുന്നത് എബോള വൈറസ് ജനുസിൽപ്പെടുന്ന വിവിധ വൈറസ് വകഭേദങ്ങളാണ്. ഇതിൽ മനുഷ്യരിൽ ഗുരുതര രോഗബാധ സൃഷ്ടിക്കുന്ന നാല് പ്രധാന വകഭേദങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. അവയിൽ ഏറ്റവും അപകടകാരി സയർ എബോള വൈറസ് വകഭേദമാണ്.
ബുന്ദിബുഗ്യോ വൈറസ് വകഭേദം വഴി മനുഷ്യരിൽ രോഗബാധ റിപ്പോർട്ട് ചെയ്യുന്നത് ചരിത്രത്തിൽ ഇത് മൂന്നാമത്തെ തവണയാണ്. 2007ൽ ഉഗാണ്ടയിലെ ബുന്ദിബുഗ്യോ മേഖലയിൽ പടർന്ന രക്തസ്രാവത്തോടുകൂടിയ പനിബാധയെത്തുടർന്നാണ് ഈ വൈറസ് വകഭേദം ആദ്യമായി തിരിച്ചറിയുന്നത്. സസ്തനി വിഭാഗമായ ആൾക്കുരങ്ങുകളെയും അതീവ മാരകമായി ബാധിക്കുന്ന വൈറസാണ് എബോള.
മരുന്നും വാക്സിനും
ഒരുകാലത്ത് കൃത്യമായ പ്രതിവിധിയില്ലാതിരുന്ന എബോളയെ ചെറുക്കാൻ ഇന്ന് ഫലപ്രദമായ വാക്സിനുകളും മരുന്നുകളും വികസിപ്പിച്ചെടുത്തിട്ടുണ്ട്. എബോള സയർ വകഭേദത്തിനെതിരെ നൽകുന്ന "എർവെബോ' എന്ന വാക്സിൻ രോഗപ്രതിരോധരംഗത്തെ വലിയൊരു മുന്നേറ്റമാണ്. രോഗികളുമായി സമ്പർക്കത്തിൽ വരുന്നവരിലേക്ക് രോഗം പടരാതിരിക്കാൻ "റിങ് വാക്സിനേഷൻ' രീതിയിലാണ് ഇത് പ്രധാനമായും നൽകുന്നത്. ഉയർന്ന രോഗസാധ്യതയുള്ളവർക്കായി "ഷാബ്ഡെൻ', "മവ്ബിയോ' തുടങ്ങിയ വാക്സിനുകളും ലഭ്യമാണ്. രോഗബാധിതരുടെ ചികിത്സയ്ക്കായി വൈറസിനെതിരെ നേരിട്ട് പോരാടുന്ന മോണോക്ലോണൽ ആന്റിബോഡി മരുന്നുകളും ഇന്ന് ഉപയോഗിക്കുന്നുണ്ട്. രോഗബാധയുടെ പ്രാരംഭഘട്ടത്തിൽത്തന്നെ ഈ മരുന്നുകൾ നൽകിയാൽ മരണനിരക്ക് വലിയതോതിൽ കുറയ്ക്കാനാകും. ബുന്ദിബുഗ്യോ ഉൾപ്പെടെയുള്ള മറ്റ് വകഭേദങ്ങൾക്കെതിരെ പൂർണ സംരക്ഷണം നൽകുന്ന വാക്സിനുകൾക്കായുള്ള ഗവേഷണങ്ങൾ പുരോഗമിക്കുന്നു.
(മൃഗസംരക്ഷണവകുപ്പ് വെറ്ററിനറി സർജനാണ് ലേഖകൻ)










0 comments