വംശീയ വിവേചനത്തിൽ ആശങ്ക; യുഎൻ റിപ്പോർട്ടിൽ ഇന്ത്യയ്ക്ക് വിമർശനം

ന്യൂഡൽഹി: ഇന്ത്യയിൽ വംശീയ വിവേചനവും മനുഷ്യാവകാശ ലംഘനങ്ങളും നടക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ വംശീയ വിവേചന നിർമാർജന സമിതി (സിഇആർഡി). രാജ്യത്തെ ആദിവാസികൾ, പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾ, ദളിതർ തുടങ്ങിയവർക്കെതിരേ നിയമപാലകർ വ്യാപകമായ കടന്നുകയറ്റങ്ങൾ നടത്തുന്നുണ്ടെന്നും ഇതിൽ ഇന്ത്യ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും സിഇആർഡിയുടെ റിപ്പോർട്ടിൽ പറയുന്നു. 2007ന് ശേഷം ആദ്യമായാണ് ഇന്ത്യയെക്കുറിച്ച് സിഇആർഡിയുടെ അവലോകനം പുറത്തിറക്കുന്നത്.
റോഹിംഗ്യകൾ, ബംഗാളി സംസാരിക്കുന്ന മുസ്‌ലിംവിഭാഗങ്ങൾ, കുടിയേറ്റക്കാർ, അഭയാർഥികൾ എന്നിവരെ ലക്ഷ്യമിട്ട് ഇന്ത്യയിൽ നിയമപാലകരുടെ നടപടികൾ വർധിച്ചെന്നാണ് റിപ്പോർട്ട്. സിഇആർഡിയുടെ റിപ്പോർട്ടിലെ ഇന്ത്യയെ കുറിച്ചുള്ള ഭാഗത്തിലാണ് പട്ടിക ജാതി- വർഗ വിഭാഗങ്ങൾ, ദളിതർ, ആദിവാസികൾ, വിവിധ വംശീയ മത വിഭാഗങ്ങൾ എന്നിവർക്കെതിരേ നിയമപാലകർ നടത്തുന്ന
മനുഷ്യാവകാശ ലംഘനങ്ങളിൽ സമിതി ആശങ്ക രേഖപ്പെടുത്തിയത്. വംശീയവിദ്വേഷം, അക്രമം, ബലപ്രയോഗം, കൊലപാതകം, ആവശ്യമായ നിയമനടപടികളില്ലാതെ ദീർഘകാല തടങ്കൽ, പീഡനം, മോശമായ പെരുമാറ്റം, ലൈംഗിക അതിക്രമം തുടങ്ങിയവ ഉൾപ്പെടെ ഗുരുതരമായ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് സമിതി ചൂണ്ടിക്കാട്ടി.
എന്നാൽ സമിതിയുടെ പരാമർശങ്ങൾ രാഷ്ട്രീയപ്രേരിതവും ദുരുദ്ദേശ്യപരവുമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രസ്താവന പറഞ്ഞു.









0 comments