നേപ്പാള്‍ പ്രളയം: ഇന്ത്യൻ എംബസി ഹെൽപ്പ് ലൈൻ തുറന്നു, ബീഹാറിലും യുപിയിലും ജാഗ്രതാനിർദേശം

ന്യൂഡൽഹി: നേപ്പാളിൽ മിന്നൽ പ്രളയമുണ്ടായതിന് പിന്നാലെ ഇന്ത്യയിലും ജാഗ്രതാ നിർദേശം. നേപ്പാളിലെ പ്രളയസാഹചര്യം മുൻനിർത്തി അയൽ സംസ്ഥാനങ്ങളായ ബീഹാറിലും ഉത്തർപ്രദേശിലുമാണ് കടുത്ത ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. ഇരു സംസ്ഥാനങ്ങളിലും സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗങ്ങൾ ചേർന്നു.
ഇന്ത്യക്കാരെ സഹായിക്കുന്നതിനായി നേപ്പാളിലെ ഇന്ത്യൻ എംബസി ഹെൽപ്പ് ലൈൻ നമ്പറുകൾ (+977 985 131 6807, +977 970 910 7500) തുറന്നു.
അയൽരാജ്യമായ നേപ്പാളിന് ആവശ്യമായ അടിയന്തര ദുരിതാശ്വാസ സാമഗ്രികൾ ഉടൻ എത്തിച്ചുനൽകുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
നേപ്പാളിലെ റസുവ ജില്ലയിൽ ടിബറ്റ് അതിർത്തിയോട് ചേർന്ന് ഭോട്ടെ കോശി നദിയിലുണ്ടായ ശക്തമായ മിന്നൽപ്രളയത്തിൽ 17 പേർ മരിച്ചതായാണ് റിപ്പോർട്ട്. പ്രളയത്തിൽ 105 ഇന്ത്യക്കാർ ഉൾപ്പെടെ നാനൂറോളം പേരെ കാണാതാവുകയും ചെയ്തു. ടിബറ്റ് അതിർത്തിയോട് ചേർന്നുള്ള തിമുറെ , സ്യാപ്രൂ ബെസി പ്രദേശങ്ങളെയാണ് പ്രളയം രൂക്ഷമായി ബാധിച്ചത്. പ്രളയത്തിനൊപ്പം മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്.
കാണാതായവരിൽ 32 പോലീസുകാരും 25 തീർത്ഥാടകരും ഉൾപ്പെടുന്നു. നേപ്പാൾ ടൂറിസം ബോർഡിന്റെ കണക്കുകൾ പ്രകാരം പ്രളയബാധിത മേഖലയിലുണ്ടായിരുന്ന വിനോദസഞ്ചാരികളുമായി നിലവിൽ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. ഇതിനിടെ അപകടത്തിൽപ്പെട്ട 12 പേരെ ഹെലികോപ്റ്ററിൽ സുരക്ഷിതമായി രക്ഷപ്പെടുത്തിയിട്ടുണ്ട്.
നേപ്പാളിലെ ദുരന്തബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ബുധനാഴ്ച രാവിലെ ഒൻപതുമണിയോടെ ടിബറ്റിൽ നിന്നുള്ള ഭോട്ടെ കോഷി നദിയിൽ വലിയതോതിൽ ജലനിരപ്പുയരുകയും വെള്ളം ഇരച്ചെത്തുകയുമായിരുന്നു. നദിതീരത്തെ ഗ്രാമങ്ങളെല്ലാം വെള്ളത്തിനടിയിലായി.
രക്ഷാപ്രവർത്തനത്തിനായി സൈനിക ഹെലികോപ്റ്ററുകളടക്കം എത്തിയിട്ടുണ്ട്.









0 comments